കൊല്ലം: സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കെ പുതിയസമരമുറകള്‍ ആലോചിച്ച് ഉടമകള്‍. നിലവില്‍ നടത്തുന്ന സമരങ്ങള്‍ക്ക് സമ്പൂര്‍ണഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് പുത്തന്‍ സമരമുറകള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.
നിലവില്‍ അടയ്ക്കുന്ന പ്രതിദിന ടാക്സ് അടയ്ക്കാതെ വ്യവസായത്തിന്റെ ദയനീയാവസ്ഥയിലേക്ക് ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ പതിപ്പിക്കാനാണ് സ്വകാര്യബസ്സുടമകളുടെ ആലോചന. 20ന് നടത്തുന്ന സൂചനാപണിമുടക്കിന് ശേഷവും വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം എന്നതാണ് തീരുമാനം. എന്നാല്‍, വലിയ വിഭാഗം ഉടമകള്‍ക്കും ഇതിനോട് വിയോജിപ്പുണ്ട്.
നാലു ദിവസം ബസ് ഷെല്‍ട്ടറില്‍ കയറ്റിയിട്ടാല്‍ ബാറ്ററികളും സ്പെയര്‍പാര്‍ട്സുകളും തകരാറിലാകുമെന്നും പിന്നെയും വന്‍തുക മുടക്കേണ്ടിവരുമെന്നുമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന ആവലാതി. ഇപ്പോള്‍ത്തന്നെ 500 രൂപയില്‍ താഴെയാണ് എല്ലാ ചിലവിനങ്ങള്ക്കും ശേഷം പ്രതിദിനം ഉടമകള്‍ക്ക് കിട്ടുന്ന കളക്ഷന്‍. ഉടമകളെ സംബന്ധിച്ച് തീര്‍ത്തും നഷ്ടത്തിലാണ് സ്വകാര്യബസ് വ്യവസായം. ബസ്സുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും സമരത്തോട് താല്‍പ്പര്യമില്ല. ഒരുബസ്സിന് മൂന്നും നാലും ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായി ചുരുങ്ങി. ഇതില്‍ പലരും മറ്റു മേഖലകള്‍ തേടി പോയതോടെ നിലവിലുള്ളവര്‍ ഭൂരിഭാഗവും ദിവസവേതനക്കാരായി.
ചില റൂട്ടുകളില്‍ ഒഴികെ പൊതുവെ യാത്രക്കാര്‍ കുറവായ സാഹചര്യത്തില്‍ നിലവിലെ വരുമാനം കൂടി ഇല്ലാതാക്കുന്നതാകും അനിശ്ചിതകാല സമരമെന്ന് അവര്‍ പറയുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളിലുണ്ടായ വര്‍ധനവ് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനത്തോളം കുറവുവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: