കൊല്ലം: കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു (ഫയര്‍ഫോഴ്സ്)വിലെ തസ്തികകളുടെ പേരുമാറ്റിയത് ഗൂഢാലോചനയെന്ന് ഒരുവിഭാഗം ജീവനക്കാര്‍. പല തസ്തികകളുടെയും പേരുമാറ്റിയതോടെ ആ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു. സേനയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് ചില തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ഇതാകട്ടെ മുഴുവന്‍ ജീവനക്കാരുടെയും അഭിപ്രായം തേടാതെയായിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ചുമതല വഹിക്കുന്ന ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയുടെ പേര് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ (ഡ്രൈവര്‍) എന്നാക്കി. ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയെ ടെക്നിക്കല്‍ ഡ്രൈവര്‍ എന്നോ ടെക്നിക്കല്‍ ഓപ്പറേറ്റര്‍ എന്നോ പുനര്‍നാമകരണം ചെയ്യാതെ ഡ്രൈവര്‍ എന്നുമാത്രമായി ചുരുക്കി. തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുവഴി, ഇല്ലാതാകുമെന്നാണ് പരാതി. ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. തസ്തിക പുനര്‍നാമകരണം ചെയ്തതിലൂടെ അലവന്‍സുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
സ്പെഷ്യല്‍ റൂള്‍ പ്രകാരം ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസില്‍ ഡ്രൈവര്‍ എന്ന വിഭാഗം ഇല്ല. മറിച്ച് അവര്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ആണ്. ഈ വിവരം മറച്ചുവച്ചാണ് ഡ്രൈവര്‍ എന്നു മാത്രം പുനര്‍നാമകരണം ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍ ഇറങ്ങിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് വലിയ വിഭാഗം ജീവനക്കാര്‍.
സേനയുടെ ആധുനികീകരണം സംബന്ധിച്ചു പഠിച്ച് സര്‍ക്കാരിലേക്ക് ഭരണപരിഷ്കാര കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അത് വെളിച്ചം കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: