ഇടുക്കി: അറബിക്കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഇരട്ട ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഇതോടെ ഈ വര്‍ഷം മാത്രം രൂപമെടുക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം എട്ടാകും. ഇരട്ട ചുഴലിക്കാറ്റുകളായ ക്യാറും മഹായും അടക്കം ആറ് ചുഴലിക്കാറ്റുകളാണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇതുവരെ രൂപമെടുത്തത്. അപൂര്‍വമായി മാത്രമാണ് ഒരു കടലില്‍ ഇരട്ട ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക. ഇത്തവണത്തെ കാലാവസ്ഥയുടെ പ്രത്യേകത മൂലമാണ് (തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍) ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ആഫ്രിക്കന്‍ തീരത്തിന് സമീപം ഭൂമധ്യരേഖയോട് ചേര്‍ന്ന് ‘പവന്’ എന്ന ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പ്രവചിക്കുന്നത്. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ശക്തി പ്രാപിച്ച ന്യൂനമര്‍ദം നിലവില്‍ യെമനില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയാണ്. ഇത് ആഫ്രിക്കന്‍ തീരം തൊടുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇതിന് പിന്നാലെ ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇത്തരത്തില്‍ ചുഴലിക്കാറ്റായാല്‍ ആംഫന്‍ എന്നായിരിക്കും അറിയപ്പെടുക. തായ്ലന്ഡ് നിര്‍ദേശിച്ച പേരാണിത്. നിലവില്‍ പനാജിയില്‍നിന്ന് 650 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. അതേസമയം സംസ്ഥാനത്ത് ഏഴ് വരെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ കേരള വെതര്‍ പ്രവചിക്കുന്നത്. ചുഴലിക്കാറ്റുകള്‍ കാറ്റിന്റെ ദിശമാറ്റുന്നതിനാല്‍ ചൂട് ഉയരാനുള്ള സാധ്യതയും പറയുന്നുണ്ട്.
അറബിക്കടലില്‍ പവന്, ആംഫന്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പവന് 48 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് പോകും. രണ്ടാമത്തേത് മൂന്നു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറു ദിശയില്‍ സൊമാലിയ തീരത്തേക്ക് സഞ്ചരിക്കും.
അറബിക്കടലില്‍ കാറ്റിന്റെ വേഗത എണ്പതു കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ മഴ മുന്നറിയിപ്പുകളില്ല. ചുഴലിക്കാറ്റുകള്‍ ശക്തമായ മഴക്ക് കാരണമാകില്ലെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: