അതിരാവിലെ തന്നെ കവലയില്‍ ഭരണ പ്രതിപക്ഷ പാര്ട്ടിക്കാര് കൂട്ടംകൂടി നില്‍പ്പുണ്ടായിരുന്നു. അവരെ കൂടാതെ കുറച്ച് നാട്ടുകാരും അവിടേക്ക് എത്തി കൊണ്ടിരുന്നു.
‘ഞങ്ങളുടെ കൊടിമരം നശിപ്പിച്ചത് നിങ്ങളാ, ഒന്നിനേയും വെറുതെ വിടില്ല ‘ഭരണപക്ഷം അലറി വിളിച്ചു’.
‘നിങ്ങള്‍ ഞങ്ങളുടെ കൊടിമരവും തകര്‍ത്തില്ലേ? കാണിച്ചു തരാം’. പ്രതിപക്ഷവും വിട്ടുകൊടുത്തില്ല.
‘ദാ മനക്കല് ശങ്കറിനെ പൂക്കുഞ്ഞ്് മുതലാളി കത്തി കൊണ്ട് കുത്തി. ഓടി വായോ’. ആരോ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എല്ലാര്ക്കും കേള്‍ക്കാമായിരുന്നു.
ആംബുലന്‍സും പോലീസ് ജീപ്പും ഒന്നിച്ചെത്തി. കുത്തേറ്റയാളെ ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. കുത്തിയവനെ പോലീസ് ജീപ്പിലും.
ഈ സമയം എവിടെ നിന്നോ മൂന്ന് ബംഗാളി പയ്യന്മാര് അവിടെയെത്തി. ഒരു ബംഗാളി പയ്യന് എല്ലാരേയും നോക്കി നല്ല മലയാളത്തില്‍ പറഞ്ഞു.
‘ഞങ്ങളാ രണ്ടു കൊടിമരവും ഇന്നലെ രാത്രി എടുത്തു കൊണ്ടുപോയത്. മണ്ണെണ്ണ തീര്‍ന്നതുകൊണ്ട് ലേബര്‍ ക്യാമ്പില്‍ ആഹാരം ഉണ്ടാക്കിയിട്ട് രണ്ടു ദിവസമായി. വിറകായി അടുപ്പില്‍ വെയ്ക്കാന്‍ ആയിട്ടാ ണ് ഞങ്ങള്‍ കൊടിമരം കൊണ്ടുപോയത്. കൊടിമരത്തിന്റെ പേരില്‍ നിങ്ങള്‍ ഇവിടെ ചോരപ്പുഴ ഒഴുക്കരുതേ. അതാണ് ഞങ്ങള്‍ വന്നു സത്യം പറഞ്ഞത്’.
ഭരണ പ്രതിപക്ഷ പാര്‍ട്ടിക്കാരും നാട്ടുകാരും എന്ത് പറയണം എന്നറിയാതെ കൂസല്‍ ഇല്ലാതെ നില്ക്കുന്ന ബംഗാളി പയ്യന്മാരെ വെറുതെ നോക്കി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: