ആശ്വിനിമാസത്തിലെ കറുത്ത ചതുര്‍ദശിനാളില്‍ ആഘോഷിക്കുന്ന ഹൈന്ദവോത്സവമാണ് ദീപാവലി. മലയാളികള്‍ക്കാവട്ടെ തുലാമാസത്തിലെ
പുണ്യദിനവും. ദീപക്കാഴ്ച (ദീപ+ ആവലി)= ദീപങ്ങളുടെ കൂട്ടം) യാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതു ദീപവും ഇത്തിരി ചൂടും ഒത്തിരി വെളിച്ചവും പകര്‍ന്നും പകുത്തും നല്കുന്നു. സമസ്ത നന്മകളും വെളിച്ചമാണ്. സദ്ഭാവനയും സദ്പ്രവൃത്തിയും വെളിച്ചമാണ്. ആധ്യാത്മിക ശാസ്ത്രത്തിന്റെ ആദ്യഗ്രന്ഥത്തിലെ ആദിമന്ത്രവും വെളിച്ചത്തെ ഉപാസിക്കുന്നു. ‘അഗ്നിം ഈളേ പുരോഹിതം’ (=മുമ്പില്‍ കൊളുത്തിയ അഗ്നിയെ (ഞാന്‍) വണങ്ങുന്നു.) വെളിച്ചമേ നയിച്ചാലും. -ഘലമറ സശിറഹ്യ ീേ ഹശഴവ േ എന്ന് സാര്‍വജനീനമായ പ്രാര്‍ഥന.
ഭാരതത്തിലങ്ങോളമിങ്ങോളം ദീപാവലി സമുചിതമായി ആഘോഷിക്കുന്നു. വ്യാപാരികളായ വൈശ്യര്‍ ഐശ്വര്യദേവതയായ ലക്ഷ്മിയെ ഈ അവസരത്തില്‍ പ്രത്യേകമായി പൂജിക്കുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ സമാരംഭമായും അവര്‍ ദീപാവലിയെ ഗണിക്കുന്നുണ്ട്.
നിറയെ എണ്ണവിളക്കുകള്‍ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും കൊളുത്തി വെയ്ക്കുന്ന ചടങ്ങാണ് ദീപാവലിക്കുള്ളത്. അന്നേ ദിവസം അതിഥികള്‍ക്കും അയല്‍ക്കാര്‍ക്കും മധുരപലഹാര വിതരണം ഉത്തരേന്ത്യയിലെ പതിവുകാഴ്ചയാണ്. യഥാശക്തി പുതിയ പാത്രങ്ങള്‍ വാങ്ങുന്ന സമ്പ്രദായവും ദീപാവലി നാളിലുണ്ട്. ചുരുക്കത്തില്‍ നവചാരുതയുടെ സൗമ്യവും മധുരവും ദീപ്തവുമായ ആഘോഷം തന്നെ ദീപാവലി. ദീപാവലിക്ക് ‘നരക ചതുര്ദശി’ എന്നും വിളിപ്പേരുണ്ട്.
ശ്രീകൃഷ്ണന് നരകാസുരനെ നിഗ്രഹിച്ച ദിനത്തിന്റെ ആഹ്ലാദപൂര്‍ണമായ അനുസ്മരണമാണ് ദീപാവലിക്കു പിന്നിലുള്ളത്. ഈ വിശ്വാസം രൂഢിയാണു താനും.
ഉല്‍ക്കടപ്രഭാവനായ അസുരനാണ് നരകന്. നരകന്റെ കഥ ഭാഗവതം ദശമസ്കന്ധം വിവരിക്കുന്നുണ്ട്. ഹിരണ്യാക്ഷന് എന്ന അസുരന് ഭൂമീദേവിയിലുണ്ടായ മഹാശക്തിമാനായ ശിശുവാണ് നരകന്. അശുദ്ധിയില്‍നിന്നും ജനിച്ച ശിശുവിനേയും കൊണ്ട് ഭൂമീദേവി മഹാവിഷ്ണുവിന്റെയടുക്കല്‍ ചെന്നു. കുഞ്ഞിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. മഹാവിഷ്ണു മനസ്സലിഞ്ഞ് ശിശുവിന് നാരായണാസ്ത്രം നല്കി. ഭഗവാന് ഇങ്ങനെ പറഞ്ഞു ‘അല്ലയോ നരകാ, ഈ അസ്ത്രം നിന്റെ കൈയിലിരിക്കുന്നിടത്തോളം കാലം ഞാനൊഴികെ ആര്‍ക്കും നിന്നെ വധിക്കാന്‍ സാധ്യമല്ല.’ നരകന് വളര്‍ന്നു. ‘
പ്രാഗ്ജ്യോതിഷം’ എന്ന നഗരം തലസ്ഥാനമാക്കി, ദാനവ ചക്രവര്‍ത്തിയായി നരകന് ഭരണം തുടങ്ങി. വാല്മീകി രാമായണം കിഷ്കിന്ധാ കാണ്ഡത്തിലും പ്രാഗ്ജ്യോതിഷത്തെ പരാമര്‍ശിക്കുന്നുണ്ട്. പ്രാഗ്ജ്യോതിഷത്തില്‍ കയറി സീതയെ അന്വേഷിക്കണമെന്ന് സുഗ്രീവന് വാനരന്മാര്ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നു. നരകന് ത്രിലോകങ്ങള്‍ക്കും ഭീഷണിയായി.
വിക്രിയകള്‍ കാണിച്ചുകൊണ്ട് നരകന് ദേവലോകത്തിലെത്തി. ദേവന്മാരെതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും അപഹരിച്ചുകൊണ്ട് നരകന് പ്രാഗ്ജ്യോതിഷത്തിലേക്ക് മടങ്ങി. ഇന്ദ്രന് ദ്വാരകയിലെത്തി ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു. സത്യഭാമയുമായി, ഗരുഡാരൂഡനായി ശ്രീകൃഷ്ണന് പ്രാഗ്ജ്യോതിഷത്തിലേക്ക് തിരിച്ചു. അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന് വധിക്കപ്പെട്ടു. നരകന് ഭഗവാന് നല്കിയ നാരായണാസ്ത്രം പുത്രന് ഭഗദത്തനു ലഭിച്ചു. ലോകദ്രോഹിയായ നരകാസുരനെ ശ്രീകൃഷ്ണന് വധിച്ച ദിവസം നരകചതുര്‍ദശി. ഈ വിജയാഹ്ലാദത്തിന്റെ സോത്സാഹ പ്രകടനമത്രെ ദീപാവലി. ഭാഗവതം ദശമസ്കന്ധത്തിലെ ഈ അര്‍ഥവാദകഥയ്ക്ക് ഒട്ടേറെ മാനങ്ങളുണ്ട്. അശുദ്ധിയില്‍നിന്നും ഒട്ടേറെ നരകാസുരന്മാര്‍ ഇന്നും ഭൂമിയില്‍ ജന്മമെടുക്കുന്നു. അവരുടെ കുലം ഒരിക്കലും ഒടുങ്ങുകയില്ല. കാരണം ഭഗവാന്റെ നാരായണാസ്ത്രം തലമുറകള്‍ കൈമാറുകയായി.
പക്ഷേ തിന്മയ്ക്ക് ഒരിക്കലും ശാശ്വത വിജയം ഉണ്ടാവില്ല. ദുഷ്ടന്മാര് ഭീകരരൂപികളായി എന്നും വസുന്ധരാദേവിക്ക് അലോസരങ്ങളും ആപത്തുകളും നല്കിക്കൊണ്ടേയിരിക്കും. ഇന്ദ്രന് ഭഗവാനോട് സങ്കടം പറഞ്ഞതുപോലെ നമ്മളും പ്രാര്‍ഥിക്കുക. ഭൂമിയെ നരകമാക്കുന്ന ആസുരതകള്‍ക്കെതിരെ ജാഗ്രതയോടെ ശ്രദ്ധയും ഏകാഗ്രതയും തന്മയതയും പുലര്‍ത്തുക. അജ്ഞാനത്തിന്റെയും അധര്‍മത്തിന്റെയും അന്ധതാ മിശ്രമകലുവാന്‍ ഭക്തിയുടേയും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ദീപം കൊളുത്തുക. മൂന്നുവര്‍ഷത്തെ ഇരുട്ടും മൂന്നുമണിക്കൂറിലെ ഇരുട്ടും മൂന്നു ദിവസത്തെ ഇരുട്ടും ഇല്ലാതാവാന്‍ ഒരു നിമിഷാര്‍ധത്തിലെ വെളിച്ചത്തിന്റെ വേലിയേറ്റം മതിയാകും. ഒരു കാര്യം അധ്യാത്മ വിചാരത്തിലോര്‍മിക്കുക. വെളിച്ചം ഒരിക്കലും ഇരുട്ടിനെ കാണുന്നില്ല. സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ് സമസ്ത തമോഗര്‍ത്തങ്ങളിലും പടര്‍ന്നു കയറുന്നു. സ്വന്തം വിളക്ക് സ്വയം ഊതിയണയ്ക്കാതിരിക്കാനുള്ള വിവേകിതയാണ് നമുക്ക് ഉണ്ടാവേണ്ടത്. വെളിച്ചം വിളക്ക് അന്വേഷിച്ച് വരാതിരിക്കുവാനും ശ്രദ്ധയുണ്ടാവണം. വെളിച്ചം ദുഃഖമാണ് എന്ന അപപാഠം ഒരിക്കലും ഉണ്ണികളെ പഠിപ്പിക്കരുത്. നരകന്മാരുടെ എണ്ണം അത് വര്‍ധിപ്പിക്കും.
ഭൗതികമായ ചില ആചരണങ്ങള്‍ ദീപാവലിക്കുണ്ട്. തമിഴരും കേരളീയരും ‘ദീവാളി’ നാളില്‍ എണ്ണ തേച്ചു കുളിക്കാറുണ്ട്. പലതരം പലഹാരമുണ്ടാക്കി ഭക്ഷിക്കുന്നുമുണ്ട്. ‘ദീവാളി കുളിക്കുക’ എന്നൊരു മലയാള ശൈലിയും. ദുര്‍വ്യയം ചെയ്ത് ദരിദ്രരാവുക എന്നര്‍ഥം. ജ്ഞാനവിജ്ഞാനങ്ങളുടെ ദീപാങ്കുരങ്ങള്‍ മണ്ണിലും മനസ്സിലും മുളയട്ടെ. ദീപമേ നയിച്ചാലും! ദീപാഞ്ജലിയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: