ഇടുക്കി: എട്ടു കൊല്ലം വൈകിയോടുന്ന പള്ളിവാസല്‍ പദ്ധതി വീണ്ടും സാങ്കേതിക കുരുക്കില്‍. കരാറെടുത്ത് പണി തുടങ്ങാത്തതാണ് പദ്ധതിയെ വീണ്ടും കുഴപ്പത്തിലാക്കിയത്. 2018 നവംബറില്‍ 70.45 കോടി രൂപയ്ക്കു പദ്ധതി റീ ടെന്‍ഡര്‍ ചെയ്തപ്പോള്‍, ആരും കരാര്‍ സമര്‍പ്പിച്ചിരുന്നില്ല.
പിന്നീട് കെഎസ്ഇബിയുടെ തിരുവനന്തപുരം ഓഫീസ് ഇടപെട്ട്, നിര്‍ദ്ദിഷ്ട ജോലി ചെറിയ ഭാഗങ്ങളായി വിഭജിച്ച് ടെന്‍ഡര്‍ വിളിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ആ നിര്‍ദേശം അട്ടിമറിച്ച് സിവില്‍, പെന്‍സ്റ്റോക്ക് ജോലികള്‍ ഒരു പാക്കേജായി 59.21 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചെന്ന് കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സൈറ്റില്‍ ഒരു പണിയും തുടങ്ങിയിട്ടില്ല. പവര്‍ഹൗസിലെയും, സ്വിച്ച് യാര്‍ഡിലെയും, ഇലക്ട്രോ-മെക്കാനിക്കല്‍ ജോലികളുടെ ടെന്‍ഡര്‍ പൂര്‍ത്തീകരിക്കാത്തത് അപകടകരവുമാണ്.
പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഇത് 11.24 കോടിയുടെ ജോലിയാണ്. തുക തീര്‍ത്തും അപര്യാപ്തമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2010ല്‍ ഇറക്കുമതി ചെയ്ത ജനറേറ്ററുകളും, അനുബന്ധ യന്ത്രങ്ങളും സൈറ്റില്‍ കിടന്ന് തുരുമ്പു
പിടിച്ചു നശിക്കുന്നു. 11 കോടി കൊണ്ട് പവര്‍ഹൗസിലെയും, സ്വിച്ച്യാര്ഡിലെയും ബാക്കി ജോലികള്‍ ചെയ്തുതീര്‍ക്കാനാവില്ല. 200 കോടിയുടെ മൂല്യമുള്ള ജനറേറ്ററുകളും ട്രാന്സ്ഫോര്മറുകളുമാണ് നശിക്കുന്നത്. സംരക്ഷണ നടപടി കടലാസിലൊതുങ്ങി.
ഇതിനിടെ, പഴയ പവര്‍ഹൗസിന്റെ പമ്പ് ഹൗസ് 23 കോടി രൂപ മുടക്കി പുതുക്കിപ്പണിയുകയാണ്. ഈ പദ്ധതി ഉപകാരപ്പെടണമെങ്കില്‍ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം പൂര്‍ത്തിയായേ മതിയാവൂ. വളരെ വേഗത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഈ പമ്പ് ഹൗസും തുരുമ്പു പിടിച്ചു നശിക്കുകയേയുള്ളു എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: