പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്റ് സി ജിങ് പിങ്ങുമായുള്ള രണ്ടാം അനൗപചാരിക ഉച്ചകോടിക്ക് തെരഞ്ഞെടുത്തത് മഹാബലിപുരമാണ്. ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ചരിത്രപരമായ ബന്ധങ്ങളുടെ സ്മരണകളെ, പുതിയ കാലത്തെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങളുടെ ഇഴയടുപ്പിക്കാന്‍ ഉപയോഗിച്ച് നോക്കുകയെന്ന പരീക്ഷണം.
വയനാട് എംപി രാഹുല്‍ഗാന്ധിയും ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കി സാധ്യതകള്‍ തേടുകയാണ്! 1940കളുടെ അവസാനം ലോര്‍ഡ് മൗണ്ട് ബാറ്റനും ജവഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്ന് നടത്തിയ കുതന്ത്രങ്ങളുടെ ഫലമായി ഭാരതത്തിന്റെ ഭാഗമായി പൂര്‍ണ്ണമായ രീതിയില്‍ മാറുന്നതില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയ ജമ്മുകശ്മീരാണ് വിഷയം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആ വിഷയത്തിലെ തീരുമാനത്തെ അട്ടിമറിക്കാന്‍ നെഹ്റുവിന്റെ പേരക്കുട്ടിക്ക് കൂട്ടിനായി മൗണ്ട്ബാറ്റന്റെ നാട്ടില്‍നിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന അന്വേഷണത്തിന്റെ തിരക്കിലായിരുന്നു രാഹുല്‍.
ജമ്മുകശ്മീരിനെ ഭാരതത്തിന്റെ ദേശീയ ധാരയിലെ തിളങ്ങുന്ന താരമായി മാറ്റുകയെന്ന തെളിഞ്ഞ ലക്ഷ്യത്തോടെയാണല്ലോ അവിടത്തെ വിശേഷ അധികാരങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകളഞ്ഞത്. പാക്കിസ്ഥാനും ആ രാജ്യത്തോടൊപ്പം നിന്ന് ഭാരതീയ താത്പര്യങ്ങളുടെ വഴിമുടക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-വര്‍ഗീയ ഇസ്ലാമിക കൂട്ടുകെട്ടും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ തീരുമാനത്തിനെതിരെ ശബ്ദം വെക്കുവാന്‍ തുടങ്ങി. രാഹുലിന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ പാക്കിസ്ഥാന് സഹായകരവുമായി. രാഹുലിനെ ഉദ്ധരിച്ചുകൊണ്ടാണ് പാക്കിസ്ഥാനിലെ ഇമ്രാന്ഖാന് ഭണകൂടം മനുഷ്യാവകാശ കമ്മീഷനിലും ഐക്യരാഷ്ട്ര സഭയിലുമൊക്കെ ചെന്ന് വിലാപം തുടങ്ങിയത്. പക്ഷേ ലോകം സത്യം തിരിച്ചറിഞ്ഞു. ആ സത്യത്തോടൊപ്പം നിന്നു.
ഇമ്രാന്‍ഖാനെ സഹായിക്കാന്‍ രാഹുല്‍ വഴിതേടിയതിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. യുണൈറ്റഡ് നേഷന്‍സില്‍ പരാജയപ്പെട്ട പാക്കിസ്ഥാനെ സഹായിക്കാന്‍ യുണൈറ്റഡ് കിങ്ഡത്തിന്റെ പടിപ്പുരയിലേയ്ക്ക് ആളെ അയക്കാന്‍ തയ്യാറായിരിക്കുന്നു, രാഹുല്‍. ലേബര്‍പാര്‍ട്ടി നേതാവും ഭാരതവിരുദ്ധനുമായ ബ്രിട്ടീഷ് പാര്‍ലമെന്റംഗം ജെറമി കോര്‍ബൈന്റെ ട്വിറ്റര്‍ സന്ദേശം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇംഗ്ലണ്ടിലുള്ള പ്രതിനിധികളുമായി വളരെ പ്രയോജനപ്രദമായ കൂടിക്കാഴ്ച്ച നടന്നതായും ആ വേളയില്‍ കശ്മീരിലെ ‘മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായും’ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പാക്കിസ്ഥാന് ആവശ്യപ്പെടുന്നത് പോലെ കശ്മീര്‍ വിഷയത്തില്‍ അന്തരാഷ്ട്ര ഇടപെടലിനുവേണ്ടിയുള്ള വാദങ്ങളാണ് ഇതേ തുടര്‍ന്നും ഇംഗ്ലീഷ് ലേബര്‍പാര്‍ട്ടി നേതാവ് ഉന്നയിച്ചുപോരുന്നത്.
വിവേകാനന്ദ സ്വാമിയാണ് അന്തിമ വിമോചനത്തിനുള്ള ഭാരതയുദ്ധത്തിന് ആശയങ്ങള്‍കൊണ്ട് പാഞ്ചജന്യം മുഴക്കിയത്. മറ്റെല്ലാ ദേവതകളെയും മാറ്റിവെച്ച് ഭാരതമാതാവിനെ പൂജിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ലക്ഷ്യസാദ്ധ്യത്തിന് ഒരൂ സമയക്രമവും കുറിച്ചിട്ടു. വീരസവര്‍ക്കറും മഹര്‍ഷി അരവിന്ദനും ബാലഗംഗാധരതിലകനും മഹാത്മാ ഗാന്ധിയും ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറും പോരിടങ്ങളില് ആവേശം വിതറി സ്വയം സമര്‍പ്പിച്ച് വഴികാട്ടി.
1883ല്‍ ജനിച്ച വീരസവര്‍ക്കര്‍ ബാല്യത്തില്‍ത്തന്നെ ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടാന്‍ നിശ്ചയിച്ചു. ഇംഗ്ലണ്ടില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചതുപോലും ബ്രിട്ടീഷ് കടന്നാക്രമണം വന്നവഴിയും നിലനില്‍ക്കുന്ന കാരണവും പടിയിറക്കാനുള്ള വഴിയും ഇംഗ്ലണ്ടില്‍ ചെന്നുപഠിക്കാന് വേണ്ടിയായിരുന്നു. 1889ല്‍ ജനിച്ച ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറും ബാല്യത്തിലെ ഭാരതമാതാവിനുവേണ്ടി സ്വയം സമര്‍പ്പിച്ച സ്വാതന്ത്ര്യ ദാഹിയായിരുന്നു. പഠിച്ചിരുന്ന ഹൈസ്ക്കൂളില്‍ വന്ദേമാതരം മുഴക്കിയതിന് ശിക്ഷ വാങ്ങി. പഠനം തുടരുവാന്‍ ക്ഷമചോദിക്കണമെന്ന് പറഞ്ഞ അധികൃതര്‍ക്ക് നേരെ പുറം തിരിഞ്ഞ് പുറത്തിറങ്ങി. പിന്നീട് ദേശീയപ്രസ്ഥാനം ഒരുക്കി സമാന്തര വിദ്യാഭ്യാസം നേടിയതും കല്‍ക്കട്ടയില്‍ ഡോക്ടര്‍ ബിരുദം തേടി ഭിഷഗ്വരനാകാന്‍ ശ്രമിച്ചതും അനുശീലന്‍ സമിതിപോലെയുള്ള തീവ്ര പോരാട്ടമുഖങ്ങളില്‍ നിലയുറപ്പിക്കാനായിരുന്നു. ഡോക്ടര്‍ ബിരുദം നേടിയിട്ടും സേവനത്തിനായി സമാജത്തിലേക്കിറങ്ങുകയായിരുന്നു ഡോക്ടര്‍ജി. രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ജന്മം നല്കി.
1888ല്‍ മറ്റൊരു കുട്ടി ജനിച്ചു. പേര് ഹരിലാല്‍ ഗാന്ധി (പിന്നീട് അബ്ദുല്ലാ ഗാന്ധിയായി. അവസാനം ഹീരലാല് ഗാന്ധിയുമായി). മഹാത്മാ ഗാന്ധിയുടെ മകന്! 1908നും 1911നുമിടയില്‍ സത്യാഗ്രഹിയായതിന് ആറുപ്രാവശ്യം അറസ്റ്റിലാക്കപ്പെട്ട പോരാട്ടവീര്യത്തിനുടമ. പക്ഷേ ഒരാഗ്രഹം ആ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടു. ഇംഗ്ലണ്ടില്‍ പോയി പഠിച്ച് അച്ഛനെ പോലെ ബാരിസ്റ്ററാകാന്‍ മോഹിച്ചു. സ്കോളര്‍ഷിപ്പും കിട്ടുമായിരുന്നു. ഗാന്ധിജി അനുവദിച്ചില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെയുള്ള സമരത്തെ ബാധിക്കുമെന്നതായിരുന്നു കാരണം. വീടുമായി കലഹിച്ചു. ആ ജീവിതം തന്നെ ഹോമിക്കപ്പെട്ടു. ക്ഷയരോഗം ബാധിച്ച് അജ്ഞാതനായി, ഗാന്ധിജിയുടെ ‘ഹീര’ 1948ല്‍ ലോകത്തോട് യാത്രപറഞ്ഞു. അതേവര്‍ഷം ഗാന്ധിജി ചിതയിലമരുമ്പോള്‍, ആ ചിതയ്ക്ക് തീ കൊളുത്തേണ്ട ഹീര ആരാലും തിരിച്ചറിയാതെ മൂകസാക്ഷിയായി അവിടെയുണ്ടായിരുന്നുപോലും. പക്ഷേ അവിടെ താരശോഭയോടെ നിറഞ്ഞുനിന്നത് മഹാത്മജിയോട് ചേര്‍ന്നുനിന്ന് പേരുവരെ സ്വന്തം മകള്‍ ഇന്ദിരയ്ക്ക് തരപ്പെടുത്തിക്കൊടുത്ത ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു.
1889ല്‍ ആയിരുന്നു ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്. ആദ്യം സൂചിപ്പിച്ച മൂന്നുപേരും ജനിച്ച 1880കളില്‍ തന്നെ. വീര സവര്ക്കറെപോലെയോ ഡോക്ടര്‍ ഹെഡ്ഗേവാറിനെപോലെയോ ബാല്യത്തിലെ തന്നെ സ്വാതന്ത്ര്യ ദാഹമൊന്നും ജവഹറിനില്ലായിരുന്നു. ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ പഠനം മോഹിച്ച ഹരിലാല്‍ ഗാന്ധിയുടെ വഴിയടച്ച അച്ഛന് മഹാത്മാ ഗാന്ധിയെപോലെ, ആദര്‍ശപരമായ ബോദ്ധ്യത്തിന്റെ തടവറയില്‍ സ്വന്തം മകന്റെ ജീവിതത്തെ ഹോമിക്കുന്ന വ്യക്തിയായിരുന്നില്ല ജവഹറിന്റെ അച്ഛന് മോത്തിലാല്‍ നെഹ്റു. ഭാരതത്തിന്റെ സ്വാതന്ത്ര്യമൊന്നും അന്ന് മോത്തിലാലിന് വിഷയമായിരുന്നില്ല. ഇംഗ്ളീഷ് ഭരണത്തില്‍ മകന് ലഭിക്കാവുന്ന ഉയര്‍ന്ന പദവിയായിരുന്നിരിക്കണം അന്നദ്ദേഹത്തെ നയിച്ച മോഹം. പതിനഞ്ചാം വയസ്സില്‍ ജവഹറിനെ ഇംഗ്ലണ്ടിലേക്കയച്ചു, ഇംഗ്ളീഷുകാരനായി പഠിച്ച്, പരിചരിച്ച്, ശീലിച്ച് വളരുകയായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടുള്ള ഇടപഴകല്‍ പോലും വിലക്കിയിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഇന്ത്യക്കാരുടെ സാന്നിധ്യംപോലും അസ്വസ്ഥത ഉളവാക്കുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു മാറിവന്ന സാഹചര്യം മുതലെടുത്ത് പ്രധാനമന്ത്രിയായെങ്കില്‍ മോത്തിലാലും ജവഹര്‍ലാലും പിന്നീടെടുത്ത ചടുലമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു, അതിനുപിന്നില്‍. തങ്ങളിലൊരാളായി മാറിയ നെഹ്റുവിനെ അധികാരം ഏല്‍പ്പിക്കാന്‍ ഇംഗ്ലീഷുകാരും മൗണ്ടുബാറ്റനിലൂടെ വേണ്ടത് ചെയ്തു. അപ്പൊഴേക്കും നിസ്സഹായനും കോണ്‍ഗ്രസ്സില്‍ അപ്രസക്തനുമായിത്തീര്‍ന്ന മഹാത്മജിക്ക് സമ്മതിക്കുകയല്ലാതെ വഴിയില്ലായിരുന്നു. മൗണ്ട്ബാറ്റന്റെ രക്ഷാകര്‍തൃത്വത്തില്‍ നെഹ്റുവിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കി. പകരം മൗണ്ട്ബാറ്റനെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലുമാക്കി. പാക്കിസ്ഥാന് അങ്ങനെ ഒരു പദവി കൊടുക്കാന്‍ തയ്യാറായില്ലെന്നുകൂടി ഓര്‍ക്കുക.
കശ്മീരിലുള്‍പ്പെടെ സ്വതന്ത്രഭാരതം നേരിടേണ്ടിവന്ന പല വെല്ലുവിളികളും നെഹ്റു-മൗണ്ട്ബാറ്റന് കൂട്ടുകെട്ട് വരുത്തിവെച്ചതാണെന്ന് മറക്കാതിരിക്കാം. നിരവധി ധീരദേശാഭിമാനികള്‍ സ്വന്തം ജീവിതം ബലിനല്‍കി നേടിയ സ്വാതന്ത്ര്യത്തിന്റെ ഗുണവശമാണ്, തൂണും ചാരിനിന്നവന്‍ പെണ്ണുംകൊണ്ട് പോയെന്ന് പറയുംപോലെ ജവഹര്‍ലാല്‍ നെഹ്റു കവര്‍ന്നെടുത്തത്. നെഹ്റുവിനുശേഷം പൊതുവേ കുടുംബസ്വത്തുപോലെ കൈമാറിവന്ന കസേര, തന്റെ കാലമായപ്പോള്‍ കൈവിട്ടുപോയതിന്റെ ദൂ:ഖം സഹിക്കയല്ലാതെ രാഹുലിന് മാര്‍ഗവുമില്ല. ചരിത്രം മറന്നിട്ടില്ലാത്ത ജനം ഇനിയുമിവിടെയുണ്ടെന്നത് രാഹുല്‍ ഓര്‍ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: