ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിന്മേല് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലവതരണത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ 82നെതിരെ 293 പേരുടെ പിന്തുണയോടെ സഭ തള്ളിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിച്ചത്.
ബിജെപിക്ക് പുറമേ ജെഡിയു, ബിജു ജനതാദള്‍, എഐഎഡിഎംകെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലവതരണത്തെ അനുകൂലിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ബില്ലിനെ എതിര്‍ത്ത് ഇന്നലെ മുഖപ്രസംഗമെഴുതിയ ശിവസേനാ നേതൃത്വത്തെ തള്ളി പാര്‍ട്ടിയുടെ ലോക്സഭാംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത് ശ്രദ്ധേയമായി. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, തൃണമൂല്‍, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, ബിഎസ്പി തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു.
പൗരത്വ ബില്ലില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ താന്‍ ബില്ല് പിന്‍വലിക്കാന്‍ തയാറാണെന്ന് ലോക്സഭയില്‍ ബില്ലവതരിപ്പിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,21,25,26 എന്നിവയുടെ ലംഘനമാണ് ബില്ലെന്നും തിവാരി ആരോപിച്ചു. ശ്രീലങ്കയെ ഉള്‍പ്പെടുത്താത്ത ബില്ലിനെ ഡിഎംകെ അംഗം ദയാനിധിമാരന് എതിര്‍ത്തു. ബംഗാളിലെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണ് ബില്ലെന്ന് തൃണമൂലിന് വേണ്ടി സംസാരിച്ച അഭിഷേക് ബാനര്‍ജി പറഞ്ഞു.
ശ്രീലങ്കയെ കൂടി പൗരത്വ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് രത്നഗിരിയില്‍ നിന്നുള്ള ശിവസേന എംപി വിനായക് ബി. റൗത്ത് ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യ 130 കോടിയായി ഉയര്‍ന്നു. ഭാരതവും പാക്കിസ്ഥാനും മതാടിസ്ഥാനത്തിലാണ് വേര്‍പിരിഞ്ഞത്.
ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരുടെ സംരക്ഷണം ഈ സര്‍ക്കാരിന്റെ കടമയാണെന്നും വിനായക് റൗത്ത് പറഞ്ഞു. രാജീവ് സിങ് രഞ്ജന്‍ (ജെഡിയു), ശര്‍മ്മിഷ്ട സേതി (ബിജെഡി), അഫ്സല് അന്‍സാരി (ബിഎസ്പി), മിഥുന് റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), സുപ്രിയ സുലെ (എന്‍സിപി) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇന്നലെ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: