വ്യാസശിഷ്യനായ സൂതന്‍ പതിനെട്ടോളം വരുന്ന പുരാണങ്ങള്‍ ഉപദേശിച്ചത് നൈമിശാരണ്യം എന്ന പ്രശാന്തിവനത്തില് വച്ചാണ്. ശാന്തിയേറിയ, സമാധാനമുള്ള സര്ഗസ്ഥലിതന്നെ നൈമിശാരണ്യം. അവിടെയിരുന്നുകൊണ്ട് സൂതന്‍ പറഞ്ഞു: ‘ശ്രീ പരീക്ഷിത്തിന്റെ പുത്രനായ ജനമേജയ മഹാരാജാവ് ഒരു സര്‍പ്പയാഗം നടത്തി. ദേവി പ്രീതിക്കുവേണ്ടി ഒരു ദേവീയജ്ഞം നടത്തണമെന്ന് വ്യാസമഹര്‍ഷി ജനമേജയനോട് ആവശ്യപ്പെട്ടു. അദ്ദേഹം ദേവീയാഗം നടത്തി. യാഗവേളയില്വ്യാസമുനി ദേവിയുടെ മാഹാത്മ്യമേറിയ കഥകളെ ആഖ്യാനം ചെയ്തു. അതാണ് ദേവീമാഹാത്മ്യവും ദേവീഭാഗവതവും.’ സൂതന്‍ നന്ദിയോതി നാം വ്യാസഗുരുവിന് പ്രണാമമര്‍പ്പിക്കുക.
ദേവീഭക്തിക്ക് സമ്പന്നമായ സാഹിത്യ സംസ്കാരമാണ് ഭാരതത്തിലുള്ളത്. സ്തോത്രങ്ങളും സ്തവങ്ങളും സങ്കീര്‍ത്തനങ്ങളുമായി പരശ്ശതം കൃതികള്‍ സംസ്കൃതത്തിലുണ്ട്. അഥര്‍വത്തില്‍ വിത്തും വേരുമുള്ള മന്ത്രതന്ത്രയന്ത്രങ്ങളും അസംഖ്യം. എഡി പത്താം നൂറ്റാണ്ടോടെ ഭാരതത്തിലെ പ്രാദേശിക ഭാഷകളെല്ലാംതന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി. നാട്ടുഭാഷകളാകവേ ഭക്തിയുടെ ഉഭയഗീതത്തോടെയുണര്ന്നത്. ദേവതാരാധനാവര്ണനകള് സമൃദ്ധമായുണ്ടായി. എന്തുകൊണ്ട്? നാം ഒരു സത്യം അധ്യാഹരിച്ചെടുക്കേണ്ടതായിട്ടുണ്ട്. ശക്തിസ്വരൂപിണിയും ജ്ഞാന സ്വരൂപിണിയും കാമസ്വരൂപിണിയുമായ സ്ത്രീ എന്നും എവിടെയും ആദരിക്കപ്പെടണം. അംഗീകരിക്കപ്പെടണം. നാരികള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ അധിവസിക്കുന്നുവെന്ന ആര്‍ഷമായ പാഠം ദേവീഭക്തിയിലൂടെ വര്‍ത്തമാനകാല ചേതനയിലേക്ക് നാം ആവാഹിക്കുക.
പരബ്രഹ്മവും പരാശക്തിയും ഒന്നുതന്നെയെന്നറിയുക. പരബ്രഹ്മം എന്ന ഒന്ന് മൂന്നായി പിരിയുന്നു. എന്തിന് എന്ന് ചോദിച്ചാല്‍ കര്മനിര്വഹണത്തിനെന്നുത്തരം.
പരാശക്തിയുടെ മായാവൈഭവത്താലാണ് പരബ്രഹ്മം ത്രിമൂര്ത്തികളായിമാറുന്നത്. സൃഷ്ടിസ്ഥിതി സംഹാരകാരകങ്ങളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്. ഇവരുടെ നിയാമകശക്തിയായി വിരാജിക്കുകയാണ് ദേവി.
വിഷ്ണുവിന് വൈകുണ്ഠവും ശിവന് കൈലാസവും ബ്രഹ്മാവിന് സത്യലോകവും നല്കിയിരിക്കുന്നു. അചിന്ത്യരൂപചരിതയും സര്വശത്രുവിനാശിനിയും ലോകാംബികയുമായ ദേവിക്ക് ഒരു ആസ്ഥാനം വേണ്ടേ? സ്ഥിരമായ മേല്‍വിലാസം? നിത്യമായ ഒരു സങ്കേതം ദേവിക്കും ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. അതാണ് മണിദ്വീപം. മണിദ്വീപം അമൃത സമുദ്രത്തിലാണ്. ഇത് നവരത്ന നിര്‍മിതമായ സപ്തനില ഹര്മ്യമാകുന്നു. മണിദ്വീപത്തിന്റെ കാവല്ക്കാര് അഷ്ടദിക് പാലകരും. എട്ടുദിക്കിലും അവരങ്ങനെ നിലയുറപ്പിച്ചിരിക്കുന്നു.
ലോകാംബികയായ ദേവിയുടെ കലാംശംകൊണ്ട് സംഭൂതരായ അറുപത്തിനാല് ഉപദേവിമാരുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ ശ്രദ്ധിക്കുക. പിംഗലാക്ഷി, വിശാലാക്ഷി, സമൃദ്ധിനി, ശ്രദ്ധാവേദി, വസുന്ധരാദേവി ദേവകീദേവി, സതീദേവി, വാഗീശ്വരി ദേവി, അനംഗാദേവി… എത്രമേല്‍ ഗുണമിളിതവും മൃദുലളിതവുമായ പേരുകള്‍, അല്ലേ? മണിദ്വീപത്തിലെ പ്രഹര്‍ഷപ്രാകാരത്തില്‍ അറുപത്തിനാല് പേരും പ്രമോദിനികളായി കഴിയുന്നു.
ശക്തി സ്വരൂപിണികളായ മുപ്പത്തിരണ്ട് ഉപദേവിമാര്‍ വേറെയുമുണ്ട്. മണിദ്വീപത്തിലെ ഗോമേദക നിര്‍മിതമായ അന്തര്പ്രാകാരത്തിലിവര് അധിവസിക്കുന്നു. ഇവരില്‍ ചിലരുടെ പേരുകളിങ്ങനെ- വിദ്യാദേവി, പ്രജ്ഞാദേവി, പ്രഭാദേവി, നാരായണി, ത്രിശൂലിനി, അംബിക, ആഹ്ലാദിനി…. അഴകലകളിലൊഴുകുന്ന സുന്ദരനാമങ്ങള്‍.
ദേവിയെ നോക്കി ഒരിക്കല്‍ ദേവന്മാരിങ്ങനെ പ്രാര്‍ത്ഥിച്ചു: ‘ലക്ഷ്മിയായതും പാര്വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ശക്തിയായതും മുക്തിയായതും എല്ലാം ദേവീ നീതന്നെ. പരാപരി, പരാശക്തി, പരമേശ്വരീ ഞങ്ങളെ അനുഗ്രഹിച്ചാലും.’ നമുക്കും പ്രാര്‍ത്ഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: