അധ്യാപകന് ആരാണ്? അദ്ദേഹം ഗുരുനാഥനാണ്. ആരാണ് ഗുരു? അധ്യാപകന് ഗുരുവാണോ? ‘ചോദ്യങ്ങളുണ്ടായിരുന്നില്ലെങ്കിലില്ലുത്തരങ്ങളും ‘എന്ന് പ്രഭാവശാലിയായ കവി കുറിച്ചിട്ടുണ്ട്. ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും. ആയതിനാല്‍ നമുക്ക് അങ്ങനെയല്ലാതെയാവാം.
പറഞ്ഞു വന്നത് ഗുരു, അധ്യാപകന് എന്നിവരെക്കുറിച്ചാണല്ലോ. നല്ല അധ്യാപകന് ആരാണെന്നു ചോദിച്ചാല്‍ നല്ല ശിഷ്യനുള്ളയാള്‍ എന്നു പറയാമെന്നു തോന്നുന്നു. അതിനെ ഒന്നുകൂടി ലഘുവാക്കിയാല്‍ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നയാള്‍ എന്നുമാവാം. ശിഷ്യന് എന്തു ചോദിച്ചാലും മണി മണിയായി പറഞ്ഞുകൊടുക്കുന്ന ആളും നല്ല അധ്യാപകന് തന്നെ. എന്നാല്‍ അധ്യാപകന് ഗുരുവും ഗുരുനാഥനുമാവുന്നതെപ്പോഴാണ്?
ഗുരുവും അധ്യാപകനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നു. അധ്യാപകന് വഴികാണിച്ചു കൊടുക്കുന്നയാളെങ്കില്‍ ഗുരുനാഥന് വഴികാണിച്ച് നടത്തിക്കുന്നയാളാണ്. കൈപിടിച്ച് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സമര്‍പ്പിത മനസ്കനായി നടത്തിക്കുന്ന മഹദ് വ്യക്തിത്വമാണ്;ഒരു വെളിച്ചമാണ്. വെറും വെളിച്ചമല്ല, ഒപ്പം ഇരുട്ടിനെ മാറ്റി മാറ്റി ശിഷ്യന് കരുത്തും കാരുണ്യവും അനുതാപവും പകര്‍ന്നു കൊടുക്കുന്നയാള്‍. ഒരധ്യാപകനാവാന്‍ വിജയിച്ച പരീക്ഷകളുടെ ആത്മവിശ്വാസം മതിയെങ്കില്‍ ഗുരുനാഥനാവാന്‍ അതു പോരാ. അതിനൊപ്പം ആര്‍ജിതപുണ്യങ്ങളുടെ ആഴവും പരപ്പും വേണം.
അടുത്തിടെ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ അധ്യാപകരെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വന്നപ്പോള്‍ വെളിച്ചമായവരും വെളിച്ചം കൈയില്‍ തന്നവരും ചൂണ്ടിക്കാണിച്ചവരുമായ ഒരുപാട് സുകൃതങ്ങളുടെ ഓര്‍മയുടെ മഹാതിരശ്ശീല നീക്കി മുമ്പിലേക്ക് വന്നുകൊണ്ടിരുന്നു. അന്നും ഇന്നും ഒരക്ഷരമെഴുതും മുമ്പ് മുമ്പില്‍ പുഞ്ചിരിയോടെ നില്ക്കുന്ന ഒരാളുണ്ട്.എന്റെ പ്രിയപ്പെട്ട ഗുരുനാഥന് കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ .
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നഗരത്തിനടുത്തുള്ള എയിഡഡ് യുപി സ്കൂളിലെ മാസ്റ്ററായിരുന്നു അദ്ദേഹം.(ഇന്ന് ആ സ്കൂള്‍ പൊളിച്ച് മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്)1972-73 കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം. അന്ന് സാഹിത്യ സമാജം എന്നൊരു ഏര്‍പ്പാടുണ്ട്. പ്രസംഗം, പദ്യം ചൊല്ലല്‍, രചനാ മത്സരങ്ങള്‍ എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. അങ്ങനെ ഉപന്യാസമെഴുതാന്‍ കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ മടിച്ചുനിന്നു. മാഷ് വീണ്ടും വരുന്നത് കണ്ട് ഞാന്‍ ക്ലാസ്മുറിയില്‍ ഏതാണ്ട് ഒളിച്ച മാതിരി നിന്നു. എന്നാല്‍ അദ്ദേഹം വിടാനുള്ള ഭാവമില്ലായിരുന്നു. എന്നെ കൈയ്യില്‍ പിടിച്ച് വലിച്ച് കൊണ്ടുപോയി ഉപന്യാസം എഴുതിച്ചു.
ആരോഗ്യമായിരുന്നു വിഷയം എന്നാണോര്‍മ. അന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പോസ്റ്റര്‍ സ്കൂളിലൊക്കെ ഒട്ടിച്ചിരുന്നു. കരിങ്കുരങ്ങിന്റെ ഒരു ചിത്രവും അതില്‍ രണ്ട് വാചകവും. ‘ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ, ഞങ്ങളില്‍ ഔഷധമൂല്യങ്ങളില്ല’ എന്നായിരുന്നു വാചകങ്ങള്‍. കരിങ്കുരങ്ങ് രസായനത്തിന്റെ പേരില്‍ വ്യാപകമായി അവയെ കൊന്നു കൂട്ടുന്നതിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു അത്. അതിനാല്‍ അതിനെ ആസ്പദമാക്കിയാണ് ഞാന്‍ എന്തൊക്കെയോ എഴുതിയത്. അല്‍ഭുതപ്പെടുത്തുമാറ് എനിക്കു തന്നെയായിരുന്നു ഒന്നാം സമ്മാനം. ഒരു ഇളം നീല പ്ലാസ്റ്റിക് ഗ്ലാസാണ് സമ്മാനമായി കിട്ടിയത്. ജീവിതത്തിലെ ആദ്യ സമ്മാനം! എന്നെക്കാള്‍ എത്രയോ മിടുക്കരായവര്‍ സ്വമേധയാ ഉപന്യാസരചനക്ക് തയാറായെങ്കിലും എനിക്കെങ്ങനെ സമ്മാനം കിട്ടിയെന്ന് ഇന്നും ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്. പ്രഖ്യാപനം വന്ന ഉടനെ എന്റെ പുറത്തു തട്ടി അഭിനന്ദിച്ച കുഞ്ഞികൃഷ്ണന് മാസ്റ്ററുടെ കണ്ണിലെ പ്രകാശം ഇന്നും എന്റെ ഹൃദയത്തിലുണ്ട്. അസുഖം മൂലം പെന്‍ഷനാവും മുമ്പെ അദ്ദേഹം ഈ ലോകത്തു നിന്ന് പറന്നകന്നു എന്നത് വല്ലാത്തൊരു വേദനയായി അതിനൊപ്പമുണ്ട്.
ഞാന്‍ കുഞ്ഞികൃഷ്ണന് മാസ്റ്ററെ അധ്യാപകനായല്ല ഗുരുവായാണ് കാണുന്നത്. ശിഷ്യനെ പഠിപ്പിച്ച് അറിവിന്റെ മഹാസമുദ്രമാക്കലല്ല ഗുരു ചെയ്യുന്നത്. സമുദ്ര സാമീപ്യത്തിലേക്ക് സാര്‍ഥക വഴികളിലൂടെ നടക്കുമ്പോഴുണ്ടാവുന്ന തടസ്സങ്ങളും പ്രയാസങ്ങളും കാണിച്ചു കൊടുത്ത് കരുത്ത് പകരുകയാണ്. ഗുരുവില്‍ നിന്ന് ഒഴുകിയിറങ്ങി വരുന്ന വാത്സല്യപ്പൂമരത്തില്‍ നിന്ന് ഒരു പൂവെടുത്ത് ഓമനിക്കുമ്പോള്‍ ഗുരു തന്നില്‍ നിറയുന്ന അനുഭവമായിരിക്കും ഉണ്ടാവുക.
അധ്യാപകരൊക്കെ ഗുരുക്കന്മാരല്ലെങ്കിലും എല്ലാ ഗുരുക്കന്മാരും അധ്യാപകരാണ്. ഏതെങ്കിലും പ്രശ്നങ്ങളുടെ പേരില്‍ അവരെ അടച്ചാക്ഷേപിക്കുന്നത് വേദനാജനകമാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്ന ദീര്‍ഘമായ കുറിപ്പ് വായിച്ചാല്‍ ഗുരുവും അധ്യാപകനും തമ്മിലുള്ള വ്യത്യാസം അറിയാനാവും. ഒരു കഌസില്‍ വാച്ച് കെട്ടി വന്ന കുട്ടിയോട് അതൊന്ന് കെട്ടാന്‍ തരുമോ എന്നൊരു കുട്ടി ചോദിക്കുന്നു. കിട്ടാഞ്ഞ നിരാശ മൂലം ഇടവേളയില്‍ മോഷ്ടിക്കുന്നു. കരഞ്ഞുകൊണ്ട് മറ്റേകുട്ടി അധ്യാപകനോട് പരാതി പറഞ്ഞു. എല്ലാവരും കണ്ണടച്ച് നില്ക്കാന് പറഞ്ഞ ശേഷം അധ്യാപകന് ഓരോരുത്തരെയായി പരിശോധിക്കുന്നു. മോഷ്ടിച്ച കുട്ടിയുടെ നെഞ്ച് പടപടാ മിടിക്കുകയാണ്. വാച്ച് കണ്ടെടുത്തു,ശുഭം;ഉടമ ഹാപ്പി. അതോടെ മോഷ്ടിച്ച കുട്ടി ആ സ്വഭാവം എന്നേക്കുമായി നിര്‍ത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉന്നതനിലയിലെത്തിയ അന്നത്തെ വാച്ച് മോഷ്ടാവ് പഴയ അധ്യാപകനെ കാണാനെത്തി. വിശേഷങ്ങളൊക്കെ പറഞ്ഞെങ്കിലും മാസ്റ്റര്‍ക്ക് ആളെ മനസ്സിലായില്ല. വാച്ച് മോഷണസംഭവം പറഞ്ഞ് താനാണത് എടുത്തിരുന്നതെന്ന് വിശദീകരിച്ചു. അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു, താനും അന്ന് കണ്ണടച്ചാണ് കുട്ടികളെ പരിശോധിച്ചതെന്ന്! പറയൂ അദ്ദേഹം അധ്യാപകനോ ഗുരുവോ? ഒട്ടേറെ പ്രഗല്ഭരും പ്രശസ്തരും അങ്ങനെയായിത്തീര്‍ന്നതിന്റെ പിന്നില്‍ ഇത്തരം അധ്യാപകരല്ലാതെ മറ്റാരാണുള്ളത്? സകല അധ്യാപകരുടെയും ഗുരുക്കന്മാരുടെയും പാദങ്ങളില്‍ നമസ്കരിച്ചുകൊണ്ട് എന്റെ പ്രിയ കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ക്ക് സ്നേഹാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: