മൗറിറ്റാനിയ: പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയ കടല്‍ത്തീരത്ത് ബോട്ട് മുങ്ങി മരിച്ചു. ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെട്ടു. പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ജീവന് പൊലിയുന്നത് ഇതാദ്യമല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ജീവന് നഷ്ടപ്പെട്ട സംഭവമാണ് ബുധനാഴ്ച നടന്നതെന്നും ആഗോളതലത്തില്‍ ഇത് ആറാമത്തെ സംഭവമാണെന്നും യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനെസേഷന്‍ ഫോര്‍ മൈഗ്രേഷ്രേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാംബിയയിലെ ബഞ്ചുലില്‍ നിന്ന് രഹസ്യമായി സ്പെയിനിലെത്താന്‍ ശ്രമിച്ച കുടിയേറ്റക്കാരാണ് മരിച്ചതെന്ന് മൗറിറ്റാനിയയുടെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മൗറിറ്റാനിയയുടെ തീരത്തേക്ക് കുടിയേറ്റക്കാരുമായി അടുത്തുകൊണ്ടിരുന്ന ഒരു ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 58 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഐഒഎം ഒരു പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് എണ്‍പത്തിമൂന്ന് പേര് കരയിലേക്ക് നീന്തി രക്ഷപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പടിഞ്ഞാറന്‍ സഹാറയുടെ അതിര്‍ത്തിക്കടുത്തുള്ള നൗദിബൗ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ (15 മൈല്‍) വടക്ക് ബോട്ട് മുങ്ങിയതായി മൗറീഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. കരയിലേക്ക് അടുത്തുകൊണ്ടിരുന്ന ബോട്ട് കടലിനു നടുക്ക് പാറയില്‍ തട്ടിയതിനെത്തുടര്‍ന്ന് വെള്ളം കയറുകയും എഞ്ചിന് തകരാറ് സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോട്ടില്‍ ഭക്ഷണസാധനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും, വിശപ്പും തണുപ്പും സഹിക്കാതെ വന്നപ്പോള്‍ അഭയാര്‍ത്ഥികള്‍ കടലില്‍ ചാടി നീന്താന്‍ തുടങ്ങിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: