കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ഏറ്റവും ആവേശകരമായ 100 മീറ്ററില്‍ ആന്‍സി സോജനും കെ.ആര്. സൂര്യജിത്തും ട്രാക്കില്‍ തീപടര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ എതിരാളികളെ വ്യക്തമായ ലീഡില്‍ പിന്തള്ളി 12.05 സെക്കന്റില്‍ റെക്കോഡോടെ പറന്നെത്തിയാണ് തൃശൂര്‍ നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന് വേഗതയുടെ രാജകുമാരിയായത്.
2015-ല്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യു സ്ഥാപിച്ച 12.08 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയായത്. കോട്ടയം ഭരണങ്ങാനം സ്കൂൡലെ ആന്‍ റോസ് ടോമി 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ അഞ്ജലി. പി.ഡി 12.50 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ റെക്കോഡോടെ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് നൂറു മീറ്ററിലും ആന്‍സിയുടെ റെക്കോഡ് പ്രകടനം.
സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയുടെ ആകാശ് എം. വര്‍ഗീസിനെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ്പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്ത് കെ.ആര് സൂപ്പര്‍ സ്പ്രിന്ററായത്. പാലക്കാട് ഒളിമ്പിക് അക്കാദമിയില്‍ സി. ഹരിദാസിന്റെ കീഴില്‍ പരിശീലിക്കുന്ന സൂര്യജിത്ത് അവസാന 30 മീറ്ററില്‍ നടത്തിയ കുതിപ്പാണ് സ്വര്‍ണം സമ്മാനിച്ചത്. സ്കൂള്‍ കായികോത്സവത്തില്‍ നൂറ് മീറ്ററില്‍ ഈ പ്ലസ്ടുക്കാരന്റെ ആദ്യ സ്വര്‍ണമാണിത്.
സൂര്യജിത്ത് 11.02 സെക്കന്‍ഡിലും ആകാശ് 11.03 സെക്കന്‍ഡിലും ഫിനിഷ് ലൈന്‍ കടന്നു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്എസ്എസിലെ മുഹമ്മദ് ഷനൂബ്. കെ.എം. 11.14 സെക്കന്‍ഡില്‍ വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂര്യജിത്ത് സ്വര്‍ണം നേടിയിരുന്നു. വെസ്റ്റ് യാക്കര ‘തേജസി’ല്‍ രമേശ്-സുമതി ദമ്പതികളുടെ മകനാണ്. അനിയന് വിശ്വജിത്തും മേളയില്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: