നരേന്ദ്ര മോദി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്നത് കാത്തിരുന്ന ബിഷപ്പ് ഉണ്ടായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രോപ്പൊലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാര്‍ അത്തനാസിയോസ്. സാധിച്ചെങ്കില്‍ സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക് മോദിയെ കൂട്ടിക്കൊണ്ടു പോകണം എന്നും ആഗ്രഹിച്ച ക്രൈസ്തവ സഭാ ആത്മീയ നേതാവ്. പ്രധാനമന്ത്രി ആയ ശേഷമുള്ള മോദിയെ കാണാനല്ല മെത്രോപ്പൊലീത്ത ആഗ്രഹിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിയെ. അന്ന് മോദിക്ക് കേരളത്തില്‍ എത്തുന്നതിന് വിലക്കു വേണമെന്ന് വാദിക്കുകയും മോദി പങ്കെടുക്കുന്നതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പോലും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ക്രൈസ്തവ പുരോഹിതന് പരസ്യമായി നരേന്ദ്രമോദിയോടുള്ള ഇഷ്ടം പ്രഖ്യാപിച്ചത് വാര്‍ത്തയായി.
രാജ്യത്തെ നയിക്കേണ്ടത് നരേന്ദ്ര മോദിയെപ്പോലെ കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമുള്ള നേതാക്കളാണ്. അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നത് കാര്യമാക്കേണ്ടതില്ല. എന്ന് പറയുക മാത്രമല്ല മൂന്നു പതിറ്റാണ്ടിലേറെ ഗുജറാത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അത്താനാസിയോസ് മെത്രാപ്പൊലീത്ത ചെയ്തത്, നരേന്ദ്ര മോദിക്കൊപ്പം നില്ക്കുന്ന മനോഹര ചിത്രം ചെങ്ങന്നൂര്‍ അതിരൂപതാ ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു
ബിജെപിയുമായി പ്രയാസമില്ലാതെ സഹകരിക്കാവുന്ന സഭ ഓര്‍ത്തഡോക്സ് ആണെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ നിലപാട്. ദേശവും ദേശീയതയുമാണ് ബിജെപിക്ക് ഒന്നാമത്. ഓര്‍ത്തഡോക്സ് സഭയുടെ പിറവി തന്നെ ദേശീയതയുടെ പേരിലാണ്. ഈശ്വര വിശ്വാസകാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നതും ബിജെപിയെ ആണ്. തെറ്റിധാരണകള്‍ മാറിയാല്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാവുന്ന പാര്‍ട്ടി ബിജെപിയാണ്. എന്നൊക്കെ 2013 ല്‍ പറയാന്‍ ധൈര്യം കാണിച്ച തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വര്‍ഷങ്ങളായി പറഞ്ഞു പറ്റിച്ച ഇരുമുന്നണികളേയും വിശ്വാസമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് പിന്തുണ എന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും സൂചന നല്കുന്നതിനപ്പുറം കോന്നിയില്‍ ബിജെപി തെരഞ്ഞെടുപ്പ് യോഗ വേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിക്കാനും സഭാ നേതൃത്വം തയ്യാറായി എന്നത് നിസ്സാരമല്ല. പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍.
എല്ലാ അര്‍ത്ഥത്തിലും ഭാരതീയ സഭ എന്നവകാശപ്പെടാന്‍ അവകാശമുള്ളവര്‍ എന്നതാണ് ഓര്‍ത്തഡോക്സ് സഭയുടെ വലിയ പ്രത്യേകത. പോപ്പിന്റേയോ അന്ത്യോക്യായുടേയോ ആത്മീയ അധികാരം അംഗീകരിക്കില്ലെന്നും തങ്ങളുടെ ആത്മീയ തലവന്‍ ഇവിടെ ഉള്ളവര്‍തന്നെ ആയിരിക്കുമെന്നും പ്രഖ്യാപിച്ച് രൂപം കൊണ്ട സഭയാണിത്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയ നാട്ടുകാരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേറി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങള്‍ അവര്‍ക്കിടയില്‍ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവര്‍ക്ക് പ്രത്യേകം പരിഗണനകള്‍ കിട്ടിയിരുന്നു. മത പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതൊന്നും ആരും എതിര്‍ത്തിരുന്നില്ല.
എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെ നസ്രാണികളെ റോമന്‍ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. നിരവധി പീഡന മുറകളും ഉപയോഗിച്ചു. ഇതിനെതിരെ വിശ്വാസികള്‍ നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു കൂനന്‍ കുരിശ് കലാപം.
മാര്‍പാപ്പയുടെ സര്‍വ്വാധിപത്യത്തിനെതിരെ 2500 ഓളം വരുന്ന വിശ്വാസികള്‍ കുരിശില്‍ വടം കെട്ടി അതില്‍ പിടിച്ച് ഒരേ സമയം സത്യം ചെയ്തു. കുരിശു വളഞ്ഞ് കൂനായതു കൊണ്ട് കൂനന്‍ കുരിശ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. വൈദേശിക താല്പര്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരുന്നു. അങ്ങനെ രൂപം കൊണ്ട ഓര്‍ത്തഡോക്സ് സഭയ്ക്ക് ബിജെപിയുമായി ഒത്തുപോകാന്‍ ചരിത്രപരമായോ ആദര്‍ശപരമായോ പ്രയാസം ഉണ്ടാകില്ല.
ബിജെപിയുടേത് ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണെന്ന് സ്ഥാപിക്കാന്‍ ബിജെപി വിരുദ്ധരെല്ലാം കേരളത്തില്‍ കൈമെയ് മറന്ന് പയറ്റുമ്പോള്‍ ന്യൂനപക്ഷ സമുദായം ബിജെപിയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായി എന്നത് നിസ്സാരമല്ല. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത എന്ത് എന്നു ചോദിച്ചാല്‍ മറുപടി ഒന്നുമില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായി മോദി സര്‍ക്കാറോ ഏതെങ്കിലും ബിജെപി സര്‍ക്കാറോ ബിജെപി നേതൃത്വമോ സ്വീകരിച്ച ഒരു നടപടി എങ്കിലും പറയാമോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പറഞ്ഞത് ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നും ആര് എസ് എസ് നേതാവിന്റെ പുസ്തകത്തില്‍ എഴുതിവെച്ചിട്ടും ഉണ്ടെന്നായിരുന്നു. ഏതു പുസ്തകം ? അത് വായിച്ചിട്ടുണ്ടോ എന്നു മറിച്ചു ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സിപിഎം പ്രതിനിധി വിചാരധാരയാണ് പുസ്തകമെന്നും കൈ എഴുത്ത് പ്രതിയില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ആണ് എതിര്‍ക്കപ്പെടേണ്ടവര്‍ എന്ന് എഴുതിയിരുന്നതായും പറഞ്ഞ് സഹായത്തിനെത്തി. ഇത്തരം കള്ളക്കഥകള്ക്കോ കൂട്ടു പ്രചരണത്തിനോ അധിക നാള് ആയുസ്സില്ലെന്ന സൂചനയാണ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്. തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയെപ്പോലുള്ളവര്‍ ആഗ്രഹിച്ചതിലേക്കുള്ള ചുവടുവെപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: