ശബരിമല: രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും പിന്കോഡുകളുണ്ടെങ്കിലും സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് അയ്യപ്പന്റെ പേരില്‍. അയ്യപ്പന് കൂടാതെ വ്യക്തികളുടെ പേരില്‍ ഇന്ത്യയില്‍ തപാല്‍ പിന്കോഡുകളുള്ളത് രാഷ്ട്രപതിയുടെ പേരിലാണ്. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് സന്നിധാനം തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുക. മണ്ഡല ഉത്സവകാലം കഴിയുന്നതോടെ ഈ പോസ്റ്റാഫീസ് നിര്‍ജീവമാകും.
സന്നിധാനത്തെ തപാല്‍ ഓഫീസിന് ഇനിയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍ വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കാറില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉത്സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ ലോക്കറിലേക്ക് മാറ്റും.
ഈ തപാല്‍ ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറുകളിലുമുണ്ട് കൗതുകങ്ങള്‍. ഉദ്ദിഷ്ടകാര്യത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകളാണ് നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും ലഭിക്കുന്നത്. കൂടാതെ വിവാഹം, ഗൃഹപ്രവേശം എന്നിവ അറിയിച്ചുള്ള കത്തുകള്‍, മക്കള്‍ക്ക് ജോലികിട്ടിയതിലുള്ള സന്തോഷം പങ്കുവച്ചുള്ള കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്ത എഴുത്തുകളാണ് അയ്യപ്പന്റെ പേരില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്.
ഈ കത്തുകളും മണിഓര്‍ഡറുകളും അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെയും വരുന്നതെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ എം. അയ്യപ്പന് പറഞ്ഞു. ഉത്സവകാലം കഴിഞ്ഞാല്‍ അയ്യപ്പനുള്ള കത്തുകളും മണിഓര്‍ഡറുകളും വടശ്ശേരിക്കര പോസ്റ്റ് ഓഫീസിലാണ് എത്തുക. അവിടെനിന്ന് പമ്പയിലെ ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചശേഷം സന്നിധാനത്തേക്ക് കാല്‍നടയായി കൊണ്ടുവരും. 1984ലാണ് സന്നിധാനത്ത് തപാല്‍ ഓഫീസ് ആരംഭിച്ചത്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ രണ്ട് പോസ്റ്റ്മാന്, രണ്ട് പോസ്റ്റല്‍ അസിസ്റ്റന്റുമാര്‍ എന്നിവരാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: