ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൂമുഖത്ത് ആധികാരികമായി കയറിയിരിക്കാന്‍ യോഗ്യനായ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച തിരുനെല്ലായ് നാരായണ അയ്യര്‍ ശേഷന് എന്ന ടി.എന്‍. ശേഷന്. അത്രമാത്രം പക്വതയോടെയും സൂക്ഷ്മതയോടെയുമാണ് ജനാധിപത്യ ശ്രീകോവിലില്‍ പൂജചെയ്യാന്‍ അദ്ദേഹം അവസരമൊരുക്കിയത്. ജനാധിപത്യത്തിന്റെ രണ്ട് മുഖങ്ങള്‍ ഇവിടുത്തെ ജനതയ്ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്.
രാജ്യത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി ഇരുട്ടറയിലേക്ക് പൊതുജനങ്ങളെ ചുരുട്ടിക്കൂട്ടിയെറിഞ്ഞു ഒരു ഭരണാധികാരി. ജനാധിപത്യാവകാശങ്ങളെക്കുറിച്ച് ചോദിച്ചവരുടെ നേരെ ബയണറ്റും ലാത്തിയും പ്രയോഗിച്ച് അസ്തപ്രജ്ഞരാക്കി. ലോകത്തിനു മുമ്പില്‍ അന്ന് ഭാരതം വിവസ്ത്രയായി. അടിയന്തരാവസ്ഥയെന്ന ജിന്നില്‍നിന്ന് ആവേശം നേടിയ ഇന്ദിരാഗാന്ധിയെന്ന ഭരണാധികാരി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്രണമാണെങ്കില്‍ സുശോഭിത ജനാധിപത്യത്തിലേക്ക് ജനങ്ങളെ കൈപിടിച്ച് നടത്തിച്ചു ടി.എന്‍. ശേഷന്.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എന്തെന്നറിയാത്തവരുടെ മനസ്സിലേക്ക് ജനാധിപത്യ സംഹിതയുടെ നേര്‍ക്കാഴ്ചയുമായി അദ്ദേഹം സഞ്ചരിച്ചു. ആരും പോകാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ നിര്‍ഭയം സഞ്ചരിച്ചു. ഒരു വോട്ടുകുത്തലില്‍ അവസാനിക്കുന്നതല്ല ജനങ്ങളുടെ ജനാധിപത്യാവകാശമെന്ന് അദ്ദേഹം ചൊല്ലിപ്പഠിപ്പിച്ചു. നേരാംവണ്ണം കാര്യം മനസ്സിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യം ‘ചൂരല്‍ക്കഷായം’ നല്‍കാനും അദ്ദേഹം തയാറായി. അതുകൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പുവേളയിലും ‘ശേഷന് ഇഫക്ടി’ നെക്കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അസാധ്യമെന്ന് കരുതിയ പലതും സുസാധ്യമാക്കി എന്നതല്ല ശേഷന്റെ പ്രത്യേകത. അതിലൊക്കെ ഇന്ത്യയിലെ അങ്ങേയറ്റത്തെ ദുര്‍ബ്ബലന്റെ വികാരം കൂടി അലിയിച്ചു ചേര്‍ത്തു എന്നതിലാണ്.
വോട്ടിനും നോട്ടിനും ഇടയിലെ സങ്കീര്‍ണതകള്‍ ഒന്നൊന്നായി പൊളിച്ചടുക്കുന്നതില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ഏതറ്റംവരെ പോകാമെന്ന് പ്രവൃത്തിയിലൂടെ അദ്ദേഹം കാണിച്ചു കൊടുത്തു. സുതാര്യവും സുശക്തവുമായ ജനാധിപത്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം അനുഭവത്തിലൂടെ വെളിപ്പെടുത്തി. അധികാരത്തിന്റെ അടുപ്പത്തിലേക്ക് സ്വന്തക്കാരെയൊ കുടുംബക്കാരെയോ കൊണ്ടുവരാന്‍ ഒരിക്കല്‍പോലും അദ്ദേഹം തയാറായിരുന്നില്ല. മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാന്‍ നാട്ടിലുള്ളവരെയൊക്കെ മക്കളാക്കി സ്നേഹിക്കാനാണ് അദ്ദേഹം ഉത്സാഹം കാട്ടിയത്.
രാഷ്ട്രീയക്കാര്‍ക്ക് ശേഷന് ഒരു പേടിസ്വപ്നമായിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്ക് ഊടും പാവുമായി നിന്ന സകലരേയും അദ്ദേഹം ചെലവും ചിട്ടയും പഠിപ്പിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്കിനൊപ്പം ആര്‍ത്തലച്ചു പാഞ്ഞ വോട്ടുകളെ തടയണ കെട്ടി നിര്‍ത്തിയ ശേഷനു മുമ്പില്‍ ജനാധിപത്യവാദികള്‍ നമ്രശിരസ്കരാവുക തന്നെ വേണം. വാസ്തവത്തില്‍ ശേഷന് പുതിയ നിയമങ്ങളൊന്നും കൊണ്ടുവന്നിരുന്നില്ല. രേഖപ്പെടുത്തിവച്ച നിയമങ്ങളൊക്കെ പൊടി തട്ടിയെടുത്ത് ജനങ്ങളുടെ മുമ്പില്‍ വെക്കുകയായിരുന്നു. തങ്ങള്‍ ചാപ്പകുത്തി നയിക്കപ്പെടേണ്ട നിസ്സഹായജന്മങ്ങളല്ലെന്ന് മനസ്സിലായത് ശേഷന്റെ സുധീരമായ പല നടപടികളിലൂടെയുമാണ്.
ഇന്ത്യന്‍ ജനാധിപത്യം ശേഷന് മുമ്പും പിമ്പും എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവാനിടയില്ല. അത്രമാത്രം ആത്മാര്‍ഥമായാണ് തെരഞ്ഞെടുപ്പ് രംഗം അദ്ദേഹം ശുദ്ധീകരിച്ചത്. അദ്ദേഹത്തിനുശേഷം ആ പദവിയില്‍ എത്തിയവര്‍ ഒരുതരത്തിലും ശേഷന്റെ പാതയില്‍നിന്ന് വ്യതിചലിച്ചില്ല എന്നതാണ് വാസ്തവം. കാരണം ശേഷന്റെ ക്രിയകളിലൂടെ വോട്ടര്‍മാര്‍ അത്ര മാത്രം തെരഞ്ഞെടുപ്പിനെക്കുറിച്ച് ബോധവാന്മാരായിരുന്നു. അത് അട്ടിമറിക്കാന്‍ പിന്നീടു വന്നവര്‍ക്ക് ധൈര്യമുണ്ടായില്ല. തെരഞ്ഞെടുപ്പ് കാലത്തു മാത്രം ജാഗ്രത പാലിക്കുന്ന സംവിധാനമല്ല തെരഞ്ഞെടുപ്പു കമ്മിഷന് എന്നതായിരുന്നു ശേഷന്റെ നിലപാട്. അഴിമതി രാഷ്ട്രീയക്കാരുടെ പുതുവഴികള്‍ അദ്ദേഹം സൂക്ഷ്മമായി കണ്ടെത്തി. അത് തകര്‍ക്കാന്‍ വേറിട്ട ശൈലികളും ആവിഷ്കരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങള്‍ക്കും ശേഷന് ചെവികൊടുത്തു. കര്‍ക്കശക്കാരനെന്ന് പറയുമ്പോഴും വാത്സല്യമുള്ള പ്രിയപ്പെട്ട ഓഫീസറായി അവരുടെ മനസ്സുകളില്‍ ശേഷന് ചിരഞ്ജീവിയായി.
ജ്യോതിഷവും നൃത്തവും കര്‍ണാടക സംഗീതവും വയലിനും എന്നുവേണ്ട കലാ സാംസ്കാരിക രംഗമുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഭയായിരുന്ന അദ്ദേഹം അധികാരസ്ഥാനത്തെത്തിയാല്‍ അതിന്റെ ശക്തി പ്രയോഗിക്കണമെന്ന കാഴ്ചപ്പാടുകാരനും ആയിരുന്നു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ശേഷന് തെരഞ്ഞെടുപ്പ് കമ്മിഷണറാവുന്നത്. ചുമതലയേറ്റശേഷമുള്ള ആദ്യ ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അധികാരം എന്താണെന്ന് അദ്ദേഹം കാണിച്ചു കൊടുത്തു. ഒരുവേള ‘ഭസ്മാസുരന് വരം കൊടുത്തതു’ പോലെയായോ എന്ന് ചന്ദ്രശേഖറിന് തോന്നുക പോലും ചെയ്തു.
തനിക്ക് എന്നും കരുത്തായി കൂടെയുള്ളത് ‘ഭഗവത്ഗീത’യാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ യുദ്ധം ചെയ്തെങ്കിലും ജയിച്ചത് കൃഷ്ണനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തെരഞ്ഞെടുപ്പു യുദ്ധത്തില്‍ ആര് പോരാടിയാലും ഇലക്ഷന് കമ്മിഷനാണ് വിജയിക്കുന്നതെന്ന് ഭംഗ്യന്തരേണ പറഞ്ഞുവെക്കുകയായിരുന്നു ശേഷന്. കാലത്തിന്റെ കളിയരങ്ങില്‍ അതിമനോഹരമായി നടനമാടി ഇങ്ങിനിവരാത്തവണ്ണം തിരിച്ചുപോകുന്ന ശേഷന് അവശേഷിപ്പിച്ചിരിക്കുന്ന സംസ്കാരം കൈക്കുടന്നയിലെടുത്ത് അനുയാത്ര തുടരുകയത്രേ നമുക്കു കരണീയം. ആര്‍ജവവും അര്‍പ്പണ മനോഭാവവും ആത്മാര്‍ഥതയുമുള്ള ഇത്തരം ഓഫിസര്‍മാരെയാകണം സിവില്‍ സര്‍വീസുകാര്‍ മാതൃകയാക്കേണ്ടത്. എങ്കിലേ സഫലജനാധിപത്യം പൂക്കാലമായി നിലനില്‍ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: