നരേന്ദ്രമോദി രണ്ടാമതും അധികാരമേറിയതിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം തുടര്‍ന്നിരിക്കുന്നു. ഹരിയാനയില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യം ഭരണം നിലനിര്‍ത്തി. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന പ്രതികൂല കാലാവസ്ഥകളെയും വിരുദ്ധ തരംഗങ്ങളെയും അപ്രസക്തമാക്കിയാണ് രണ്ട് സംസ്ഥാനത്തും മോദിയും ഷായും സര്‍ക്കാരിന് തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം, ബിജെപിയുടെ ചരിത്ര വിജയത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഒരുവിഭാഗം മാധ്യമങ്ങളും നേതാക്കളും ശ്രമം ആരംഭിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും മുന്നേറ്റത്തെ ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ചത് മനപ്പൂര്‍വ്വം തന്നെയാണ്. 47 വര്‍ഷത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രി അഞ്ചുവര്‍ഷം തികച്ചത്. വീണ്ടും ഭരണത്തിലെത്തുകയെന്ന അപൂര്‍വ്വനേട്ടവും ഇവിടെ ദേവേന്ദ്ര ഫഡ്നാവിസ് സ്വന്തമാക്കി. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ്സിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും വേരോട്ടമുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളിലും 2014 വരെ ബിജെപി വലിയ സ്വാധീനശക്തിയായിരുന്നില്ല. മഹാരാഷ്ട്രയില്‍ 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 46 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ശിവസേനക്ക് കീഴിലെ കാലാള്‍പ്പട മാത്രമായിരുന്നു. 2014ല്‍ ഒറ്റയ്ക്ക് മത്സരിച്ച് 122 സീറ്റിലേക്ക് വളര്‍ന്നു. ശിവസേന 63ല്‍ ഒതുങ്ങി. കോണ്‍ഗ്രസ്സും എന്‍സി
പിയും അപ്രസക്തരായി. നാല് സീറ്റില്‍നിന്നാണ് 47 സീറ്റോടെ ഹരിയാനയില്‍ ഭരണം പിടിച്ചത്. ശക്തമായ സംഘടനാ സംവിധാനമോ മേനി നടിക്കാന്‍ മുന്‍നിര നേതാക്കളുടെ പേരുകളോ ഇല്ലാതിരുന്നിടത്ത് ജാതിരാഷ്ട്രീയത്തിന്റെ ഒഴുക്കിനെതിരെ നീന്തി നേടിയ മുന്നേറ്റത്തെ ചരിത്ര വിജയമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.
അഞ്ച് വര്‍ഷത്തിനിടെ ബിജെപി മുന്നേറ്റത്തെ തടയാന്‍ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിരുന്നു മോദി വിരുദ്ധര്‍. ഭീമാ കൊറിഗാവില്‍ അര്‍ബന്‍ നക്സലുകള്‍ ജാതി സംഘര്‍ഷവും കലാപവുമുണ്ടാക്കിയത് കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് വേണ്ടിയായിരുന്നു. മറാത്ത സമരവും കര്‍ഷകറാലികളും ബിജെപിയുടെ അടിവേരിളക്കുമെന്ന് പ്രചരിപ്പിച്ചു. നാല് വര്‍ഷത്തിനിടെ മൂന്ന് തവണ വരള്‍ച്ച നേരിട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രശ്നം ഏതാ
നും വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുക സാധ്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമറിയാം. ജല്‍യുക്ത് ശിവര്‍ അഭിയാന് എന്ന പദ്ധതിയിലൂടെ വരള്‍ച്ചക്കെതിരായ യുദ്ധത്തിന് ഫഡ്നവിസ് തുടക്കമിട്ടിരുന്നു. ഇത് തുടരാനുള്ള ജനവിധിയാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്. ജാട്ട് വിഭാഗത്തിന് മേധാവിത്വമുള്ള ഹരിയാനയില്‍ ജാതിധ്രുവീകരണത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ജാട്ട് ഇതര വിഭാഗമാണെന്നതായിരുന്നു അവരുടെ പ്രധാന ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് വലിയ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ നഗരം ഉള്‍പ്പെടെ ബിജെപിക്കൊപ്പം നിന്നത് ഈ വാദം തള്ളിക്കളയുന്നതായി. എഐഎംഐഎം, വിബിഎ, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ യുപിഎയുമായി സഖ്യമുണ്ടാക്കാതെയാണ് മത്സരിച്ചതെങ്കിലും പല സീറ്റുകളിലും രഹസ്യ ധാരണയുണ്ടായിരുന്നു. സിപിഎം ജയിച്ച ദഹനുവില്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. എഐഎംഐഎമ്മിന് രണ്ടും വിബിഎയ്ക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ ഭരണതുടര്‍ച്ചക്കുള്ള അംഗീകാരവും.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റിലുണ്ടായ കുറവ് കാണാതെപോകുന്നില്ല. 2014ല്‍ ബിജെപി 260 സീറ്റില്‍ മത്സരിച്ചെങ്കില്‍ ഇത്തവണ 150 ആയി കുറഞ്ഞു. മുന്നണി മര്യാദ
പാലിക്കാന്‍ വിജയസാധ്യതയുള്ള പല സീറ്റുകളും ശിവസേനക്ക് വിട്ടുകൊടുക്കേണ്ടി വന്നു. സഖ്യമുണ്ടാക്കിയതോടെ വിമതശല്യവും രൂക്ഷമായി. മഹാരാഷ്ട്രയില്‍ പതിമൂന്നും ഹരിയാനയില്‍ ഏഴും വിമതര്‍ ജയിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഏഴുസീറ്റാണ് ഇത്തവണ കുറവ് വന്നതെന്നതും കൂട്ടിവായിക്കണം. 16 സീറ്റ് കോണ്‍ഗ്രസ്സിന് കൂടുതലായി ലഭിച്ചിട്ടുണ്ട്. അതേസമയം ഐഎന്‍എല്‍ഡിക്ക് 18 സീറ്റുകള്‍ നഷ്ടപ്പെട്ടു. പുതിയ പാര്‍ട്ടിയായ ജെജെപി പത്ത് സീറ്റ് പിടിച്ചെങ്കിലും പ്രതിപക്ഷത്തുണ്ടായിരുന്ന ഐഎന്‍എല്‍ഡിയുടെ തളര്‍ച്ച കോണ്‍ഗ്രസ്സിന് ഗുണം ചെയ്തിട്ടുണ്ട്.
രണ്ട് സംസ്ഥാനത്തും മുന്നിലെത്തിയിട്ടും ബിജെപി രാഷ്ട്രീയത്തെ ജനങ്ങള്‍ തിരസ്കരിച്ചുവെന്ന വിചിത്രമായ പ്രതികരണമാണ് എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വിശ്വസ്തനുമായ കെ.സി. വേണുഗോപാല്‍ നടത്തിയത്. കോണ്‍ഗ്രസ്സിന്റെ മടങ്ങിവരവായി ഏതാനും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ചിത്രീകരിക്കാന്‍ വിഷമിക്കുന്നുണ്ട്. ചെറിയ തോല്‍വി, വലിയ തോല്‍വി എന്ന നിലക്ക് തെരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണാന്‍ കോണ്‍ഗ്രസ്സും അവരുടെ അനുയായികളും നിര്‍ബന്ധിതരായി തീര്‍ന്നുവെന്നതാണ് വാസ്തവം. പരാജയം മാത്രം പ്രതീക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതീക്ഷിച്ച അത്രയും ദയനീയമല്ല തോല്‍വിയെന്ന് അവര്‍ക്ക് പറയാതെ പറയേണ്ടിവരുന്നത്.
അപ്രസക്തനായി രാഹുല്‍
രാഹുല്‍ ഗാന്ധി രാഷ്ട്രീയം വിട്ടാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് വിശദീകരിച്ച് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം മുന്‍
പാണ് ഒരു ദേശീയമാധ്യമത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇത് ശരിവെക്കുകയാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം. മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് പിന്നിലായെങ്കിലും ഹരിയാനയില്‍ 16 സീറ്റുകള്‍ വര്‍ദ്ധിച്ചത് നേട്ടമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതില്‍ രാഹുലിനും സോണിയക്കും പ്രിയങ്കക്കും ഒരുപങ്കും അവകാശപ്പെടാനില്ല. മഹാരാഷ്ട്രയില്‍ അഞ്ചും ഹരിയാനയില്‍ രണ്ടും റാലികളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തത്. സോണിയയും
പ്രിയങ്കയും പ്രചാരണത്തിന് ഇറങ്ങിയില്ല. മുന്‍കാലങ്ങളിലേതുപോലെ സ്ഥാനാര്‍ത്ഥികള്‍ നെഹ്റു കുടുംബാംഗങ്ങളെ പ്രചാരണത്തിന് ആവശ്യപ്പെട്ടതുമില്ല. ഇതിനിടെ രാഹുല്‍ വിദേശത്ത് പോയത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
രാഹുലിന്റെ അനുയായികളെ സോണിയയുമായി അടുപ്പമുള്ള ഓള്‍ഡ് ഗാര്‍ഡുകള്‍ വെട്ടുന്നതായി തെരഞ്ഞെടുപ്പിന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. ഹരിയാനയില്‍ മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടിവിട്ട് ജെജെപിക്കൊപ്പം പോയി. മുംബൈ മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപം വിട്ടുനിന്നു. രാഹുലിന്റെ താത്പര്യപ്രകാരമാണ് യുവനേതാവായ തന്‍വാറിനെ അധ്യക്ഷനാക്കിയത്. ലോക്സഭയിലെ തോല്‍വിക്ക് പിന്നാലെ തന്‍വാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്തുവന്നു. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് തന്‍വാറിനെ മാറ്റി കുമാരി ഷെല്‍ജയെ അധ്യക്ഷയും ഹൂഡയെ പ്രചാരണ സമിതി കണ്‍വീനറുമാക്കി. ഇത് തന്‍വാറിനെ ചൊടിപ്പിച്ചു. ഹൂഡയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഇതാണ് റാലികളുടെ എണ്ണം കുറക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. തനിക്ക് നേരത്തെ ചുമതല നല്കിയിരുന്നുവെങ്കില് ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ഹൂഡ തുറന്നടിച്ചത് രാഹുലിനെ ലക്ഷ്യമിട്ടാണെന്നും കരുതുന്നവരുണ്ട്. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും കമല്‍നാഥും ഹൂഡയെ പിന്തുണച്ച് ഇതേ അഭിപ്രായവുമായി രംഗത്തുവരികയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാജ പ്രചാരണത്തി
നുള്‍പ്പെടെ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലും മൗനത്തിലാണ്.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് സ്വന്തക്കാരെ പ്രധാനസ്ഥാനങ്ങളില്‍ രാഹുല്‍ പ്രതിഷ്ഠിക്കുന്നതായി നേരത്തെ പരാതിയുണ്ട്. പ്രസിഡന്റിന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്ന രീതിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. നെഹ്റു കുടുംബം പാടെ അവഗണിച്ച തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനായെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ രാഹുലിന് നല്കുന്ന ക്ഷീണം ചെറുതല്ല. രാഹുല്‍ ഒതുക്കിയ മുതിര്‍ന്ന നേതാക്കളുടെ തിരിച്ചുവരവിനും കളമൊരുങ്ങുകയാണ്. ഓരോ സംസ്ഥാനത്തും ഇത്തരത്തിലുള്ള നേതാക്കള്‍ കടിഞ്ഞാണ്‍ ഏല്‍ക്കുന്നത് നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യും. പ്രത്യേകിച്ച് പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: