തിരുവനന്തപുരം: ഒരു മതമെന്ന നിലയ്ക്ക് ഹിന്ദുധര്‍മ്മം എല്ലാ മതങ്ങളുടെയും മാതാവാണെന്ന് വിദ്യാഭ്യാസചിന്തകയും എഴുത്തുകാരിയും കൗണ്‍സിലറുമായ സിനു ജോസഫ്. ഹിന്ദു ധര്മത്തില് എല്ലാവിശ്വാസങ്ങളും ചിന്താപദ്ധതികളും സിദ്ധാന്തങ്ങളും അതിനകത്തുണ്ട്. എല്ലാ തത്വചിന്തകളുടെയും അമ്മയാണ് സനാതനധര്‍മ്മം. മുഖ്യധാരയെ അറിഞ്ഞാല്‍ മാത്രമേ ഉപവിഭാഗത്തെ മനസ്സിലാക്കാനാകൂ. െ്രെകസ്തവ ചിന്തയെ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിച്ചറിയാന്‍ എനിക്കു കഴിഞ്ഞു. രാഷ്ട്രീയസാമൂഹ്യ കാരണങ്ങളാല്‍ വളച്ചൊടിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വാസാധിഷ്ഠിതമായ സുഖപ്പെടുത്തലും പ്രാര്‍ത്ഥനയും ചിലരില്‍ ഫലം കാണുന്നതെന്തുകൊണ്ടാണെന്നും ഇതിലൂടെ മനസ്സിലാക്കാനായി. എല്ലാവിശ്വാസങ്ങളെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചാലേ പരമമായ സത്യത്തെ തിരിച്ചറിയാനാകൂ എന്നു ഞാന്‍ മനസ്സിലാക്കി. ആ മാര്‍ഗ്ഗം സനാതനധര്‍മ്മത്തിന്റെതാണ്. ഹൈന്ദവ പാരമ്പര്യം ശാസ്ത്രത്തില്‍ അടിയുറച്ചതാണെന്നും കേസരിയ്ക്കുവേണ്ടി പ്രദീപ് കൃഷ്ണന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
തീര്‍ച്ചയായും ഞാന്‍ ഒരു ഹിന്ദുവാണ്. ഈ മണ്ണില്‍ ജനിക്കുന്ന എല്ലാവരും ആദ്യം ഹിന്ദുവാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് മാറ്റാനാകാത്ത വസ്തുതയാണ്. എന്തുകൊണ്ട് ഈ ചോദ്യം ഇപ്പോഴും ഉയരുന്നു എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഇക്കാലത്ത് ഹിന്ദുധര്‍മ്മം ഒരു മതമായി മാറിയതിനാല്‍ നാം ഹിന്ദുവാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. എന്നാല്‍ ഹിന്ദുത്വം പ്രാഥമികമായി സംസ്കാരമാണ്; ജീവിതരീതിയാണ്. ഈ മണ്ണില്‍ ജനിച്ച എല്ലാ മനുഷ്യരും സ്വാഭാവികമായും അതില്‍ പെടുന്നു. എനിക്ക് ഇക്കാര്യം തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടിവന്നു. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.
നേരത്തെ ആര്.എസ്.എസ്സിനെക്കുറിച്ചുള്ള ഭയം എന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നു. മതത്തില്‍ അടിയുറച്ചാണ് ക്രിസ്ത്യാനികള്‍ വളര്‍ന്നുവരുന്നത്. മറ്റു മതക്കാരെ ഇല്ലാതാക്കുന്ന മതഭ്രാന്തരാണ് ആര്.എസ്.എസ്. എന്ന ധാരണ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. എന്റെ കുടുംബത്തിലുള്ളവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്നില്ല. ആര്.എസ്.എസ്സിനെയും ഹിന്ദുത്വത്തേയും അതിന്റെ സഹജഭാവത്തില്‍ തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായാല്‍ സമാധാനപൂര്‍ണ്ണമായ സഹജീവനം സാധ്യമാകും എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഇതുപറയുന്നത് ആര്.എസ്.എസ്സുകാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതുകൊണ്ടാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം സാധാരണമാണ് നമ്മുടെ നാട്ടില്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ബഹുമാനപൂര്‍വ്വം സ്ത്രീകളോടു പെരുമാറുന്നു എന്നാണ് ആര്.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നും എനിക്കനുഭവപ്പെട്ടത്. സ്ത്രീകള്‍ക്കുനേരെ കയ്യുയര്‍ത്തുന്നത് അവര്‍ക്കു ചിന്തിക്കാന്‍ പ്രയാസമാണ്. പുരുഷമേധവിത്വമെന്ന ആരോപണം ആര്.എസ്.എസ്സിനെ സംബന്ധിച്ച് ശരിയല്ലെന്നാണ് എന്റെ അനുഭവം. അവരുടെ ബൈഠക്കില്‍ സ്ത്രീ എന്ന നിലയ്ക്ക് ഒറ്റയ്ക്ക് പങ്കെടുക്കേണ്ടിവരുമ്പോള്‍പോലും എനിക്ക് സുരക്ഷിതത്വക്കുറവ് തോന്നിയിട്ടില്ല. മറ്റു സ്ത്രീകളും ഇത് തിരിച്ചറിയണം എന്നാണ് എനിയ്ക്ക് പറയാനുള്ളത്.
മറ്റൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചത് ചോദ്യം ചെയ്യുന്നതിനോട് ഒരിക്കലും ആര്.എസ്.എസ്. അസഹിഷ്ണുത കാട്ടുന്നില്ല എന്നതാണ്. അവരോടൊപ്പം പ്രവര്‍ത്തിച്ച ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ എല്ലാറ്റിനേയും ചോദ്യം ചെയ്തിരുന്നു. അതിന്റെ പേരില്‍ എന്നോട് ഒരിക്കലും മോശമായി അവര്‍ പെരുമാറിയിട്ടില്ല. വളരെ ലാളിത്യത്തോടെ വിനയപൂര്‍വ്വമാണ് അവര്‍ പെരുമാറിയത്. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ, ഉദാരമനസ്ഥിതിയോടെ അവര്‍ സ്വീകരിച്ചു. ആര്.എസ്.എസ്സിനെ വിമര്‍ശിക്കുന്നവരെല്ലാം അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കാത്തവരാണ്. ആര്.എസ്.എസ്സിനൊപ്പം പ്രവര്‍ത്തിച്ച് ആ അനുഭവത്തിലൂടെ അവരെക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നാണ് എനിക്ക് ഇക്കൂട്ടരോട് പറയാനുള്ളതെന്നും സിനു ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: