ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. ശബരിമല വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2018ലെ യുവതീപ്രവേശന വിധി നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പരാമര്‍ശം. ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടി വിവാദ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശമെന്നത് ശ്രദ്ധേയമായി.
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ കയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്കിയ ഹര്‍ജി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ പോകാന്‍ തുനിഞ്ഞ ബിന്ദു അമ്മിണിക്ക് ഇത്തവണയും മലയില്‍ പോകേണ്ടതുണ്ടെന്നും അതിനായി സംരക്ഷണം ആവശ്യമാണെന്നും ഇന്ദിരാ ജയ്സിങ് വാദിച്ചു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണയും പോകാന്‍ ശ്രമിച്ചതെങ്കിലും ചിലര്‍ ബിന്ദു അമ്മിണിയെ ആക്രമിച്ചതായും അവര്‍ കോടതിയില്‍ പറഞ്ഞു. ആസിഡ് ആക്രമണമാണ് അവര്‍ക്ക് നേരെ ഉണ്ടായതെന്നും ഇന്ദിരാ ജയ്സിങ് കോടതിയില്‍ പറഞ്ഞു.
ആരാണ് ആക്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് തിരികെ ചോദിച്ചപ്പോള്‍ ചില സ്വകാര്യ വ്യക്തികളെന്നായിരുന്നു മറുപടി. ആസിഡ് പോലുള്ള ചില രാസവസ്തുക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരേ സ്പ്രേ ചെയ്തത്. പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. 2018ലെ യുവതീപ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല കയറാന്‍ ബിന്ദു അമ്മിണിക്ക് സംരക്ഷണം നല്‍കണം. കഴിഞ്ഞ വര്‍ഷത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല, ഇന്ദിരാ ജയ്സിങ് വാദത്തിനിടെ പറഞ്ഞു.
ഇതിന് മറുപടിയായാണ്, 2018ലെ വിധി അന്തിമ വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന് 2018ലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവെ സ്റ്റേ സംബന്ധിച്ച് ഒന്നും ഉത്തരവില്ലെന്നും ഇന്ദിരാ ജയ്സിങ് വിശദീകരിക്കാന്‍ നോക്കിയെങ്കിലും ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ശബരിമല ക്ഷേത്രം അപ്പോഴേക്കും അടയ്ക്കുമെന്നും സമാന ആവശ്യവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി അടുത്ത ആഴ്ച കേള്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇന്ദിരാ ജയ്സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജിയും അപ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: