കാലില്‍ ചങ്ങലയും കൈയില്‍ രേഖയുമായി വിയറ്റ്നാം കോളനിയിലെ ശങ്കരാടി കളിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയം തന്നെ കച്ചവടമാക്കി ശീലിച്ച പാര്‍ട്ടിയുടെ പ്രസിഡന്റ് ബിജെപി വില്‍ക്കുന്നതും സിപിഎം വാങ്ങുന്നതുമായ വോട്ടിന്റെ കണക്കുപുസ്തകമെഴുതുന്ന തിരക്കിലാണ്. നടക്കാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ ഇടം കൃത്യമായി തിരിച്ചറിഞ്ഞ ഒരു കെപിസിസി പ്രസിഡന്റിന്റെ നില വിട്ടുള്ള ഓരിയിടലായേ കേരളം വിലയിരുത്തുന്നുള്ളൂ.
സാക്ഷാല്‍ ഹൈക്കമാന്‍ഡ് സോണിയ വിറ്റ സീറ്റിന്റെ കണക്കുമായി അശോക് തന്‍വാര്‍ എന്ന ഹരിയാനയിലെ നേതാവ് ദല്‍ഹിയില്‍ സത്യഗ്രഹം നടത്തുമ്പോഴാണ് മുല്ലപ്പള്ളി ഇവിടെ കിടന്ന് കാറുന്നത്. സോണിയ സീറ്റ് വിറ്റത് പുറത്തല്ല, അകത്താണ്. മരുമകന് റോബര്‍ട്ട് വാദ്രയ്ക്കും കമ്പനിക്കും ഹരിയാനയിലെ കോണ്‍ഗ്രസ് സീറ്റൊക്കെ ലേലം വിളിച്ചു വിറ്റുവെന്നാണ് തന്‍വാറിന്റെ ആരോപണം. ഹരിയാനയിലെ ഭൂമിയാകെ കയ്യേറിയ മിസ്റ്റര്‍ മരുമകന് നിയമസഭയും കയ്യേറണമെന്ന പൂതി തോന്നുന്നതില്‍ തെറ്റൊന്നുമില്ല. അമ്മായി ചുടുന്ന അപ്പമെല്ലാം മരുമോനുള്ളതാണെന്ന ഒരു തിയറി നിലവിലുള്ളപ്പോള്‍ അതാണ് ശരി. കച്ചോടം പൂട്ടലിന്റെ വക്കിലായതിനാല്‍ അടുത്ത ചുവടും ഉടനെ ഉണ്ടാകും എന്ന് കരുതണം.
മുല്ലപ്പള്ളിയുടെ നിലവിളിക്കൊപ്പിച്ച് കമ്മ്യൂണിസ്റ്റ് ഡീലര്‍ കോടിയേരി ബാലകൃഷ്ണന് നിലപാട് പ്രഖ്യാപിച്ചതാണ് ഏറെ കൗതുകകരം. അവിടെയും വിഷയം വില്‍പ്പനയും വാങ്ങലുമൊക്കെത്തന്നെ. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമൊക്കെ ബിജെപി വോട്ട് യുഡിഎഫിന് കൊടുക്കുമെന്ന് ആരോ കവിടി നിരത്തി കോടിയേരിയോട് പറഞ്ഞുവത്രെ. തന്നാലും ആര്‍എസ്എസിന്റെ വോട്ട് വാങ്ങില്ലെന്ന് ഒരു ഔദാര്യവും ഡീലര്‍ നീട്ടിയെറിയുന്നുണ്ട്. പെരുംകള്ളന്മാര് പിടിക്കപ്പെടാതിരിക്കാന്‍ കാണിക്കുന്ന പൊറാട്ടുനാടകത്തിന്റെ ട്രെയിലറാണ് വോട്ട് ഡീലിങിലെ ബ്രദേഴ്സ് ആയ കോടിയേരിയും മുല്ലപ്പള്ളിയും ചേര്‍ന്ന് പയറ്റുന്നതെന്ന് സാരം.
വോട്ട് മാത്രമല്ല, തടി കയിച്ചിലാക്കാന്‍ എന്തും വില്ക്കാന് ഉളുപ്പില്ലാത്തവരാണ് കോടിയേരിയും കൂട്ടരും. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ പാവം ടി.എന്‍. സീമയെ ഒരുക്കിയിറക്കിയിട്ട് കെ. മുരളീധരന് നൈസായിട്ട് വോട്ട് കച്ചോടമാക്കിയതാണ് കോടിയേരിയുടെ ജനാധിപത്യം. മുരളീധരനുമായിട്ട് സീമാതീതമായ ഒരു ബന്ധം സിപിഎമ്മുകാര്ക്കുണ്ടായെന്ന് ഏങ്ങലടിച്ചത് സീമ തന്നെയാണ്. വോട്ട് വാങ്ങിയ മുരളീധരന് അത് സമ്മതിക്കുകയും ചെയ്തു.
കച്ചവട രഹസ്യം പുറത്തായതിന്റെ ജാള്യത ലവലേശമില്ലാതെയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ മുഴുവന്‍ അസംബ്ലി മണ്ഡലത്തിലെയും വോട്ട് ശശിതരൂരിന് വിറ്റത്. മറിച്ചായാലും തിരിച്ചായാലും വിറ്റഴിച്ചതിന്റെ ലാഭവിഹിതം ഇപ്പോഴും കണക്കുകൂട്ടി കഴിഞ്ഞിട്ടില്ല. വെറും 25 ശതമാനം വോട്ടാണ് തലസ്ഥാനത്ത് പിണറായിയുടെയും കോടിയേരിയുടെയും മൂക്കിന് താഴെ സിപിഐ നേതാവ് സി. ദിവാകരന് വാങ്ങിയത്. വോട്ടുമറിക്കലിലും വില്‍ക്കലിലും സിപിഎമ്മിനെ മറികടക്കാന്‍ ആര്‍ക്കുമാവില്ലെന്ന് തെളിയിക്കുന്നതാണ് ചരിത്രം. മഞ്ചേശ്വരത്ത് വോട്ടുവില്പ്പനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു കാലത്തും പച്ചപിടിക്കില്ലെന്ന് ഉറപ്പുള്ളിടത്തൊക്കെ ഒരു ഉളുപ്പുമില്ലാതെ കോണ്‍ഗ്രസ്സിനും ലീഗിനും വോട്ടുകുത്തിയ പാര്‍ട്ടിയുടെ നേതാവാണ് ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപി സാധ്യതകള്‍ക്ക് മേല്‍ പെരുംനുണയുടെ ചെളി വാരിയെറിയുന്നത്.
വോട്ട് മാത്രമല്ല സീറ്റ് വരെ തീറെഴുതിക്കളയും ഇക്കൂട്ടര്‍. അമ്മാതിരി വ്യവസായ സൗഹൃദ ജനാധിപത്യമാണ് ഇടതുമുന്നണിയിലും വലതുമുന്നണിയിലും നിറഞ്ഞാടുന്നത്. പി.വി. അബ്ദുള്‍ വഹാബും തോമസ്ചാണ്ടിയും ക്രിസ്റ്റി ഫെര്‍ണാണ്ടസും ബെന്നറ്റ് എബ്രഹാമും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പൊട്ടിവീണതിന്റെ മണിക്കിലുക്കം പത്രമായും ചാനലായും പാര്‍ട്ടി ഓഫീസുകളായും നേതാക്കളുടെ വീര്‍ത്ത പോക്കറ്റായുമൊക്കെ മലയാളിയെ കൊഞ്ഞനം കുത്തുന്നുണ്ടെന്ന് മറക്കരുത്. രാവെളുക്കുവോളം പോസ്റ്ററൊട്ടിച്ചും കൊടിപിടിച്ചും മുഷ്ടിചുരുട്ടി, തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും കൂടെക്കൂടിയ അണികള്‍ അടുത്ത ദിവസം രാവിലെ കൂപ്പറില്‍ വന്നിറങ്ങുന്ന സഖാക്കന്മാരെ കണ്ടാല്‍ എന്തു വിളിക്കണം എന്നുകൂടി വോട്ടുകച്ചവടത്തിന്റെ ഇന്റര്‍നാഷണല്‍ ഡീലര്‍മാര്‍ പറഞ്ഞുകൊടുക്കണം.
കോടിയേരിയും മുല്ലപ്പള്ളിയും ജനാധിപത്യത്തെ ആകെ കച്ചവടമാക്കിയ പാര്‍ട്ടികളുടെ നേതാക്കളാണ്. അവര്‍ ഒത്തുകളിച്ചും കെട്ടിപ്പിടിച്ചും മായ്ച്ചുകളഞ്ഞ ചോരപ്പാടുകളുണ്ട് കേരളത്തിന്റെ മുന്നില്‍. അഴിമതിയുടെ മായാത്ത കഥകളുണ്ട്. മുന്നിലുണ്ടല്ലോ ഒരു പാലാരിവട്ടം പാലം. ഏത് കേസാണ് പരസ്പരം ഒത്തുതീര്‍പ്പുണ്ടാക്കി അവര്‍ ഒതുക്കാത്തത്? ടി.പി. ചന്ദ്രശേഖരന്റെ ജീവന് യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയ വിലയെത്രയാകും? സോളാര്‍ കേസില്‍ മിണ്ടാതിരിക്കുന്നതിന് കോടിയേരിയും പിണറായിയും വാങ്ങിയതിന്റെ കണക്ക് പുറത്തുവിടാമോ? ടൈറ്റാനിയം കേസ്, പാറ്റൂര്‍ ഭൂമിയിടപാട്, ലാവലിന്‍, കൊലപാതകങ്ങള്‍. കച്ചോടമല്ലാതെ എന്ത് രാഷ്ട്രീയമാണ് സാര്‍ നിങ്ങള്‍ ഇരുകൂട്ടരും കൂടി കേരളത്തില്‍ നടപ്പാക്കുന്നത്. രണഭൂമികളിലെ രക്തം സാക്ഷി എന്നായിരുന്നല്ലോ കോടിയേരിയുടെ പിള്ളേര് നാടൊട്ടുക്ക് കൂവിയാര്‍ത്ത് നടന്നത്. നേതാവിന്റെ മകന്റെ രക്തത്തെക്കുറിച്ച് മാലോകര്‍ ചോദിച്ചാല്‍ എന്ത് പറയണം എന്നുകൂടി വ്യക്തമാക്കണ്ടേ.
വിറ്റും വാങ്ങിയും പങ്കാളിത്ത ജനാധിപത്യം പൊലിപ്പിക്കുന്ന തിരക്കില്‍ വോട്ട് ജനങ്ങളുടെ പൗരാവകാശമാണെന്ന് ഡീലര്‍മാര്‍ മറക്കണ്ട. നെറികെട്ട നുണപ്രചാരണത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അത് ആ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണെന്നും ഓര്‍ക്കുന്നത് നല്ലത്. കഴക്കൂട്ടത്തെ വള്ളിക്കെട്ടിനെ വട്ടിയൂര്‍ക്കാവില്‍ ബലിയാടാക്കാന്‍ കടകംപള്ളി കോടിയേരിക്ക് കൊടുത്തതിന്റെ കണക്ക് പാര്ട്ടിക്കാര് ചോദിക്കാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: