ബാംഗ്ലൂരില്‍നിന്നും നൂറ്ററുപത്തഞ്ച് കിലോമീറ്ററകലെ ആന്ധ്രപ്രദേശിലുള്ള പുട്ടപര്‍ത്തി. ശിലായുഗത്തില്നിന്നും പത്തുമിനിട്ടു നടന്നാല്‍ പുട്ടപര്ത്തിയിലെത്താമെന്ന് ഒരു വിദേശ ലേഖകന്‍ പണ്ടെഴുതി. എഴുതിയത് കളിയല്ല, കാര്യം തന്നെ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍. കള്ളിമുള്പ്പടര്പ്പുകളും മണ്‍പുറ്റുകളും. വരണ്ടുവിണ്ടുകീറിയ ഭൂമി. അത് പഴയകാലം. ഇന്നോ? ആധുനികതയുടെ അവിസ്മരണീയ മുദ്രകള്പേറി, ആദ്ധ്യാത്മികതയുടെ ലോകഭൂപടത്തില്‍ പുട്ടപര്‍ത്തി നിവര്ന്നുയര്ന്നുനില്ക്കുന്നു. നൂറ്ററുപത്തഞ്ചോളം ലോകരാജ്യങ്ങള്‍ തൊഴുകൈക്കുടങ്ങളുമായി ഇവിടം വലംവയ്ക്കുകയായി. ഒരു യുഗാവതാരംതന്നെ ഇതിനുകാരണഭൂതന് – ഭഗവാന് ശ്രീ സത്യസായിബാബ.
1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനനം. അച്ഛന് വെങ്കപ്പരാജു, അമ്മ ഈശ്വരമ്മ. സത്യനാരായണ രാജു എന്ന് പൂര്‍വാശ്രമത്തിലെ നാമം. ഷിര്‍ദ്ദിസായിബാബയുടെ അവതാരമാണെന്ന് പ്രഖ്യാപിച്ച് ആദ്ധ്യാത്മികജീവിതത്തിലേക്ക് പ്രവേശിച്ചത് പതിനാലാം വയസ്സില്‍ 1944ല്‍ പുട്ടപര്‍ത്തിയില്‍ ആശ്രമം സ്ഥാപിച്ചു. ആശ്രമം പ്രശാന്തിനിലയമായി മാറിയത് 1950ല്‍. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക എന്ന പാവനലക്ഷ്യത്തോടെ 1954ല്‍ പുട്ടപര്‍ത്തിയില്‍ ആശുപത്രി സ്ഥാപിച്ച് ആതുരസേവനരംഗത്ത് പ്രവേശിച്ചു. 1965ല്‍ സത്യസായി സേവാസമിതികള്ക്ക് രൂപംനല്കി. ഉന്നതമായ മാനുഷികമൂല്യങ്ങളുടെ ആചരണവും പ്രചരണവുമാണ് സേവാസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. മതങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറം മനുഷ്യത്വമാണ് ആധ്യാത്മികതയുടെ രാജപാതയെന്ന് പഠിപ്പിക്കുകയായി സായിബാബ സ്വജീവിതത്തെ സ്വന്തം സന്ദേശമാക്കിക്കൊണ്ട്.
നൂറുകോടി ചെലവിട്ട് ഇരുന്നൂറേക്കറില്‍ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്മെഡിക്കല് സയന്‍സ്, 1991ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു ഉദ്ഘാടനം ചെയ്തു. 1981ല്‍ സ്ഥാപിച്ച സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്ലേണിംഗ് ആണ് നാക്കിന്റെ അ++ അംഗീകാരമുള്ള ഇന്ത്യയിലെ ഏക സര്‍വകലാശാല. അനന്തപൂര്‍ ജില്ലയിലുള്ള 731 ഗ്രാമങ്ങളിലെ പത്തുലക്ഷം ജനങ്ങള്‍ക്കായി സത്യസായി വാട്ടര്‍ സപ്ലൈ പ്രോജക്ട് 315 കോടി രൂപ ചെലവിട്ട് റെക്കോര്‍ഡ് വേഗത്തില്‍ ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. ചെന്നൈ ജനപദ്ധതി, ഗുജറാത്ത് ഭൂകമ്പദുരിതാശ്വാസനിധി, സുനാമി പുനരധിവാസ പദ്ധതി തുടങ്ങി ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബാബ നേതൃത്വം നല്കി. മാനവസേവ മാധവസേവ – ഇതാണ് ദിവ്യസന്ദേശം.
വേദോദ്ധാരകനാണ് ശ്രീസത്യസായിബാബ. സര്‍വോല്‍കൃഷ്ടമായ ശാസ്ത്രമാണ് വേദം. മത്തായിക്കും മമ്മതിനും മനോഹരനും വേദം പഠിക്കാനവകാശമുണ്ട്. വേദപാഠശാലകള്‍ സ്ഥാപിച്ചുകൊണ്ട് ബാബ ഇതുതെളിയിക്കുകയുണ്ടായി. പ്രശാന്തി നിലയത്തില്‍ എല്ലാ മംഗളകര്‍മങ്ങളും വേദോച്ചാരണത്തോടെയാണ് തുടങ്ങുന്നതും. സ്ത്രീപുരുഷ ഭേദമെന്യെ ആര്‍ക്കും ഗായത്രിമന്ത്രം ചൊല്ലാമെന്നും ബാബ പഠിപ്പിക്കുന്നു. സ്പിരിച്വല്‍ സോഷ്യലിസത്തിന്റെ പാഠവും പൊരുളുമാണ് സത്യസായിബാബ.
ബാബയുടെ അത്ഭുത ലീലകള്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വായുവില്‍നിന്നും കൈകൊണ്ട് പിടിച്ചെടുക്കുന്ന വിഭൂതിയും വിഭൂഷകളും പരീക്ഷണവിധേയമാക്കിയവരേറെ. എ.ടി.കോവൂരിനെപ്പോലുള്ളവരുടെ വെല്ലുവിളികള്‍. അവരോടായി സൗമ്യരൂപനായി ബാബ ഇങ്ങനെ പറഞ്ഞു, ‘ഇത് എന്നിലേക്കുള്ള വിസിറ്റിംഗ് കാര്‍ഡ് മാത്രം. അദ്ഭുതമല്ല.’ യുക്തിവിചാരമൊടുങ്ങുന്നിടത്താണ് ഈശ്വരീയതയുടെ യുക്തികത.
പ്രേമമാണ് സായിമതം. പ്രേമം ഈശ്വരനാകുന്നു, ഈശ്വരന് പ്രേമമാകുന്നു. പ്രേമസംഗീതത്തിന്റെ വിശൈ്വകനിലയനമാണ് പ്രശാന്തിനിലയം. ഭക്തിജ്ഞാനകര്മങ്ങളുടെ സുദൃഢ സല്ലയനമാണ് ശ്രീസത്യസായിബാബ. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മതമോ ജാതിയോ രാഷ്ട്രീയമോ ഇവിടെ മാനദണ്ഡമാകുന്നില്ല. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക. മതിലുകളില്ലാത്ത മാനവീയത. ക്രിസ്തുമസും റംസാനും ഗുരുപൂര്‍ണിമയും പ്രശാന്തിനിലയം ആഘോഷിക്കുന്നു.
2011 ഏപ്രില്‍ 24ന് ശ്രീ സത്യസായിബാബ സമാധിയായി. വിശ്വപ്രേമത്തിന്റെ മഹാപുരുഷന് ലോകമനസ്സിലിപ്പോഴും ജീവിക്കുന്നു. അന്തിമകര്‍മങ്ങളില്‍ പങ്കെടുത്തത് മൂന്നരലക്ഷംപേര്‍. വാര്ത്താവിനിമയോപാധികളൊന്നുമില്ലാതിരുന്ന കാലത്ത് ഒരു കുഗ്രാമത്തിലെ ബാലന്റെ അത്ഭുതകഥകളെങ്ങനെ കടലുകള്ക്കക്കരെയെത്തി? വെറുമൊരു ഷെഡ്ഡായി തുടങ്ങിയ പ്രശാന്തിനിലയം ഒരു വലിയ ലോകമായിമാറിയതെങ്ങനെ? വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ബാബ ആണ്ടോടാണ്ട് പര്യടനം നടത്തിയിട്ടില്ല. ആകെക്കൂടി ഒരുവട്ടം ഒരാഫ്രിക്കന്‍ പര്യനടം മാത്രം. സത്യത്തെക്കാള്‍ മഹത്തായ സദാചാരമില്ല. സേവനത്തേക്കാള്‍ ഉദാത്തമായ പ്രാര്‍ത്ഥനയുമില്ല. സത്യധര്മശാന്തി പ്രേമങ്ങളുടെ ഈ സഹസ്രകിരണന്‍ അസ്തമയമില്ല. പ്രശാന്തിയുടെ ദിവ്യസങ്കീര്ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: