ന്യൂദല്‍ഹി: ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 2016ല്‍ ലോക്സഭ ബില്‍ പാസാക്കിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റദ്ദായിരുന്നു. ഇതേ ബില്ലാണ് വീണ്ടും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്, ക്രിസ്ത്യന്‍ എന്നീ മത വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പാക്കിസ്ഥാനില്‍ നിന്നുള്‍പ്പെടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് അനധികൃത താമസക്കാര്‍ക്ക് പൗരത്വം നല്‍കുന്നത്.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്കാന് പ്രധാനമായും രണ്ട് വ്യവസ്ഥകളാണുള്ളത്. അപേക്ഷിക്കുന്ന വ്യക്തി അവസാന പന്ത്രണ്ട് മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിരിക്കണം, അവസാന 14 വര്‍ഷങ്ങളില്‍ 11 വര്‍ഷമെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞിരിക്കണം എന്നിവ. ഇതില്‍ രണ്ടാമത്തെ വ്യവസ്ഥയായ 11വര്‍ഷം എന്നത് ആറാക്കി കുറയ്ക്കുകയാണ് ഭേദഗതി.
പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളുടെ 400 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ബിക്കാനീര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ് അഭയാര്‍ത്ഥികളും കഴിയുന്നു. പഞ്ചാബ്,ദല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് സിഖ് അഭയാര്‍ത്ഥി ക്യാമ്പുകളുള്ളത്. മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും യാതനാപൂര്‍ണ്ണമായ ജീവിതമാണ് പൗരത്വമില്ലാത്തതുമൂലം ജനങ്ങള്‍ക്ക് നയിക്കേണ്ടിവരുന്നത്. പൗരത്വത്തിനായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: