ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുകയാണ് ദേവീഭാഗവതം. മഹാപുരാണമായും ഉപപുരാണമായും ഇതിനെ ഗണിക്കുന്നു. പുരാണലക്ഷണം തികഞ്ഞ കൃതിയാണിത്. എന്താണ് പുരാണം? സര്ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം പുരാണം. പഞ്ചലക്ഷണമിങ്ങനെ
‘സര്‍ഗശ്ച പ്രതിസര്‍ഗശ്ച
വംശോമന്വന്തരാണി ച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം’
സാത്വികി, രാജസി, താമസി എന്നീ ത്രിഗുണശക്തികള് സരസ്വതി, ലക്ഷ്മി, കാളി എന്ന് മൂന്ന് സ്ത്രീകളായി ഭവിച്ചു. ഈ ശക്തികളുടെ ദേഹധാരണരൂപമായ ലക്ഷണമാണ് സര്‍ഗം.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ക്രിയകള്‍ക്കായി ബ്രഹ്മാ വിഷ്ണു രുദ്രന്മാരുടെ ഉല്പ്പത്തിവര്ണന പ്രതിസര്ഗം.
ദേവാദികളുടെ വംശക്രമമത്രെ വംശം. മനുക്കളുടെ ചരിത്രവും കാലനിര്ണയവുമാണ് മന്വന്തരം. മനുക്കളുടെ വംശപാരമ്പര്യത്തെപ്പറ്റി പറയുന്നത് വംശാനുചരിതം. വിഷ്ണു ഭാഗവതംപോലെ 12 സ്കന്ധങ്ങള്‍, 18000 ശ്ലോകങ്ങള്‍. ദേവീഭാഗവത ഘടന ഇങ്ങനെയാണ്.* ആയിരം വര്‍ഷങ്ങള്‍ ഹിമാലയത്തിലിരുന്ന് ശക്തിയെ ധ്യാനിച്ചു തപസ്സുചെയ്ത് സര്വവന്ദ്യയായിത്തീര്ന്ന ദുര്‍ഗാദേവി. ഗന്ധമാദനത്തില്‍ ആയിരം വര്‍ഷം തപസ്സുചെയ്ത് സര്വപൂജ്യയായി മാറിയ സരസ്വതീ ദേവി. നൂറ് ദിവ്യയുഗം പുഷ്കരത്തില്‍ ശക്തിയെ ഉപാസിച്ച് തപസ്സുചെയ്തതിനാല്‍ വരം ലഭിച്ച ലക്ഷ്മീദേവി. ഇച്ഛാ ജ്ഞാനക്രിയാശക്തികളാല് ഈ മൂവരും നിറഞ്ഞാടുകയാണ് ദേവീഭാഗവതത്തില്‍.
ദേവീപൂജയും നവരാത്രിയും ദേവീഭാഗവതം അഞ്ചാം സ്കന്ധം 34-ാം അധ്യായം വിശദീകരിക്കുന്നു. ഏറ്റവും പ്രധാനം നവരാത്രി വ്രതമാകുന്നു. വ്രതത്തിന്റെ ഫലസിദ്ധി ദേവീഭാഗവതത്തിലിങ്ങനെ.
‘ആരാകിലും സര്‍വലോകാ-
നന്ദങ്ങളുമണഞ്ഞിടും
ദേഹാന്തത്തില്‍ പരമമാം
ദേവീലോകവുമാര്ന്നിടും
നവരാത്ര വ്രതം സര്‍വ-
വ്രതങ്ങളിലുമുത്തമം
ശിവാസമ്പൂജനം ശ്രേഷ്ഠം
സര്വസൗഖ്യപ്രദായകം.’
അസുരന്മാരുടെ മേല്‍ ദുര്ഗാദേവിയ്ക്കുണ്ടായ വിജയത്തെപ്രകീര്ത്തിക്കുന്ന മാര്‍ക്കണ്ഡേയ പുരാണ ഭാഗമാണ് ‘ദേവീമാഹാത്മ്യം’. ദേവീ ഭക്തന്മാര് ഭാരതത്തിലങ്ങോളമിങ്ങോളം ഇതു പാരായണം ചെയ്യുന്നു. ഭയഭക്തിവിശ്വാസങ്ങളെ ഇതുളവാക്കുന്നു എന്നതാണ് സത്യം. ബംഗാളില്‍ ഈ ഗ്രന്ഥം ‘ചണ്ഡി’ എന്നും മധ്യഭാരതത്തില്‍ ‘ദുര്‍ഗാസപ്തശതി’ എന്നും തെക്കേ ഇന്ത്യയില്‍ ദേവീമാഹാത്മ്യമെന്നും പറഞ്ഞുവരുന്നു. വഴിയാത്രയില്‍ ഈ ഗ്രന്ഥം കയ്യിലുണ്ടെങ്കില്‍ ആപത്തങ്ങാര്ക്കുമൊട്ടുണ്ടാവില്ല എന്നതാണ് രൂഢിയായ വിശ്വാസം.
ദേവിയുടെ മഹിമാതിരേകം തിരിച്ചറിഞ്ഞ ആദിശങ്കരാചാര്യര്‍ ഭാവത്തിന്റെ പരകോടിയില്‍ ഉള്ളഴിഞ്ഞ് ഈ സംബുദ്ധികള്‍ നല്കി, എട്ടെണ്ണം.
ശബ്ദ ബ്രഹ്മമയി, ചരാചരമയി, ജ്യോതിര്‍മയി, വാങ്മയി, നിത്യാനന്ദമയി, പരാത്പരമയി, മായാമയി, ശ്രീമയി. ഇവര്‍ക്കായി നൂറ്റെട്ടിലേറെ ദേവീക്ഷേത്രങ്ങള്‍ കേരളത്തില്‍. കേരളത്തിന് പുറത്തോ പ്രസിദ്ധിയാര്ന്നവ എത്രയെത്ര.
*ശ്രീമദ് ദേവീഭാഗവതം മലയാളവിവര്‍ത്തനം: ടി. സുബ്രഹ്മണ്യന് തിരുമുമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: