തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനെ ആവേശത്തിന്റെ മൂര്ധന്യാവസ്ഥയില് നിര്‍ത്തി ബിജെപിയുടെ പ്രചാരണം കൊട്ടികയറുന്നു. ഇന്നലെ മൂന്നു അതികായന്മാരാണ് വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വീടുതോറുമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥി അഡ്വ. എസ്. സുരേഷ് തുടക്കം കുറിച്ചപ്പോള്‍ കൂടുംബയോഗങ്ങളില് രാജ്യസഭാ എംപി സുരേഷ് ഗോപിയായിരുന്നു നിറസാനിധ്യം.
ഏര്യകമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം, മറ്റു പാര്‍ട്ടികളില്‍ നിന്നും എത്തിയവരെ സ്വീകരിക്കല്‍, പ്രധാനവ്യക്തികളെയും വ്യക്തിത്വങ്ങളെയും ആദരിക്കല്‍ തുടങ്ങിയ പരിപാടികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. വൈകുന്നേരം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് വീടുതോറുമുള്ള വോട്ടഭ്യര്‍ത്ഥനയുമായി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ പാഞ്ചജന്യം മുഴങ്ങുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
രാവിലെ ഏഴുമണിമുതല്‍ ചെട്ടിവിളാകത്തിലെ വീടുതോറുമുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തിയത്. ചെറുപുഞ്ചിരിയോടെ ഓരോ വീടിനുമുന്നിലും എത്തുന്ന സുരേഷിനെ വീട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മകനോടുള്ള വാത്സല്യം അമ്മമാര്‍ മറച്ചുവച്ചില്ല. ഇരുകൈയും നീട്ടി ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുന്ന അമ്മമാരെയാണ് പ്രചാരണത്തിന് ഉടനീളം കാണാനായത്.
കഴിഞ്ഞ എംഎല്‍എയുടെ മുന്നില്‍ ആപേക്ഷയുമായി നിരവധി തവണ വീട്ടുപടിക്കല്‍ സങ്കടഹര്‍ജിയുമായി പോയിട്ടുണ്ട്. എന്നാല്‍ കത്ത് വാങ്ങി പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചെട്ടിവാളാകത്തിലെ ഗൗരിയമ്മ പറയുന്നു. കാലിന് സുഖമില്ലാത്ത തന്റെ മകളുടെ വീട്ടിലേക്ക് വീതിയുള്ള പാതവേണമെന്ന ആവശ്യത്തിന് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം. ജയിച്ചാല്‍ തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പുനല്‍കിയാണ് സുരേഷ് വീട് വിട്ടത്.
11 മണിയോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പേരൂര്‍ക്കടയുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ സന്ദര്‍ശനം നടത്തി. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് വോട്ട് ചോദിച്ച ശേഷമാണ് സുരേഷ് മടങ്ങിയത്. 300 ഓളം വീടുകളിലാണ് സുരേഷ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ഏര്യ പ്രസിഡന്റ് സതീഷ്കുമാര്‍, ഏര്യ പ്രഭാരി സജിത്ത് കുമാര്‍, ഏര്യ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ഗൃഹസമ്പര്ഗത്തിന് നേതൃത്വം നല്കി. വനിതകളടക്കം 30ഓളം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: