ഒരു ഗ്ലാസ്സ് പാലില്‍ ഒരു തുള്ളി വിഷം വീണാല്‍ ആ പാല് മുഴുവന്‍ നശിക്കും. എന്നാല്‍ ഒരു ഗ്ലാസ്സ് വിഷത്തില്‍ ഒരു തുള്ളി പാല് വീണാല്‍ വിഷത്തിന്റെ വീര്യം കുറയില്ല. പൊതുവേ ലോകസമൂഹത്തിലും, പ്രത്യേകിച്ച് കേരള സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് പാലിന്റെയളവിനേക്കാള് കൂടുതല്‍ വിഷം ഗ്ലാസ്സുകളിലുണ്ട് എന്നതാണ്.
കേരളം കോമളം
പ്രകൃതിഭംഗിയുടെയും മനുഷ്യസൗന്ദര്യത്തിന്റെയും കാര്യത്തില്‍ കേരളം ‘ദൈവത്തിന്റെ സ്വന്തം നാടാ’ണ്. കാലാവസ്ഥയുടെ കാര്യത്തില്‍, കാലവര്‍ഷത്തിന്റെ കാര്യത്തില്‍, ജലസാന്നിധ്യത്തിന്റെ കാര്യത്തില്‍, മണ്ണിന്റെ ഫലപുഷ്ടിയുടെ കാര്യത്തില്‍ എല്ലാം അനുഗൃഹീതമാണ്. മലകളും കടലും കൂടി മാറോടണച്ചു പിടിച്ചിരിക്കുന്ന ഒരു തുണ്ടു ഭൂമിയാണ് കേരളം. വനങ്ങള്‍ ഈ തുണ്ടുഭൂമിയിലെ അന്തരീക്ഷം സുഖശീതളമാക്കുന്നു.
സാക്ഷരരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞ കേരളം! വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരികള്‍! എല്ലാവര്‍ക്കുംതന്നെ സാമാന്യമായ ഇംഗ്ലീഷ് പരിജ്ഞാനം. സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനം. സാങ്കേതിക-വൈദ്യശാസ്ത്ര-പൊതുവിഷയ വിദ്യാഭ്യാസത്തില്‍ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്പില് വ്യക്തവും സ്പഷ്ടവുമായ രാഷ്ട്രീയബോധം, സാമുദായിക മതസംഘടനകള്‍ ശക്തമാണെങ്കിലും പുറമേ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കൂടുതലൊന്നും നടത്താത്ത സമൂഹം. സ്പോര്‍ട്സിലും കലയിലും ലോകതലത്തില്പോലും സ്വന്തം സ്ഥാനമുറപ്പിച്ച സംസ്ഥാനം! വിദേശരാജ്യങ്ങളില്‍ ചെന്നാല്‍ ‘എല്ലുമുറിയെ’ പണിയെടുക്കുന്ന ഒരു വിഭാഗം.
ഇനിയും പലവിധ വിശേഷണങ്ങളുടെ പാലുകൊണ്ട് (മദ്യം സുലഭമാണെങ്കിലും) കേരളമെന്ന പാനപാത്രം നിറയ്ക്കാം! ഇനിയെത്ര നാള്കൂടിയെന്നതാണ് ചോദ്യം. കാരണം പാനപാത്രത്തിന് ഓട്ട വീണിരിക്കുന്നു എന്നു മാത്രമല്ല, അതില്‍ അവിടവിടെയായി വിഷത്തുള്ളികളും വീണുകൊണ്ടിരിക്കുന്നു. ഇത് കണ്ടില്ലെന്ന് നടിക്കുന്നത്, ശരീരത്തില്‍ ക്യാന്‍സര്‍ വന്നതു കണ്ടില്ലെന്നു നടിക്കുന്നതിന് തുല്യമാണ്.
വിദ്യാഭ്യാസരംഗം
ഒരു സമൂഹത്തിന്റെ വളര്‍ച്ചയും വികസനവും ഐശ്വര്യവുമൊക്കെ ആത്യന്തികമായി നിര്‍ണയിക്കപ്പെടുന്നത് ആ സമൂഹത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണത്തിലും മേന്മയിലുമാണ്. വിദ്യാഭ്യാസം വെറും വിവരശേഖരണവും അറിവുനേടലും മാത്രമല്ല, അതിനൊക്കെ അപ്പുറത്ത് അത് വിവേകപൂര്‍ണമാകണം. അങ്ങിനെയല്ലാതെ വരുന്നതുകൊണ്ടാണ് സാക്ഷര കേരളം രാക്ഷസ കേരളമാകുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ എല്ലാ നേട്ടങ്ങളുടെയും തിളക്കത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് നടന്ന സംഭവങ്ങള്‍ താഴെ കൊടുക്കുന്നു.
വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ഒരു വിസിയുടെ സേവനം നിര്‍ബന്ധമായി നിര്‍ത്തിവച്ച സംസ്ഥാനം (19-8-14).
ഇതേ മാസം (ആഗസ്റ്റ്, 2014) തന്നെ കൊച്ചി സര്‍വ്വകലാശാലയിലെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ വഴിയില്‍വച്ച് അസഭ്യവര്‍ഷവും കയ്യാങ്കളിയും വരെ നടത്തി.
ഇതേ മാസംതന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിസി, പ്രോവിസി എന്നിവര്‍ക്ക് സിന്‍ഡിക്കേറ്റ് യോഗത്തില്‍ അടിപിടിയില്‍ പരിക്കേറ്റു.
പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ച ആളിന് കേരള യൂണിവേഴ്സിറ്റിയുടെ പ്രോ വിസി സ്ഥാനവും പരീക്ഷാ കണ്ട്രോളര്സ്ഥാനവും (1-12-14).
കേരള യൂണിവേഴ്സിറ്റിയില്‍ ബജറ്റ് സമ്മേളനത്തില്‍ നിയമസഭാ മോഡല്‍ കയ്യാങ്കളി (മാതൃ. 22-3-15).
എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച തൃശൂര്‍ റേഞ്ച് ഐജി പിടിയിലായി (6-5-15).
വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി കോപ്പിയടി വിവാദം (19-5-15).
കോമേഴ്സ് വിഷയത്തിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ എല്ലാ അംഗങ്ങളും എംജി യൂണിവേഴ്സിറ്റിയില്‍ കൂട്ട രാജിവയ്ക്കുന്നു. (24-6-17).
പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍മാരുടെ കുഴിമാടം തീര്‍ക്കുകയും കസേര കത്തിക്കുകയും യഥാക്രമം നടത്തുന്നു. എസ്എഫ്ഐക്കാരാണിത് ചെയ്തത്.
എല്ലാ സമരങ്ങളുടെയും അക്രമത്തിന്റെയും സിരാകേന്ദ്രമായി, എസ്എഫ്ഐയുടെ കേന്ദ്രമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാറുന്നു. അവസാനം ഒരേ സംഘടനയില്‍പ്പെട്ടവര്‍ തമ്മില്‍ കത്തിക്കുത്ത് വരെ നടക്കുന്നു.
തോറ്റ കുട്ടികളെ ജയിപ്പിക്കാന്‍വേണ്ടി ഒരു ചരിത്രബോധവും സാമൂഹ്യബോധവും ധാര്‍മ്മികതയും തീണ്ടാത്ത വിദ്യാഭ്യാസമന്ത്രി ‘മാര്‍ക്കുദാന’ത്തിന് ഉത്തരവിടുന്നു.
പിഎസ്സി പരീക്ഷയില്‍ കോപ്പിയടിച്ച ഉദ്യോഗാര്‍ത്ഥി അത് തന്റെ കഴിവാണെന്ന് അഹങ്കരിക്കുന്നു. കേരളീയ സമൂഹത്തില്‍ പഠിച്ച് പരീക്ഷയെഴുതുന്ന സാധാരണ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടുന്നു. 16-ാം തീയതിയിലെയും 17-ലേയും പത്രവാര്‍ത്തകള്‍ കേരളത്തിലെ സാധാരണ വിദ്യാര്‍ത്ഥികളുടെ ഭാവിയെ അപകടപ്പെടുത്തുന്നതാണ്. കേരള സര്‍വ്വകലാശാലയില്‍ വന്‍ മാര്‍ക്ക് തട്ടിപ്പ് നടന്നതും, സ്വര്‍ണം കള്ളക്കടത്ത് നടത്തുന്ന പ്രതിയുടെ വീട്ടില്‍നിന്ന് സര്‍വ്വകലാശാലാ മാര്‍ക്ക് ലിസ്റ്റ് കണ്ടെടുത്തതും, നമ്മുടെ സര്‍വ്വകലാശാലകളിലെ അഗാധമായ അഴിമതിയുടെ കാണാക്കയങ്ങളെ സൂചിപ്പിക്കുന്നു.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍നിന്ന് ഡിഗ്രിയെടുത്ത് പുറത്തിറങ്ങുന്ന സാധാരണ വിദ്യാര്‍ത്ഥികളെ, താമസിയാതെതന്നെ, പേരുകേട്ട കമ്പനികളും സ്ഥാപനങ്ങളും അവരുടെ പടിക്കു പുറത്തുനിര്‍ത്തുന്ന അവസ്ഥ വരും. ഈ മന്ത്രിയും സിന്‍ഡിക്കേറ്റും സര്‍വ്വകലാശാലയിലെ രാഷ്ട്രീയക്കാരുടെ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരുംകൂടി ചെയ്തുകൂട്ടുന്ന മഹാപാതകങ്ങളുടെ ആഘാതത്തില്‍ കേരളത്തിലെ യുവാക്കളുടെ തൊഴില്‍- ജീവിതസ്വപ്നങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നത് നമുക്ക് കാണേണ്ടിവരും.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, മൂടുതാങ്ങികളായ അധ്യാപക സംഘടനാ പ്രവര്‍ത്തകര്‍, സ്വജനപക്ഷപാതികളായ രാഷ്ട്രീയക്കാര്‍, കോപ്പിയടി, അക്രമം, മദ്യ-കഞ്ചാവ് മാഫിയ കൂട്ടുകെട്ട്, കലാലയ സമാധാനാന്തരീക്ഷത്തെ തകര്‍ക്കല്‍ എന്നിവ സ്വഭാവമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍- ഇവര്‍ക്കെല്ലാമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കേസെടുത്ത് ജയിലിലടച്ചാല്‍ സാക്ഷര കേരളം രാക്ഷസകേരളമാകാതെ രക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: