ചതുര്‍വേദങ്ങളിലെ കര്‍മ, ജ്ഞാനകാണ്ഡങ്ങളും ബ്രഹ്മസൂത്രവും ഇതുപോലെ ആഴത്തില്‍ വിശകലനം ചെയ്താല്‍ പ്രാചീനകാലങ്ങളില്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞ നിരവധി ഹിന്ദുഗോത്രങ്ങളിലെ ദാര്‍ശനികരുടെ വ്യത്യസ്തവീക്ഷണങ്ങളുടെ സംസ്കൃതഭാഷയിലുള്ള (പാലി, പ്രാകൃതം മുതലായ ഭാഷകളും അവയില്‍ ആധ്യാത്മികവും ഭൗതികവുമായ സാഹിത്യങ്ങളും ഇവിടെ ഉണ്ടായിരുന്നു) സമാഹാരങ്ങളാണ് ഇവയെല്ലാം എന്നു കാണാന്‍ കഴിയും.
ഒരേ ആശയത്തിന്റെ യുക്തിബദ്ധവും അനുക്രമവും ആയ ആരംഭവും വികാസവും പരിസമാപ്തിയും ചേരുമ്പോഴാണല്ലോ സിദ്ധാന്തമാകുക. അത്തരത്തിലൊരു ഘടന ഇവയില്‍ കാണുന്നില്ല. അതുകൊണ്ടാണല്ലോ വൈദികകര്‍മകാണ്ഡഭാഗത്തിന് സായണാചാര്യര്‍ ഒരു വിശദീകരണം നല്കുമ്പോള് ദയാനന്ദസരസ്വതിയും കൂട്ടരും അവരുടെ നിലപാടിനു യോജിക്കുന്ന തരത്തില്‍ അതിനു നേര് വിപരീതമായ അര്‍ത്ഥതലം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ ശങ്കര, രാമാനുജ, മധ്വാദികളായ നിരവധി ആചാര്യന്മാര്ക്ക് പ്രസ്ഥാനത്രയി (ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത) യെ അടിസ്ഥാനമാക്കിത്തന്നെ വിവര്‍ത്താദൈ്വത, വിശിഷ്ടാദൈ്വത, ദൈ്വതാദി ഒന്നിനൊന്നു വിഭിന്നങ്ങളായ സിദ്ധാന്തങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞത്.
ഡാറ്റാ, ഇന്‍ഫര്‍മേഷന്‍, നോളഡ്ജ്, വിസ്ഡം എന്ന ആധുനിക സ്തൂപികാ കല്‍പ്പന അനുസരിച്ച് ചിന്തിച്ചാല്‍ പ്രധാനമായും ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലങ്ങളില്‍ ആണ് മേല്‍പ്പറഞ്ഞ സമാഹാരം പെടുന്നത് എന്നു കാണാം. ഡാറ്റാ എന്നാല്‍ സ്ഥിതി-വിവരക്കണക്കാണ്. ഇതില്‍ കുറെ വസ്തുതകളും സംഖ്യകളും ആണ് ഉള്ളത്. ഇന്‍ഫര്‍മേഷന്‍ തലത്തില്‍ ഇവ തമ്മിലുള്ള ബന്ധങ്ങള്‍ തെളിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങളും മാതൃകകളും രൂപീകരിക്കലാണ് നോളഡ്ജ് എന്ന തലം. ഈ സിദ്ധാന്തങ്ങളുടെ, മാതൃകകളുടെ പ്രയോഗതലമാണ് നാലാമത്തേ തലമായ വിസ്ഡം. നോളഡ്ജ് ഇന്‍ ആക്ഷന്‍ ആണല്ലോ വിസ്ഡം. ഇവയില്‍ ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലത്തെ ഉപജീവിച്ചു കൊണ്ടുണ്ടായ പില്‍ക്കാലസിദ്ധാന്തങ്ങള്‍ നോളഡ്ജ് തലത്തിലും പ്രയോഗപദ്ധതികള്‍ വിസ്ഡം തലത്തിലും പെടുമെന്നും കാണാം.
ബാദരായണന്‍ കൊരുത്ത ഈ സമാഹാരത്തില്‍ നിന്നും അഗ്നിഹോത്രം എന്ന ലഘുക്രിയ തൊട്ട് സങ്കീര്‍ണ്ണങ്ങളായ യാഗങ്ങളുടെ തലത്തിലേക്കു വരേയുള്ള വികാസം സംഭവിക്കുന്നതും അവയ്ക്ക് സൈദ്ധാന്തികവും പ്രയോഗപരവുമായ ചട്ടക്കൂട് നല്കാന് മീമാംസകനായ ജൈമിനി വരെയുള്ള പൂര്‍വാചാര്യന്മാരുടെ പരിശ്രമവും ആഴത്തില്‍ പഠിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.
ഭഗവദ്ഗീതയിലെ ഈ ഏകാന്തിവൈഷ്ണവമതത്തെ മഹാഭാരതത്തില്‍ (12.348) വിവരിക്കുന്നുണ്ട്. ദാസ്ഗുപ്തയുടെ വാക്കുകളില്‍ അത് ഇപ്രകാരമാണ്: ലാഭേഛ കൂടാതെ തന്നില്‍ അനുരക്തരായവരെ (ഏകാന്തികള്‍) ഭഗവാന് ഹരി അനുഗ്രഹിക്കുന്നു. അവര്‍ വിധിയാംവണ്ണം ചെയ്യുന്ന ഉപചാരങ്ങളെ സ്വീകരിക്കുന്നു. ഈ ഏകാന്തധര്‍മം നാരായണനു വളരെ പ്രിയപ്പെട്ടതാണ്. മഹാഭാരതത്തിന്റെ വ്യാഖ്യാതാവായ നീലകണ്ഠന്റെ അഭിപ്രായത്തില്‍ ഈ ധര്‍മം പിന്തുടരുന്നവര് അനിരുദ്ധ, പ്രദ്യുമ്ന, സങ്കര്ഷണ തലങ്ങളിലൂടെ സഞ്ചരിക്കാതെ തന്നെ നേരിട്ട് ഹരിയെ പ്രാപിക്കുന്നു. വേദജ്ഞരുടെയും സന്യാസികളുടെയും മാര്‍ഗങ്ങള്‍ക്കു നല്കാന് കഴിയുന്നതിലുമപ്പുറത്തുള്ള ലക്ഷ്യങ്ങള്‍ നല്‍കുന്നതാണ് ഈ ഏകാന്തിമാര്‍ഗം. കുരുപാണ്ഡവയുദ്ധസമയത്ത് അര്ജുനന് വിഷാദം പൂണ്ടപ്പോള്‍ ഭഗവാന് സ്വയം ഓതിയതാണിത്. സാമവേദത്തില്‍ ഇതിന്റെ മൂലം കാണാം. നാരായണന് ബ്രഹ്മാവിനെ സൃഷ്ടിച്ചപ്പോള്‍ ഈ സാത്വതമതത്തെ ബ്രഹ്മാവിനു നല്കി. പിന്നീട് നിരവധിപേര്‍ ഉപദേശാനുസരണം ഇതിനെ പിന്തുടര്ന്നു. വളരെ പിന്നീടാണ് അത് ഹരിഗീത (ഭഗവദ്ഗീത) യില്‍ ചുരുക്കി പറയപ്പെട്ടത്. ഭഗവദ്ഗീതയിലും ഈ സുദീര്‍ഘപാരമ്പര്യത്തെ പറയുന്നുണ്ട്. ഇത് വളരെ രഹസ്യമായതും അനുഷ്ഠിക്കാന്‍ പ്രയാസമേറിയതുമാണ്. അഹിംസാചരണമാണ് ഇതിന്റെ പ്രധാനസവിശേഷത. ഇതില്‍ ചിലേടത്ത് ഒന്നോ രണ്ടോ മൂന്നോ വ്യൂഹങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഹരി തന്നെയാണ് അന്തിമയാഥാര്‍ത്ഥ്യം; കര്‍ത്താവും കര്‍മ്മവും കാരണവും ഈ ഹരി തന്നെ. ഹരി തന്നെയാണ് കര്‍മ്മത്തിനുമപ്പുറത്തെ പരമതത്വമായ അകര്‍ത്താവും. ഈ ലോകത്ത് വളരെ കുറച്ച് ഏകാന്തികളേ ഉള്ളൂ. ഒന്നിനും ഒരു പോറല്‍പോലുമേല്‍പ്പിക്കാത്ത, എപ്പോഴും മറ്റുള്ളര്‍ക്ക് നന്മ മാത്രം ചെയ്യുന്ന, ആത്മജ്ഞാനം കൈവന്ന ഇത്തരം ഏകാന്തികളെക്കൊണ്ടു ലോകം നിറഞ്ഞാല്‍ സുവര്‍ണയുഗമായ ആ കൃതയുഗം വീണ്ടും വന്നേനെ. സാംഖ്യയോഗത്തിനു സദൃശമാണ് ഈ ഏകാന്തമതം. ഇതിനെ പിന്തുടരുന്ന ഭക്തര്‍ നാരായണപ്രാപ്തി ആകുന്ന പരമമായ മോക്ഷത്തെ കൈവരിക്കും.
ഭഗവദ്ഗീതയിലെ പദപ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത് പാണിനീയവ്യാകരണത്തിനും മുമ്പാകണം അതിന്റെ കാലം എന്നതാണ.് മഹാഭാരതം എഴുതപ്പെടുന്നതിനും വളരെ മുമ്പുതന്നെ ഭാഗവതധര്‍മ്മത്തിന്റെ ഈ സംക്ഷിപ്തരൂപം പ്രചാരത്തില്‍ വന്നിരിക്കണം. ശങ്കരാചാര്യരുടേതില്‍ നിന്നും വിഭിന്നമായ വേദാന്താശയങ്ങളും പ്രാചീനസാംഖ്യആശയങ്ങളും കലര്‍ന്നു കാണപ്പെടുന്ന ഈ ഭഗവദ്ഗീത ജൈനബൗദ്ധമതങ്ങളേക്കാളും പഴക്കമാര്‍ന്നതുമാണ് എന്ന നിഗമനത്തിലാണ് നിരവധി തെളിവുകളുടെ പിന്‍ബലത്തില്‍ ദാസ്ഗുപ്ത എത്തിച്ചേരുന്നത്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: