നാലാം അദ്ധ്യായം മൂന്നാം പാദം
അതിവാഹികാധികരണം
ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്
സൂത്രം – അതിവാഹികാസ്തല്ലിംഗാത്
പ്രാണനെ കൂട്ടിക്കൊണ്ടു പോയി അതാത് സ്ഥാനങ്ങളില്‍ എത്തിക്കുന്ന ദേവതകള്‍ തന്നെ. ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാല്‍. സാധകനെ മരണശേഷം ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് എത്തിക്കുന്നത് അതാത് ലോക അഭിമാനികളായ ദേവന്മാരാണ്. ശ്രുതിയിലെ വര്ണനത്തില് അത്തരം ലക്ഷണങ്ങള്‍ കാണാം. മരണാനന്തരഗതിയുമായി ബന്ധപ്പെട്ട് അര്‍ച്ചിസ് ,അഹസ്സ് മുതലായ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നത് എന്തിനെ കാണിക്കാനാണ്. അത് ഭോഗഭൂമികളെയോ മാര്‍ഗ്ഗ ലക്ഷണങ്ങളേയോ സൂചിപ്പിക്കുന്നുണ്ടോ അതോ ദേവതാ പരങ്ങളാണോ എന്ന് സംശയിക്കുന്നു.
അര്‍ച്ചിസ്, അഹസ്സ് എന്നിവ ചേതനങ്ങളായ ദേവതകളെ കുറിക്കുന്നു. അവര്‍ മനുഷ്യാകൃതിയുള്ള പുരുഷന്മാരാണ്. ജീവന്മാരെ അതാത് സ്ഥാനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. പ്രാണനെ ക്രമത്തില്‍ ഒരു ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്ക് നയിക്കുകയാണ് ഈ ദേവതകളുടെ കര്‍ത്തവ്യം. അതിനാല്‍ ഈ ദേവതകളെ ആതിവാഹികന്‍മാര്‍ എന്ന് വിളിക്കുന്നു. ഛാന്ദോഗ്യത്തില്‍ ‘ചന്ദ്രമസോ വിദ്യുതം തത് പുരുഷോ/ മാനവഃ സ ഏനാന്‍ ബ്രഹ്മ ഗമയതി’ ചേതനനായ ദേവത തന്നെയാണ് പ്രാണനെ നയിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
സൂത്രം- ഉഭയവ്യാമോഹാത്തത് സിദ്ധേഃ
രണ്ട് തരത്തിലുള്ള വ്യാമോഹത്താല്‍ ചേതനങ്ങളായ ആതിവാഹികന്മാരുടെ സിദ്ധി ഉണ്ടാകുന്നു.
അര്‍ച്ചിസ് മുതലായ ലോകങ്ങള്‍ക്ക് അധിദേവതാ കല്പ്പനയുടെ ആവശ്യം എന്തെന്ന് ഈ സൂത്രത്തില്‍ വിവരിക്കുന്നു. അര്‍ച്ചിരാദി ലോകങ്ങള്‍ക്ക് അഭിമാനി ദേവതകളെ സങ്കല്‍പ്പിച്ചില്ലെങ്കില്‍ അത് ശ്രുതിയില്‍ പറഞ്ഞതിന് വിരുദ്ധമാകും. അഭിമാനി ദേവതകളെ കല്പ്പിച്ചില്ലെങ്കില് ജീവന്റെ ബ്രഹ്മപദപ്രാപ്തി അസംഭാവ്യവു മാകും. ഇങ്ങനെ രണ്ട് തരത്തില്‍ വ്യാമോഹം അഥവാ പിഴവുണ്ടാകുമെന്നതിനാല്‍ അധി ദേവതാ കല്‍പ്പന യുക്തം തന്നെയാണ്. സൂക്ഷ്മ ലോകങ്ങളെക്കുറിച്ച് ജീവന് അറിയില്ല.
ദേവയാനത്തേയും പിതൃയാനത്തേയും അറിയണമെന്നില്ല. കൂട്ടികൊണ്ടു പോകുന്ന അതിവാഹിക ദേവതകളുടെ സഹായത്തോടെയാണ് മറ്റ് ലോകങ്ങളിലേക്ക് പോകുന്നത്. ദേവതകളുടെ സഹായമില്ലെങ്കില് വഴിതെറ്റാനുമിടയാകും. അതിനാല്‍ ദേവതകളെ അംഗീകരിക്കുകയാണ് ഉത്തമം.
സൂത്രം- വൈദ്യുതേനൈവ തതസ്തച്ഛ്രുതേഃ
വിദ്യുത് ലോകത്തെത്തിയ ശേഷം വിദ്യുത് ദേവത വഴി വരുണന് മുതലായവരുടെ ലോകങ്ങളെ പ്രാപിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്. വിദ്യുത് ലോകത്തിന് ശേഷം ബ്രഹ്മപ്രാപ്തി വരെ വിദ്യുത് ദേവതയുടെ അതിവാഹികത്വത്തിലുള്ളതാണ്. വരുണ്‍ മുതലായ ദേവതകള്‍ക്ക് അതിവാഹികത്വം ഉണ്ടോ എന്ന സംശയത്തിനുള്ള മറുപടിയാണിത്. വിദ്യുത്തിന് മാത്രമാണ് അതിവാഹികത്വം.
‘താന്‍ വൈദ്യുതാന്‍ പുരുഷോ/ മാനവഃ സ ഏത്യ ബ്രഹ്മലോകം ഗമയതി’ എന്ന ശ്രുതി വാക്യത്തില്‍ വിദ്യുത്തിന് മാത്രം കൂട്ടികൊണ്ടു പോകുന്ന ജോലി പറയുന്നു. ഇന്ദ്രന് ,പ്രജാപതി എന്നിവര്‍ തങ്ങളുടെ ലോകത്തിലൂടെ കടന്നുപോകാന്‍ മാര്‍ഗ്ഗം നല്‍കുന്നുവെന്ന് മാത്രം. കൂട്ടിക്കൊണ്ട് പോകല്‍ വിദ്യുത് ദേവതയുടെ കടമയാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: