ആസ്ട്രേലിയയ്ക്കും ജപ്പാനുമിടയില്‍ പസഫിക് സമുദ്രത്തില്‍ പള്ളികൊള്ളുന്ന ഒരു കൊച്ചു ദ്വീപുണ്ട്. പേര് ഗുവാം. നിറയെ കാടുകളാണ് ദ്വീപില്‍. കാടുകളില്‍ നിറയെ കിളികളും. വൈവിധ്യമാര്‍ന്ന മരങ്ങളും വൈചിത്ര്യമാര്‍ന്ന പക്ഷികളും നിറഞ്ഞ ദ്വീപ്. ഒറ്റ നോട്ടത്തില്‍ ജൈവൈവിധ്യത്തിന്റെ കേദാരഭൂമി. അതിനൊക്കെ അധികാരി അമേരിക്കയാണ്. അമേരിക്കന്‍ സാമ്രാജ്യത്തില്‍ ആദ്യം സുര്യനുദിക്കുന്ത് ഗുവാം ദ്വീപിലാണെന്നാണ് നാട്ടിലെ ചൊല്ല്.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, രണ്ടാം ലോക മഹായുദ്ധത്തിനും മുന്‍പ് ജപ്പാന്‍കാര്‍ ഗുവാം പിടിച്ചെടുത്തു. 1949-ല്‍ വന്‍പടയുമായി കടല്‍ കടന്നെത്തിയ അമേരിക്ക ദ്വീപ് തിരികെ പിടിച്ചു. ഗുവാമില്‍ വീണ്ടും അമേരിക്കന്‍ പൗരന്മാരെത്തി. പക്ഷേ അമേരിക്കന്‍ പടയ്ക്കൊപ്പം ആരോരുമറിയാതെ ഒരു ഭീകരന്‍കൂടി ഗുവാമിലെത്തിയത് ആരും ശ്രദ്ധിച്ചില്ല. ‘ബോയ്ഗാ ഇറഗുലാരിസ്’ എന്ന് ശാസ്ത്രം വിളിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള മരപ്പാമ്പ്.
പപ്പുവാന്യൂഗിനിയയില്‍നിന്ന് പറന്നെത്തിയ അമേരിക്കന്‍ പോര് വിമാനങ്ങളിലാണ് മരപ്പാമ്പ് ഗുവാമിലെത്തിയതെന്ന് വന്യജീവി വിദഗ്ദ്ധര്‍ പറയുന്നു. യുദ്ധ വിമാനങ്ങളില്‍ കുത്തിനിറച്ച ആയുധക്കോപ്പുകള്‍ക്കിടയില്‍ ഒളിച്ചിരുന്നാവാം പാമ്പ് ദ്വീപിലെത്തിയത്. അതോടെ ഗുവാമിന്റെ ജാതകം മാറി. പാമ്പെത്തും വരെ കിളികളുടെ സ്വര്‍ഗമായിരുന്നു ഗുവാമിലെ കാടുകള്‍. മുയലിന്റെയും അണ്ണാന്റെയുമൊക്കെ കളിത്തട്ടായിരുന്നു ഗുവാമിലെ കാടുകള്‍. പക്ഷേ മരപ്പാമ്പ് എത്തിയതോടെ അവിടം കിളികളുടെ നരകഭൂമിയായി മാറി.
അടങ്ങാത്ത ആര്‍ത്തിയായിരുന്നു മരപ്പാമ്പിന്റെ മുഖമുദ്ര. പക്ഷികളായിരുന്നു അതിന്റെ ആദ്യഇര. ആദ്യം മൈക്രോനേഷ്യന്‍ കിംഗ് ഫിഷര്‍ പക്ഷിയുടെ കുലം മുടിച്ചു. പിന്നെ മരിയാന ഫ്രൂട്ട് സ്രാവുകളെ ഒടുക്കി. റൂഫോസ് ഫാന്‍ടെയില്‍ പക്ഷിയുടേതായിരുന്നു അടുത്ത ഊഴം. അങ്ങനെ നാലുപതിറ്റാണ്ടുകൊണ്ട് മരപ്പാമ്പുകള്‍ വിഴുങ്ങിത്തീര്‍ത്തത് ദശലക്ഷക്കണക്കിന് പക്ഷികളെ. ഗുവാമിലെ തദ്ദേശീയമായ 12 പക്ഷി ജാതികളില്‍ പത്തിനെയും പാമ്പുകള്‍ ഇല്ലാതാക്കി. രണ്ട് ഇനങ്ങള്‍ ഗുരുതരമാംവിധം വംശനാശത്തിന്റെ വക്കിലെത്തി. അമേരിക്കന്‍ ഇക്കോളജിസ്റ്റായ ജൂലി സാവിജ് ആണ് തെളിവു സഹിതം ഈ വംശനാശത്തിന്റെ കഥ പുറംലോകത്തെ അറിയിച്ചത്-1987-ല്‍.
കിളികള്‍ ഒടുങ്ങിയതോടെ മരപ്പാമ്പുകള്‍ മണ്ണിലിറങ്ങി. അലസം നടന്ന അണ്ണാനെയും മുയലുകളെയും തവളകളെയും കൂട്ടത്തോടെ അകത്താക്കി. തിന്നുതിന്ന് മരപ്പാമ്പുകള്‍ ചീര്‍ത്തു തടിച്ചു. ജന്മനാട്ടില് കാണുന്ന പാമ്പുകളുടെ ഇരട്ടിവരെ നീളം വച്ചു. കിളികള്‍ ഒടുങ്ങിയതോടെ എട്ടുകാലിയും പഴുതാരയും പെരുത്തു. ഗുവാം കാടുകളിലെ ജൈവ വ്യവസ്ഥയുടെ താളം തെറ്റി.
പക്ഷികളുടെ വംശനാശം കൊണ്ടുമാത്രം ഗുവാമിലെ ദുരന്തം അവസാനിച്ചില്ല. പക്ഷികള്‍ ഇല്ലാതായതോടെ മരങ്ങള്‍ക്ക് മരണമണി മുഴങ്ങി. മരങ്ങളുടെ വിത്തുകള്‍ കാട്ടിലെങ്ങും വിതരണംചെയ്തിരുന്നത് പാവം പക്ഷികളായിരുന്നല്ലോ. അവയുടെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് കാഷ്ടത്തിനൊപ്പം പുറത്തുവരുന്ന വിത്തുകള്‍ക്ക് അങ്കുരണശേഷി ഏറെയായിരുന്നല്ലോ. പഴം തിന്ന് വിത്തുകള്‍ ദൂരെ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുമ്പോള്‍ അവിടെ പുതുമരങ്ങള്‍ നാമ്പെടുക്കും. അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതാവുകയും ചെയ്യും.
ഗുവാമിന് സ്വന്തമായ സൈക്കോട്രിയ മരിയാന, പ്രിംന സെറാറ്റിഫോളിയ എന്നീ രണ്ട് മരങ്ങള്‍ ഗവേഷകര്‍ പ്രത്യേകം നിരീക്ഷിച്ചു. തദ്ദേശീയമായ പക്ഷി വര്‍ഗത്തിന്റെ അഭാവത്തില്‍ അവയുടെ ചുവട്ടില്‍ ചിതറിക്കിടന്ന വിത്തുകള്‍ ദ്രവിച്ചു നശിച്ചു. ഫലം, രണ്ട് വര്‍ഗങ്ങളും വംശനാശത്തിലേക്ക്. പസഫിക് സമുദ്രത്തിലെ ചെറു ദ്വീപുകളായ സായ്പന്‍, ടിനിയന്, റോട്ട എന്നിവിടങ്ങളില്‍ വിത്തുകള്‍ 40 ശതമാനം മാത്രം മരച്ചുവട്ടില്‍ കാണപ്പെട്ടപ്പോള്‍ ഗുവാമിലെ മരച്ചുവടുകളില്‍ ചിതറിക്കിടന്നത് 95 ശതമാനം വിത്തുകള്‍-കാന്‍ബറാ-അയോവ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നിരീക്ഷണം ഇങ്ങനെ.
മൗറീഷ്യസില്‍ ഡോഡോ പക്ഷികള്‍ക്ക് സംഭവിച്ച ദുരനുഭവമാണ് ഗുവാം നമ്മെ ഓര്‍മിപ്പിക്കുന്നത്. കുടിയേറ്റക്കാരായ പോര്‍ട്ടുഗീസുകള്‍ തടിച്ചുകൊഴുത്ത ഡോഡോ പക്ഷികളെ ചുട്ട് തിന്നു തീര്‍ത്തപ്പോള്‍ അന്നാട്ടിലെ കാല്‍വേറിയ മരങ്ങളും അന്ത്യശ്വാസം വലിച്ചു. ഡോഡോ പക്ഷികളുടെ ദഹനേന്ദ്രിയത്തിലൂടെ കയറിയിറങ്ങുന്ന കാല്‍വേറിയ വിത്തുകള്‍ മാത്രമേ മുളയ്ക്കാറുള്ളൂ എന്നത് അറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ജൈവ പാരസ്പര്യത്തിന്റെ മഹത്തായ ഉദാഹരണം!
മരപ്പാമ്പിനെ കൊല്ലാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ചത്ത എലികളെ വിഷം പുരട്ടി വിമാനത്തില്‍നിന്ന് വലിച്ചെറിയുകയായിരുന്നു അതിനവര്‍ കണ്ടെത്തിയ മുഖ്യമാര്‍ഗം. അസറ്റാമിനോഫെന്‍ വിഷം പുരട്ടിയ എലികളെ തിന്ന് കുറെയേറെ മരപ്പാമ്പുകള്‍ ചത്തു. പക്ഷേ ദശലക്ഷക്കണക്കിന് മരപ്പാമ്പുകള്‍ ഇനിയും ബാക്കി. കാട്ടില്‍ ശേഷിക്കുന്ന പക്ഷികളുടെ മണം തേടി അവ മദിച്ചു പുളച്ചു.
ജൈവവൈവിധ്യം തകര്‍ക്കാന്‍ ഇനിയും ഘടകങ്ങള്‍ ഏറെയുണ്ട് ഈ കൊച്ചു ദ്വീപില്‍. അമേരിക്കന്‍ വ്യോമസേനയുടെയും നാവികസേനയുടെയും കൂറ്റന്‍ താവളങ്ങള്‍. വരാനിരിക്കുന്ന മറീനുകളുടെ ആസ്ഥാനം. വാര്‍ഫുകള്‍ നിര്‍മിക്കാന്‍ രാപകലെന്യേ പണിയെടുക്കുന്ന മണ്ണുമാന്തികള്‍ പടയാളികള്‍ക്ക് രാപാര്‍ക്കാന്‍ നടന്നുവരുന്ന കെട്ടിട നിര്‍മാണം. കാതടപ്പിക്കുന്ന വെടിയൊച്ചയുമായി പട്ടാളത്തിന്റെ ഫയറിങ് റേഞ്ച്.
മനോഹരമായ ഈ കൊച്ചു ദ്വീപില്‍ എല്ലാ വസന്തങ്ങളുടെയും മുഖമുദ്ര പേടിപ്പിക്കുന്ന നിശബ്ദതയാണ്. കളകളാരവം മുഴക്കാന്‍ പക്ഷികളില്ല. തുള്ളിച്ചാടുന്ന അണ്ണാന്‍മാരില്ല. കൊടുങ്കാറ്റില്‍ മറിയുന്ന മരങ്ങള്‍ക്ക് പകരം വൃക്ഷങ്ങള്‍ കിളിര്‍ക്കാറില്ല. കേവലം പുറത്തുനിന്നെത്തിയ ഒരു പാമ്പ് വിചാരിച്ചാല്‍ പോലും ജൈവവൈവിധ്യം എങ്ങനെ തകരുമെന്നറിയണമെങ്കില്‍ ഇവിടെയെത്തുക. പസഫിക് സമുദ്രത്തിലെ ചെറുദ്വീപുകളെല്ലാം ഗുവാമിനെ നോക്കുന്നത് ഭയത്തോടെയാണ്. മരപ്പാമ്പ് കടല്‍ കടന്ന് തങ്ങളുടെ നാട്ടിലുമെത്തിയാലോയെന്ന ഭയത്തോടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: