മൂന്നാം അദ്ധ്യായം മൂന്നാം പാദം
ലിംഗഭൂയസ്ത്വാധികരണം
ഇതില്‍ 9 സൂത്രങ്ങളുണ്ട്
സൂത്രം- ലിംഗഭൂയസ്ത്വാത്തദ്ധി ബലീയസ്തദപി
അടയാളങ്ങള്‍ അഥവാ തെളിവുകള്‍ ധാരാളമുള്ളതിനാല്‍ അത് വിദ്യാംഗമാണ്. എന്തെന്നാല്‍ അതും കൂടുതല്‍ ശക്തിയുള്ളതാണ്.
വാജസനേയി സംഹിതയില്‍ അഗ്നി രഹസ്യ പ്രകരണത്തില്‍ ആദിയില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതിന് ശേഷം എല്ലാം മനുഷ്യന്റെ സൃഷ്ടിയാണെന്ന് പറയുന്നു. ആ മനസ്സ് പ്രകാശിക്കുന്നവയും മനോമയങ്ങളും മനഃകല്പിതങ്ങളുമായ ഒരായിരം അഗ്നികളെ തന്നെ സംബന്ധിച്ചവയായി കണ്ടു എന്ന് പറയുന്നു. ഈ അഗ്നികള്‍ ക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ക്രിയാംഗങ്ങളാണോ ജ്ഞാനത്തിന് സഹായിക്കുന്ന വിദ്യാംഗങ്ങളാണോ എന്ന് സംശയിക്കുന്നു.
എല്ലാ അഗ്നികളും ക്രിയാംഗങ്ങളാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സൂത്രത്തില്‍ വ്യക്തമാക്കുന്നു. ഈ അഗ്നികള്‍ മനോമയങ്ങളും മനഃകല്പിതങ്ങളുമാണെന്നും കര്മ്മോപയോഗികളല്ലെന്നും അറിയണം. അവ സ്വതന്ത്രങ്ങളും ജ്ഞാനത്തിന് സഹായിക്കുന്ന വിദ്യാംഗങ്ങളുമാണ്. ഇതിന് വേണ്ടതായ തെളിവുകള്‍ ആ ബ്രാഹ്മണത്തില്‍ തന്നെയുണ്ട്.
ഉറങ്ങുന്ന ഒരാളുടെ ദേഹത്തില്‍ എല്ലാ ഭൂതങ്ങളും അഗ്നി ചയനം ചെയ്യുന്നു. അതിനാല്‍ അഗ്നികള്‍ സ്വതന്ത്രങ്ങളാണ്. പ്രകരണത്തേക്കാള് പ്രാധാന്യം നല്‍കേണ്ടത് ലിംഗങ്ങള്ക്കാണ്. ഇങ്ങനെയുള്ള അടയാളപ്പെടുത്തലുകള്‍ കാരണം അഗ്നികള്‍ വിദ്യാംഗങ്ങളാണ് എന്ന് ഉറപ്പിക്കുന്നു.
സൂത്രം- പൂര്‍വ്വ വികല്പഃ പ്രകരണാത് സ്യാത് ക്രിയാ മാനസവത്
മുമ്പ് പറഞ്ഞ വികല്പം, പ്രകരണമനുസരിച്ച് ക്രിയാംഗങ്ങളാവണം. ദശരാത്രത്തിലെ മാനസം പോലെയാണത്. അഗ്നികള്‍ വിദ്യാംഗങ്ങളാണെന്ന് പറഞ്ഞതിനെ നിഷേധിക്കുന്ന പൂര്വപക്ഷത്തെയാണ് ഈ സൂത്രത്തിലും അടുത്ത അടുത്ത സൂത്രത്തിലും കാണിക്കുന്നത്.
പ്രകരണത്തെ അപേക്ഷിച്ച് ലിംഗത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പറഞ്ഞത് ശരിയായില്ല എന്ന് പൂര്‍വപക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍മ്മത്തെ ഉപദേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ പറയുന്നതെല്ലാം കര്മ്മോപയോഗികള് തന്നെയാവണം. അതിനാല്‍ അഗ്നികള്‍ സ്വതന്ത്രങ്ങളും കര്മ്മോപയോഗികളാണെന്നും പറയുന്നത് ശരിയല്ല. അഗ്നികള്‍ ക്രിയാംഗത്തില് ഉള്‍പ്പെടുന്നു.അഗ്നിയെ പ്രശംസിക്കാനുള്ള അര്ഥവാദമായി കരുതിയാല്‍ മതി. ദശരാത്രം എന്ന കര്‍മ്മത്തില്‍ പ്രജാപതി ദേവതയ്ക്കായി സോമരസത്തെ മനസാ കല്പിച്ച് സമര്‍പ്പിക്കുന്നു. ഇതില്‍ ചെയ്യുന്നവ മനഃ കല്പിതമെന്ന് ശ്രുതിയുള്ളതുപോലെ ഈ സങ്കല്പത്തിലും സങ്കല്പാഗ്നികള് ക്രിയാംഗങ്ങള്‍ തന്നെയെന്ന് അവര്‍ പറയുന്നു.
സൂത്രം- അതിദേശാച്ച
ചേര്‍ത്ത് പറഞ്ഞിട്ടുള്ളതിനാല്‍ നേരത്തെ യാഗത്തിന് ഉപയോഗിക്കുന്ന അഗ്നിയോട് ചേര്‍ത്ത് ഈ കല്പിതാഗ്നികളെ പറഞ്ഞിട്ടുള്ളതിനാലും ഇവ ക്രിയോപയോഗികള് തന്നെയെന്ന് പൂര്‍വപക്ഷം പറയുന്നു. ക്രിയാംഗമായാലും മുക്തിയ്ക്ക് കാരണമാകുമെന്നാണ് അവരുടെ വാദം.
സൂത്രം- വിദൈ്യവ നിര്ധാരണാത്
എന്നാല്‍ ശ്രുതി ഉറപ്പിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ വിദ്യ മാത്രമേ മുക്തിയ്ക്ക് കാരണമാകൂ. കഴിഞ്ഞ രണ്ട് സൂത്രങ്ങളിലെ പൂര്‍വപക്ഷത്തിനുള്ള സമാധനമാണ് ഈ സൂത്രം.
ശ്രുതിയില്‍ പലയിടത്തും കര്‍മം കൊണ്ട് മുക്തിയില്ലെന്നും ജ്ഞാനത്താല്‍ മാത്രമേ മുക്തിയുണ്ടാവൂ എന്നും പറയുന്നു. ശ്വേതാശ്വതരോ പനിഷത്തില്‍ ‘ തമേവ വിദിത്വാതി മൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേ/യനായ’ ജ്ഞാനത്താല്‍ മാത്രമേ മരണത്തെ മറികടക്കാനാവൂ അതിന് മറ്റൊരു വഴിയില്ല എന്ന് പറയുന്നു. ‘ജ്ഞാനേനൈവ തു കൈവല്യം’ ജ്ഞാനം കൊണ്ട് മാത്രമേ മോക്ഷം നേടാനാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അഗ്നികള്‍ വിദ്യാംഗങ്ങളാണ്. ക്രിയാംഗങ്ങളല്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: