വസന്തകാലത്തിലെ ഓര്‍മ്മകള്‍പോലെയാണ് ഞങ്ങള്‍ക്ക് തുറവൂര്‍ വിശ്വംഭരന് സാര്‍. ഋതുഭേദങ്ങള്‍ എത്രമാറിയാലും വസന്തകാലസ്മരണകള്‍ നമ്മുടെ മനസ്സില്‍നിന്ന് മായില്ലല്ലോ. അതുപോലെയാണ് സാര്‍. ഇടപഴകിയ ആളുകളുടെ മനസ്സില്‍ ഒരു വസന്തപൗര്‍ണ്ണമി പോലെ ഇപ്പോഴും അദ്ദേഹം പ്രകാശിക്കുന്നു.
പണ്ഡിതനായ തുറവൂര്‍ വിശ്വംഭരന്‍സാര്‍ വായനാശീലമുള്ളവര്‍ക്ക് അജ്ഞാതനായ നാമമല്ല. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അദ്ദേഹം കറതീര്‍ന്ന പണ്ഡിതനായിരുന്നു. ലോകഭാഷകള്‍ക്ക് ഒരു പരസ്പരബന്ധമുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അത്ഭുതകരമായ ഒരു ഭാഷാബോധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. സംസ്കൃതത്തിലോ ഇംഗ്ലീഷിലോ മലയാളത്തിലോ ഏതെങ്കിലും വാക്കുകളുടെ വിശദീകരണം നമ്മള് ആവശ്യപ്പെട്ടാല്‍ സമാനമായ പദങ്ങള്‍ മറ്റ് ഏതെല്ലാം ഭാഷകളിലുണ്ടെന്നും അദ്ദേഹം പറയും. ഭാഷകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന വിചിത്രമായൊരു കണ്ണി അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു.
കേരളത്തിലെ വിവിധ സര്‍ക്കാര്‍കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച തുറവൂര്‍ വിശ്വംഭരന്‍സാറിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ നാടിന്റെ നാനാഭാഗങ്ങളിലുമുണ്ട്. അതുപോലെ പൊതുവേദികളില്‍ പ്രഭാഷകനെന്ന വിധത്തിലും അദ്ദേഹത്തെ അറിയാവുന്ന മറ്റൊരുവിഭാഗവുമുണ്ട്. മഹാഭാരതത്തെ കുറിച്ച്, പണ്ഡിതോചിതമായ ഒരു ഗ്രന്ഥം എഴുതി അംഗീകാരം നേടിയ തുറവൂര്‍ വിശ്വംഭരന്‍സാര്‍ ഗൗരവപൂര്‍വ്വമായ വായന അര്‍ഹിക്കുന്നവരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ആളാണ്. ഇതിനെല്ലാത്തിലും ഉപരി വിശ്വംഭരന്‍സാറിന്റെ മഹാഭാരത പ്രഭാഷണപരമ്പര അമൃത ചാനലില്‍ വന്നതും ഒരുപാട് പേരുടെ മനസ്സിനെ സ്പര്ശിച്ചതാണ്. ഇങ്ങനെ വിവിധ രീതികളില്‍ നാടിന്റെ ആദ്ധ്യാത്മിക മേഖലയെ പരിപോഷിപ്പിച്ച അദ്ദേഹം അങ്ങേയറ്റം ലളിതജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയാണ്.
തുറവൂര്‍ വിശ്വംഭരന് സാറിനെ ഏതാണ്ട് നാല്‍പ്പതാണ്ടുകളോളം പരിചയമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാനും. എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം ബിഎ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലോകസാഹിത്യത്തിലേക്ക് കണ്ണുകളും കാതുകളും തുറന്നുവെയ്ക്കാന്‍ പ്രാപ്തരാക്കിയ ഒരുപാട് അധ്യാപകര്‍ ഉണ്ടായിരുന്നു. സാഹിത്യവാരഫലം പ്രൊഫ. എം. കൃഷ്ണന് നായര്‍, ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം.എച്ച്. ശാസ്ത്രി, പ്രൊഫ. എം. തോമസ് മാത്യു, ടി.ആര്. ഓമനക്കുട്ടന് തുടങ്ങി ഒരുപാട് പ്രഗത്ഭരുടെ നിരയിലേക്കാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍സാറും വന്നുചേരുന്നത്. അന്ന് താരതമ്യേന യുവാവായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍സാര്‍, തന്റെ ഭൗതികശക്തികൊണ്ട് വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു. ടെലിവിഷനും ഇന്റര്‍നെറ്റും അതുപോലുള്ള ഉപകരണങ്ങളും ഇല്ലാത്തൊരു കാലയളവാണ് അത്. നന്നായി വായിച്ച് ഹൃദിസ്ഥമാക്കിയ കാര്യങ്ങള്‍ അവലംബിക്കുക മാത്രമാണ് അധ്യാപകര്‍ക്ക് മാര്‍ഗ്ഗമുള്ളൂ. ആ നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍തക്ക പ്രാപ്തനായിരുന്നു തുറവൂര്‍ വിശ്വംഭരന്‍സാര്‍.
വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കുണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ മരണംവരെ തുടര്‍ന്നു. ഞങ്ങള്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ അദ്ദേഹവുമായുള്ള ബന്ധം പഠനശേഷവും നിലനിര്‍ത്തി പോന്നിട്ടുണ്ട്. അതില്‍ വ്യത്യസ്തമായ രാഷ്ട്രീയനിലപാടുള്ളവരും ഉള്‍പ്പെട്ടിരുന്നു. അയ്യപ്പന്‍കാവിലെ വിശ്വംഭരന്‍സാറിന്റെ വീട്ടില്‍ കൂടിയിരുന്ന ഞങ്ങള്‍ പിന്നീട് അവിടെനിന്നും ഇടവഴികളിലൂടെ മറൈന്‍ഡ്രൈവിലെത്തും. അവസാന ബസ് തിരിയുന്നതുവരെ ചര്‍ച്ചകള്‍തുടരും. ബാലചന്ദ്രന് ചുള്ളിക്കാട്, ഡോ. കെ.എസ്. രാധാകൃഷ്ണന്, ജോജോ, ഞാന്‍ തുടങ്ങി പലരും ഉണ്ടാകും ചര്‍ച്ചയ്ക്ക്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത് സഹിഷ്ണുതയോടെ കേള്‍ക്കാനും ഉചിതമായ മറുപടിയിലൂടെ തങ്ങളുടെ വാദമുഖങ്ങള്‍ ഉറപ്പുള്ളതാക്കാനും പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സാറാണ് ഞങ്ങളെ പരിശീലിപ്പിച്ചത്.
എല്ലാവര്ക്കും എല്ലാകാര്യങ്ങളിലും സ്വന്തം നിലപാടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, നിലവാരമുള്ള തര്‍ക്കത്തിലൂടെ സ്വന്തം നിലപാടുകള്‍ പറയാന്‍ എല്ലാവരേയും പ്രാപ്തരാക്കിയത് വിശ്വംഭരന് സാറാണ്. എത്രയോ വിചിത്ര സ്വഭാവക്കാരായ ആളുകളാണ് ഞങ്ങളുടെ ആ പതിവ് സംഘങ്ങളില്‍ വന്നിരുന്നത്. വിശ്വംഭരന്‍സാറിനെ ഓര്‍ക്കുമ്പോള്‍ മറ്റുപല കാര്യങ്ങള്‍ എന്നതുപോലെ മനസ്സില്‍ തെളിയുന്നത് അദ്ദേഹത്തിന്റെ ഫലിതബോധം കൂടിയാണ്. ഒരുപാട് ഫലിതങ്ങള്‍ അദ്ദേഹം പറയും, വ്യാസനേയും ചോംസ്കിയെയും ഒരുപോലെ വായിക്കും. പക്ഷേ, തത്വചിന്താപരമോ വൈജ്ഞാനികപരമോ ആയ തര്‍ക്കത്തിന് പ്രാഥമിക ധാരണ ഇല്ലാത്തയാളാണെന്ന് മനസ്സിലായാല്‍ മാഷ് ഒന്നാന്തരം ഫലിതവും പറയും. അത്തരക്കാര്‍ ആ ഫലിതത്തില്‍ തൃപ്തരാകും. അതല്ല, വൈജ്ഞാനിക ഗ്രന്ഥങ്ങളിലേക്ക് നീണ്ടാല്‍ നിങ്ങള്‍ക്ക് മടിയില്ലെങ്കില്‍ കൂടെനീന്താനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും തുറവൂര്‍ വിശ്വംഭരന്‍സാര്‍ കൂട്ടിനുണ്ടാകും.
സുദീര്‍ഘമായ ഒരു കാലഘട്ടത്തിലെ ബന്ധത്തിനകത്ത് വിശ്വംഭരന് മാഷിന്റെ നന്മനിറഞ്ഞ മനസ്സ് കാണാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുവേ സൗഹൃദങ്ങളില്‍നിന്നും നിശ്ചിത അകലം പാലിക്കാറുള്ള സാര്‍ അടുപ്പമായിക്കഴിഞ്ഞാല്‍ അവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെയുണ്ടാകും. അദ്ദേഹം അത്തരം സന്ദര്‍ഭങ്ങളില്‍ ഉറപ്പോടെ നില്ക്കുമെന്നല്ല പറയുന്നത്, ജിബ്രാള്‍ട്ടര്‍ പാറപോലെ ഉറച്ചുനില്‍ക്കും എന്നാണ്.
ഒരുപാട് ഓര്‍മ്മകളും ഒരുപാട് നന്മകളും അവശേഷിപ്പിച്ചുകൊണ്ടാണ് വിശ്വംഭരന് മാഷ് കടന്നുപോയത്. വിശേഷിച്ച് ഒരു സ്ഥാനത്തിന് പിന്നാലെയും പോകാതെ അദ്ദേഹം ജീവിച്ചു. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും ഉറപ്പിച്ചുപറഞ്ഞു. പണ്ഡിതോചിതമായ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തവര്‍ക്ക് അദ്ദേഹം ദിശാബോധം പകര്‍ന്നു. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം ഒരു വസന്തകാല പൗര്‍ണ്ണമിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: