തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഒടുവില്‍ ആരംഭിച്ച ഭാരതീയ മസ്ദൂര്‍ സംഘം എങ്ങനെ ഒന്നാം സ്ഥാനത്തെത്തി എന്നത് പലര്‍ക്കും ഇന്നൊരു അദ്ഭുതമാണ്. ഭാരതത്തിലെ തൊഴില്‍രംഗത്തെ ഹിമാലയന്‍ സംഘടനകളായ 1920-ല്‍ ആരംഭിച്ച എഐടിയുസിയും 1947-ല്‍ തുടങ്ങിയ ഐഎന്‍ടിയുസിയുമൊക്കെ ശ്രദ്ധേയമായത് അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കന്മാര് നയിച്ചിരുന്നതുകൊണ്ടാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി പ്രസിദ്ധി തീരെ താല്പര്യമില്ലാത്ത ദത്തോപന്ത് ഠേംഗ്ഡി എന്ന ഠേംഗ്ഡിജിയുടെ സംഘടനാ വൈദഗ്ദ്ധ്യം കൊണ്ടാണ് അരനൂറ്റാണ്ടിനുള്ളില്‍ ഈ അപൂര്‍വ നേട്ടം ഭാരതീയ മസ്ദൂര്‍ സംഘത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.
1949-ല്‍ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തൊഴിലാളികള്‍ക്കിടയിലേക്ക് തിരിഞ്ഞത് അന്നത്തെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍, തൊഴിലാളി രംഗത്ത് ഭാരതീയ ചിന്താധാരയില്‍ അടിസ്ഥാനമാക്കിയ സംഘടന കെട്ടിപ്പടുക്കാന്‍ നിര്‍ദ്ദേശിച്ചതുപ്രകാരമാണ്. ഉടന്‍തന്നെ ഒരു സംഘടന തുടങ്ങുന്നതിനു പകരം ആദ്യം ആ മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അന്നുള്ള വ്യത്യസ്ത ട്രേഡ് യൂണിയനുകളെ പരിശീലന കളരിയായി ഠേംഗ്ഡി തിരഞ്ഞെടുത്തു.
അദ്ദേഹം ആദ്യം ഐഎന്‍ടിയുസിയിലാണ് ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ആ പ്രസ്ഥാനത്തിന്റെ കീഴിലുള്ള പത്തോളം യൂണിയനുകളില്‍ ഭാരവാഹിയായി. 1950 ഒക്ടോബറില്‍ അദ്ദേഹം ഐഎന്‍ടിയുസിയുടെ ദേശീയ സമിതി അംഗമായി. കൂടാതെ പഴയ മധ്യപ്രദേശിലെ സംസ്ഥാന സെക്രട്ടറിയുമായി. ഇത് കൂടാതെ 1952 മുതല്‍ 1955 വരെയുള്ള കാലഘട്ടത്തില്‍ ഠേംഗ്ഡി എഐബിഇഎ എന്ന കമ്യൂണിസ്റ്റ് ബാങ്കു ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1954-1955 കാലത്ത് ആര്‍എംഎസ് എംപ്ലോയീസ് യൂണിയന്റെ(പോസ്റ്റല്‍) പഴയ മധ്യപ്രദേശ്, വിദര്‍ഭ, രാജസ്ഥാന് എന്നീ പ്രദേശങ്ങളടങ്ങിയ സെന്‍ട്രല്‍ സര്‍ക്കിളിന്റെ പ്രസിഡന്റായിരുന്നു. ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട എല്‍ഐസി, റെയില്‍വേ, ടെക്സ്റ്റയില്‍, കല്‍ക്കരി തുടങ്ങിയ യൂണിയനുകളിലും ഠേംഗ്ഡി അധ്യക്ഷസ്ഥാനം വഹിച്ചു. അങ്ങനെ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചും നേരിട്ടുള്ള അറിവ് ഉണ്ടായി. കമ്യൂണിസത്തെക്കുറിച്ച് പഠിക്കാനും കമ്യൂണിസ്റ്റ് പ്രവര്‍ത്തന പദ്ധതി നേരിട്ടറിയാനും ഈ അനുഭവങ്ങള്‍ ഠേംഗ്ഡിക്ക് അവസരമൊരുക്കി.
ഏല്‍പ്പിച്ച ദൗത്യം ഒറ്റയ്ക്കുതന്നെ, ഗുരുജിയുടെ വാക്കുകളില്‍ ‘സിംഗിള്‍ ഹാന്‍ഡഡ്’ ആയി നിര്‍വഹിക്കുവാന്‍ ഠേംഗ്ഡിക്ക് കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏതൊക്കെ കോണുകളില്‍ നിന്നായിരുന്നു എന്നതിന് അദ്ദേഹം ഒരനുഭവം പറയാറുണ്ട്. കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെങ്കൊടി പിടിച്ച് സമരം ചെയ്തശേഷം രാത്രി നാഗ്പൂര്‍ സംഘകാര്യാലയത്തില്‍ വന്ന് കിടക്കുക പതിവാണ്. ആ സമയം സംഘത്തിന്റെ ചില പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ കാര്യാലയത്തില്‍ താമസിക്കുന്നത് ശരിയല്ല എന്ന് ഠേംഗ്ഡിയോടുതന്നെ നേരിട്ട് പറഞ്ഞു. ഇതേക്കുറിച്ച് അറിയാനിടയായ ഗുരുജി, ഠേംഗ്ഡിയോട് തന്റെ താമസസ്ഥലത്ത് താമസിക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് മറ്റുള്ളവര്‍ക്ക് അവര്‍ പറഞ്ഞതിലുള്ള തെറ്റ് മനസിലായത്. അങ്ങനെ ഗുരുജിയോടൊപ്പം താമസിക്കുമ്പോഴാണ് ഏകാത്മ മാനവദര്‍ശനത്തിന്റെ രൂപരേഖ തയാറാക്കുന്നതില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയെ സഹായിച്ചത്.
ഒടുവില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളോട് വിടപറഞ്ഞ് 1955 ജൂലായ് 23 ന് ഭോപ്പാലില്‍ വച്ചാണ് രാജ്യത്തെ പല ഭാഗത്തുനിന്നും വിളിച്ചുകൂട്ടിയ 35 പേരുടെ സാന്നിദ്ധ്യത്തില്‍ വച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന് ഠേംഗ്ഡി ജന്മം നല്‍കിയത്. അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്ന അടല്‍ബിഹാരി വാജ്പേയി രാഷ്ട്രീയാതീത തൊഴില്‍ സംഘടനയെന്ന ആശയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പുതിയ സംഘടനയ്ക്ക് ആശംസകള്‍ നേര്‍ന്നു.
രൂപീകരണ സമയം മുതല്‍ സംഘടനയുടെ പ്രവര്‍ത്തകരില്‍ ജനാധിപത്യ രീതി നിലനിര്‍ത്താന്‍ ഠേംഗ്ഡി ശ്രദ്ധിച്ചു. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്ന ഒരു ഉദാഹരണം അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. രൂപീകരണവേളയില്‍ സംഘടനയുടെ പേര് ഭാരതീയ ശ്രമിക് സംഘ് എന്ന് ഠേംഗ്ഡിയും മറ്റും തീരുമാനിച്ച് അതനുസരിച്ച് റിപ്പോര്‍ട്ട് തയാറാക്കി പകര്‍പ്പുകള്‍ എടുത്താണ് യോഗത്തിന് എത്തിയത്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള പ്രതിനിധി ‘ശ്രമിക് ‘ എന്ന വാക്ക് അവര്‍ വികലമായാണ് ഉച്ചരിക്കുകയെന്നും അതിനാല്‍ മസ്ദൂര്‍ എന്ന വാക്കാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. ഒടുവില്‍ ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന പ്രതിനിധി, ബംഗാളി ഭാഷയില്‍ ‘മസ്ദൂര്‍’ എന്ന പദമില്ലെങ്കിലും പഞ്ചാബില്‍ നിന്നുള്ള പ്രതിനിധിയുടെ വികാരം മാനിച്ച് മസ്ദൂര്‍ എന്ന പദം സ്വീകരിക്കാമെന്നറിയിച്ചു. അങ്ങനെയാണ് ഭാരതീയ മസ്ദൂര്‍ സംഘം എന്ന പേര് അംഗീകരിക്കപ്പെട്ടത്.
അന്ന് ഒന്നിച്ചു കൂടിയവരില്‍ മിക്കവരും ട്രേഡ് യൂണിയനില്‍ പരിചയമില്ലാത്ത സാമൂഹ്യപ്രവര്‍ത്തകരായിരുന്നു. ഒരൊറ്റ യൂണിയനോ, അംഗം പോലുമോ അന്നുണ്ടായിരുന്നില്ല. ബിഎംഎസ് തുടങ്ങി പന്ത്രണ്ടുവര്‍ഷക്കാലം ഔപചാരികമായ അഖിലേന്ത്യാ കമ്മിറ്റിയുണ്ടായിരുന്നില്ല. അഞ്ചുപേരടങ്ങുന്ന ഒരു അനൗപചാരിക സമിതി മാത്രം. ഠേംഗ്ഡി, ഗുരുജിയുമായി ചര്‍ച്ച ചെയ്ത് ബിഎംഎസിന് പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടാക്കി. സ്വയം ജനറല്‍ സെക്രട്ടറിയെന്ന് നിശ്ചയിച്ച് നിരന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സംഘടന കെട്ടിപ്പൊക്കി.
തൊഴില്‍മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഗുരുജി നിരന്തരം ശ്രദ്ധിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ഠേംഗ്ഡിയോട് അമ്മ മക്കളെ സ്നേഹിക്കുന്നതുപോലെ തൊഴിലാളികളെ സ്നേഹിക്കാന്‍ അദ്ദേഹം പറഞ്ഞു. ഗുല്‍സാരിലാല്‍ നന്ദ ആഭ്യന്തര മന്ത്രിയായിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സമരത്തെക്കുറിച്ചുള്ള ബിഎംഎസ് നയം വ്യക്തമാക്കാന്‍ ഗുരുജി ഠേംഗ്ഡിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ബിഎംഎസിന് യൂണിയനില്ലെന്ന് അദ്ദേഹം മറുപടി നല്കി. എന്നാല്‍പ്പോലും ബിഎംഎസിന്റെ നയം സംഘപ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയില്‍ പ്രസിദ്ധീകരിക്കണമെന്ന് ഗുരുജി നിര്‍ദ്ദേശം നല്കി. സമരത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നല്കി. ”തൊഴിലെടുക്കാനുള്ള അവകാശത്തില്‍ പണിമുടക്കുവാനുള്ള അവകാശവും അന്തര്‍ലീനമാണ്. സമരത്തിന് ഫലപ്രദമായ ബദല്‍ ഉണ്ടാകുമ്പോള്‍ സമരമെന്ന മാര്‍ഗത്തിന്റെ പ്രസക്തി ഇല്ലാതാകും.” തൊഴില്‍ മേഖലയില്‍ ഗുരുജിയുടെ ആഴത്തിലുള്ള ശ്രദ്ധയാണ് ഇത് കാണിക്കുന്നത്.
ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഠേംഗ്ഡിക്ക് നിരവധി പ്രതിബന്ധങ്ങളും അനുഭവപ്പെട്ടു. ബോംബെയില്‍ വച്ച് നടന്ന ഒരു സംയുക്ത ട്രേഡ് യൂണിയന് പരിപാടിയില്‍ ഠേംഗ്ഡിയായിരുന്നു സ്വാഗതപ്രസംഗകന്. അതില്‍ പങ്കെടുത്ത പ്രസിദ്ധ എച്ച്എംഎസ് നേതാവായിരുന്ന എന്‍.ജി. ഗോറെ താന്‍ ഒരു ആര്‍എസ്എസ് പ്രചാരകനുമായി വേദി പങ്കിടില്ലെന്ന് അവസാന നിമിഷത്തില്‍ പ്രഖ്യാപിച്ചു. നിശ്ചയിച്ച സ്ഥിതിക്ക് ഠേംഗ്ഡി സ്വാഗതം പറയുകയും ഒരു വിരോധവും പ്രകടിപ്പിക്കാതെ വേദിയിലിരിക്കാതെ ഇറങ്ങിപ്പോകുകയും ചെയ്തു. വളരെക്കാലത്തിനുശേഷം അടിയന്തരാവസ്ഥയില്‍ ഗോറെയെ ഒളിവില്‍ സുരക്ഷിതമായി കൊണ്ടുപോകേണ്ട ചുമതല ഠേംഗ്ഡിക്കായിരുന്നു. കുറച്ചു നേരത്തെ ഇടപഴകലിനുശേഷം ഗോറെ പഴയ സംഭവത്തില്‍ പശ്ചാത്താപം അറിയിക്കുകയാണ് ചെയ്തത്.
എകെജിയുടെ ആത്മകഥയില്‍ നിന്നുള്ള കമ്യൂണിസ്റ്റ് അനുഭവങ്ങള്‍ പോലും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞു. ”അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല” എന്ന ഠേംഗ്ഡിയുടെ വാക്യം മന്ത്ര സമാനമായി പ്രവര്‍ത്തകരുടെ കാതുകളില്‍ മുഴങ്ങുന്നു. സംഘടനാ-രാഷ്ട്രീയ അതിര്‍ത്തികള്‍ക്കപ്പുറം വ്യക്തിസൗഹൃദം വളര്‍ത്തുവാന്‍ ഠേംഗ്ഡി ശ്രദ്ധിച്ചിരുന്നു. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയക്കാരിലും ട്രേഡ് യൂണിയന് നേതാക്കള്‍ക്കിടയിലും നിരവധി സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുകാലത്ത് കേരളത്തില്‍ ആര്‍എസ്എസ്-മാര്‍ക്സിസ്റ്റ് സംഘട്ടനം രൂക്ഷമായപ്പോള്‍ സിഐടിയു നേതാവ് പി. രാമമൂര്‍ത്തിയോടൊപ്പം അദ്ദേഹം കേരളത്തില്‍ വന്ന് അതിനു വിരാമമിടാന്‍ ശ്രമം നടത്തി.
1955-ല്‍ തന്നെ രാഷ്ട്രീയാതീത സംഘടന എന്ന അടിസ്ഥാനപരമായ സമീപനം ബിഎംഎസിന്റെ കാര്യത്തില്‍ സ്വീകരിച്ചിരുന്നു. അത് ഇന്നുവരെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. ഭരിക്കുന്ന സര്‍ക്കാരിന്റെ നിറം നോക്കാതെ തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ നയമനുസരിച്ച് പ്രതികരിക്കാന്‍ ട്രേഡ് യൂണിയനുകളെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഈ സമീപനത്തെ അദ്ദേഹം വിളിച്ചത് ”പ്രതികരണാത്മക സഹകരണം” (ഞലുെീിശെ്ല രീീുലൃമശേീി) എന്നാണ്.
1984-ല്‍ ഹൈദരാബാദ് സമ്മേളനത്തില്‍ വിദേശ ഏജന്‍സികള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കുമെതിരെ അദ്ദേഹം യുദ്ധപ്രഖ്യാപനം നടത്തി. പിന്നീടാണ് സ്വദേശി ജാഗരണ്‍മഞ്ച് അദ്ദേഹം സ്ഥാപിച്ചത്. ഇതുകൂടാതെ ഭാരതീയ കിസാന്‍ സംഘം, സാമാജിക സമരസതാ മഞ്ച് എന്നീ സംഘടനകളും ബിഎംഎസിനുള്ളില് ‘സര്‍വ്വ പന്ഥ സമാദര്‍ മഞ്ച്’, ‘പര്യാവരണ്‍ മഞ്ച്’ എന്നിവയും അദ്ദേഹം സ്ഥാപിച്ചിരുന്നു. മതസൗഹാര്‍ദ്ദ പ്രവര്‍ത്തനവും പരിസ്ഥിതി പ്രവര്‍ത്തനവുമായിരുന്നു ഈ മഞ്ചുകളുടെ ലക്ഷ്യം.
അദ്ദേഹം ട്രേഡ് യൂണിയന് പരിപാടികളുടെ ഭാഗമായും അല്ലാതെയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1985-ല്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഏപ്രില്‍ 28-ന് ബിജീങ് റേഡിയോ ദേശീയ ബോധമുള്ള തൊഴിലാളിയെന്ന വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസംഗം 20 മിനിറ്റ് നേരം പ്രക്ഷേപണം ചെയ്യുകയുണ്ടായി.
”പ്രതികരണാത്മക സഹകരണം” എന്ന ആശയം മാറി മാറി വന്ന സര്‍ക്കാരുകളുടെ കാലത്ത് അദ്ദേഹം പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തു. 1991-ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലം മുതല്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറിമാറി ഭരിച്ച കോണ്‍ഗ്രസ്-ഇടതുപക്ഷ-എന്‍ഡിഎ സര്‍ക്കാരുകളുടെ തൊഴില്‍ നയവും സാമ്പത്തിക നയവും ഏറെക്കുറെ ഒന്നുതന്നെയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഇവയെ ശക്തിയായി എതിര്‍ത്തിരുന്ന കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ അവര്‍ പിന്താങ്ങുന്ന ദേവഗൗഡെ, ഗുജ്റാള്‍ സര്‍ക്കാരുകളുടെ കാലത്ത് നിഷ്ക്രിയരായി. എന്നാല്‍ ബിഎംഎസ് 1991-മുതല്‍ തുടര്‍ന്നുവന്ന എതിര്‍പ്പ് എന്‍ഡിഎ അധികാരത്തിലേറിയശേഷം ഇല്ലാതാകുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റുപറ്റി. 1999-ലെ നാഗ്പ്പൂര്‍ സമ്മേളനത്തിലും, 2001 ഏപ്രില്‍ 16-ലെ റാലിയിലും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികളിലും അതിരൂക്ഷമായ ഭാഷയിലാണ് ഠേംഗ്ഡി എന്‍ഡിഎ മന്ത്രിമാരെക്കുറിച്ച് പ്രതികരിച്ചത്. ഇത് ആധുനിക രാഷ്ട്രീയ-ട്രേഡ് യൂണിയന് ചരിത്രത്തിലെ അപൂര്‍വ സംഭവമായി മാറി. ഇതിനെ പിന്തുടര്ന്നുകൊണ്ടാണ് പാര്‍ലമെന്റില്‍ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് വോട്ടു ചെയ്യുന്ന ഇടതുപക്ഷ സംഘടനകള്‍ പുറത്ത് അവരുടേ ട്രേഡ് യൂണിയനുകളെക്കൊണ്ട് സര്‍ക്കാരിനെതിരെ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ തൊഴിലാളി വിരുദ്ധമായി തിരിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഇക്കാര്യം ഫോണിലൂടെ ഠേംഗ്ഡിയെ കമ്മീഷന് അംഗമെന്ന നിലയില്‍ ഞാന്‍ അറിയിച്ചപ്പോള്‍ ഉടന്‍ വിയോജനക്കുറിപ്പ് തയാറാക്കി പൂനെയിലെത്താനാണ് അദ്ദേഹം പറഞ്ഞത്. അവിടെ വച്ച് മുംബൈയിലെ സീനിയര്‍ അഡ്വക്കേറ്റായ ധാരവ് എന്നയാളുടെ സാന്നിദ്ധ്യത്തില്‍ ശ്രദ്ധാപൂര്‍വം വിയോജനക്കുറിപ്പ് വായിച്ചു കേട്ടപ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഇതിനുവേണ്ടി രാത്രി പതിനൊന്നുമണിക്ക് അദ്ദേഹം ഉറങ്ങാതെ ഞാന്‍ ചെല്ലുന്നതും കാത്തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് വിയോജനക്കുറിപ്പ് രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമായത്. അങ്ങനെ ഒരിക്കല്‍ക്കൂടി തൊഴിലാളി സംഘടനാ ചരിത്രത്തില്‍ ബിഎംഎസിന്റെ യശസ്സുയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം നിര്‍ണായകമായി.
ആധുനിക ഭാരതത്തിന്റെ ട്രേഡ് യൂണിയന് ചരിത്രത്തിന്റെ ആചാര്യനായി ഠേഗ്ഡി മാറിയത് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ്. ഈ ആദര്‍ശത്തിന്റെ അഗ്നിജ്വാലയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശവും സംഘ മഹാപ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആവശ്യമായി വന്ന ഒരു സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്. അദ്ദേഹം ജീവിച്ചുകാണിച്ച ആദര്‍ശ മാതൃക ലക്ഷക്കണക്കിന് പ്രവര്ത്തകമനസ്സുകളിലൂടെ വളരെക്കാലം ഇനിയും കത്തിനില്‍ക്കുക തന്നെ ചെയ്യും.
നൂറുവര്‍ഷം തികയുകയല്ല ഠേംഗ്ഡിക്ക്. വരുംകാലം ആ മനീഷിയെ തിരിച്ചറിയാന്‍ പോവുകയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘാടനവും ഉന്നമനവും ക്ഷേമവുമായിരുന്നു ഉത്തുംഗമായ ആദര്‍ശ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍. കാലുകള്‍ ഭൂമിയിലും ശിരസ് ആകാശത്തും മുട്ടിനിന്നിരുന്ന ദത്തോപന്ത് ഠേംഗ്ഡി അങ്ങനെയാണ് സര്‍വര്‍ക്കും ഠേംഗ്ഡിജിയാവുന്നത്.
(ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: