”സാര്‍… ഇന്നലെ ഒരനുഭവമുണ്ടായി…”
രഘുപാര്ത്ഥന് ആ അനുഭവം വിവരിച്ചു.
സീതാരാമന് എന്നൊരു കുട്ടിയുടെ ജാതകവുമായി ഒരച്ഛന് വന്നു. മകന് പ്ലസ്ടു എന്ന വരമ്പില്‍ കാലിടറി നില്ക്കുന്ന സമയം. അവന് ഡോക്ടറാവണമെന്ന് അമ്മയ്ക്ക് ആഗ്രഹം. എഞ്ചിനീയറാക്കണമെന്ന് അച്ഛന്. മകന് പക്ഷേ, രണ്ടാവാനും താല്‍പ്പര്യമില്ല. അവന് ക്യാമറാമാന് ആവാനാണ് ഇഷ്ടപ്പെടുന്നത്.
ക്യാമറാമാനോ എന്ന് അന്തംവിട്ട് അച്ഛനമ്മമാര്‍.
അപ്പോഴേക്കും മുംബൈയിലുള്ള കുട്ടിയുടെ അമ്മാവന് ഇടപെടുന്നു. നിശ്ചല ഛായാഗ്രാഹകനോ, ചലച്ചിത്ര ഛായാഗ്രാഹകനോ?
ഇതുംകൂടി കേട്ടതോടെ ശരിക്കും ഭ്രാന്തുപിടിച്ചമാതിരിയാണ് അച്ഛനും അമ്മയും. കുട്ടിക്കും ലേശം ഭ്രാന്തു തോന്നായ്കയില്ല. കാരണം ഛായാഗ്രാഹക കലയില്‍ ഏതു മേഖല എന്നതിനെക്കുറിച്ച് അവന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പടംപിടുത്തം എന്നുമാത്രമേ അന്നാള് വരെ അവന് ചിന്തിച്ചിരുന്നുള്ളൂ.
ഒരു സുഹൃത്ത് മുഖേന അവര്‍ ഇന്നലെ എന്നെ കാണാന്‍ വന്നു. എനിക്ക് കൃത്യമായ ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല.
രഘുപാര്ത്ഥന് നിര്‍ത്തിയതും സ്വയം ചിരിച്ചുകൊണ്ട് രാമശേഷന് ചോദിച്ചു.
”ആട്ടെ, എന്നു മുതലാണ് രഘു പ്രാക്ടീസ് ചെയ്തു തുടങ്ങിയത്?”
സത്യത്തില്‍ ബോര്‍ഡ് വെച്ച് ജാതകപരിശോധന തുടങ്ങിയിരുന്നില്ല. അന്വേഷിച്ച് വരുന്നവര്‍ക്ക് നോക്കിക്കൊടുക്കാന്‍ തുടങ്ങിയിട്ട് രണ്ടു മൂന്നു വര്‍ഷമായി. അത്യാവശ്യം ഓണ്‍ലൈനിലുമുണ്ട് പരിശോധന. അതുകേട്ടപ്പോള്‍ രാമശേഷന് കോപമടക്കാന്‍ കഴിഞ്ഞില്ല.
”ഒരു ശാസ്ത്രം നേരാംവണ്ണം പഠിക്കാതെ കൈകാര്യം ചെയ്യുന്നത് ശരിയാണോ?”
അതിന്റെ കുറ്റബോധം രഘുപാര്‍ത്ഥനെ ബാധിച്ചില്ല. അതിനാല്‍ അവന് തല താഴ്ത്തിയില്ല.
”ഞാന്‍ രഘുവിന്റെ ഗുരുനാഥനാണ് എന്നല്ലേ വെപ്പ്,” എല്ലാ കുട്ടികളേയും ഉദ്ദേശിച്ചിട്ടെന്നപോലെ രാമശേഷന് തുടര്‍ന്നു. ”സ്വന്തമായി പ്രാക്ടീസ് തുടങ്ങും മുന്‍പ് എന്റെ ആശീര്‍വാദം വാങ്ങണം എന്നൊരു ചടങ്ങുണ്ട്… സാമാന്യ കീഴ്വഴക്കം…”
രഘുപാര്ത്ഥന് അത്രയ്ക്ക് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ ഒരപരാധ ബോധത്തില്‍ അയാള്‍ക്ക് തല താണു. വേറെയും തലകള്‍ താണപ്പോള്‍ അതിശയമായി.
”നമ്മുടെ ക്ലാസ്സില്‍ വേറെയാരെല്ലാം സ്വന്തമായി… കൈ പൊന്തിക്കൂ നോക്കട്ടെ…”
കുറച്ചു കൈകള്‍ കൂടി പൊന്തി. രഘുപാര്ത്ഥന് അതല്പ്പം ആശ്വാസമായി.
”ഒരു ശാസ്ത്രവും ഒരാള്‍ക്കും മുഴുവനായി പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല… എങ്കിലും അവനവന്റെ ആത്മവിശ്വാസം എന്നൊന്നുണ്ടല്ലോ… അതില്ലാതെ പഞ്ചാംഗവും കവിടിയും കയ്യില്‍ പിടിച്ചിരുന്നാല്‍ ഇപ്പോള്‍ രഘുവിന് സംഭവിച്ചതുപോലിരിക്കും…”
എല്ലാവര്ക്കും അതൊരു വെളിപാടായി.
”നവാംശകം നമ്മള് വിശദമായി എടുക്കാനിരിക്കുന്നതേയുള്ളൂ…അതിലാണ് തൊഴില്‍ വിചിന്തനം വരുന്നത്…”
കുട്ടികള്‍ അതുവരെ വിചാരിച്ചിരുന്നത് പത്താം ഭാവംകൊണ്ട് തൊഴില്‍ ചിന്തിക്കണം എന്നാണ്. ‘ദേവാലയ നഗരസഭാമാര്ഗ്ഗാലയ’ എന്നു തുടങ്ങുന്ന പ്രശ്നമാര്‍ഗ്ഗ ശ്ലോകം എല്ലാവര്ക്കും മനപ്പാഠവുമാണ്.
”പത്താം ഭാവം ഒരു സാമാന്യ സൂചന തരും എന്നു മാത്രമേയുള്ളൂ… വേറെയെന്തെല്ലാം കിടക്കുന്നു!”
തഞ്ചാവൂര്‍ ക്ലാസ്സ്.
കടുത്ത വേനലിനൊടുവില്‍ മുതല്‍ മഴ പൊടിഞ്ഞ ദിവസം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയം എന്ന മുഖവുരയോടെ ഗുരുനാഥന് കാര്യത്തിലേക്ക് കടന്നു.
”ലഗ്നം, രവി, ചന്ദ്രന് ഇവരില്‍ ആരാണോ ബലവാന് എന്നു നോക്കിയിട്ട് അതിന്റെ പത്താം ഭാവാധിപന് അംശിച്ച രാശിയുടെ അധിപനെക്കൊണ്ടു വേണം ജാതകന്റെ തൊഴിലിനെ പറയാന്‍…,” ഗുരുനാഥന് കൂട്ടിച്ചേര്‍ത്തു. ”നവാംശക രാശിയുടെയും നവാംശകരാശ്യാധിപന്റേയും സ്വഭാവംകൊണ്ടാണ് പറയേണ്ടത്…”
”എഴുതിയെടുക്കട്ടെ സാര്‍?”
”ചോദിക്കാനുണ്ടോ?”
ആ പറഞ്ഞതത്രയും രാമശേഷന് ആവര്‍ത്തിച്ചു. കുട്ടികള്‍ അത് കുറിച്ചെടുത്തു.
ക്ലാസ്സിലേക്ക് വരുമ്പോള്‍ എപ്പോഴും കരുതാറുള്ള തുകല്‍പെട്ടി രാമശേഷന് തുറന്നു. ചില ഗ്രന്ഥങ്ങള്‍ മറിച്ചു നോക്കി. പഴയ നോട്ടുകള്‍ തുറന്നു നോക്കി. തേടിയ വള്ളി കാലില്‍ ചുറ്റിയ തൃപ്തിയോടെ വായന തുടങ്ങി.
”പത്താം ഭാവാധിപന് നില്ക്കുന്ന നവാംശക രാശിയുടെ അധിപന് സൂര്യനായാല്‍ നഖം, ദന്തം, ചര്‍മ്മം, സ്വര്‍ണ്ണം, സാഹസപ്രവൃത്തികള്‍, യാത്ര, രാജാവ്, യുദ്ധം, മത്സരം എന്നീ തൊഴിലുകളിലൂടെയാവും ജാതകന് ധനം സമ്പാദിക്കുക…”
ഓരോരുത്തരും അവരവരുടെ ഗ്രഹനില മനസ്സില്‍ ആലോചിച്ചിരിക്കണം. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ക്കല്ലാതെ മറ്റാര്‍ക്കും സ്വന്തം നവാംശക ചക്രം ഓര്‍മ്മയുണ്ടായിരുന്നില്ല. അതിന്റെ ഭാവം മുഖത്ത് കണ്ടു.
രാമശേഷന് തന്റെ നവാംശകത്തേയും നവാംശകരാശ്യാധിപനേയും പ്രമാണവുമായി ഒത്തുനോക്കി. മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ തൊഴിലിലേക്ക് തന്നെ നയിച്ച ഗ്രഹമേത്? ബുധന്‍ മാര്‍ക്കറ്റിങ് പറയുന്നുണ്ട്. ചന്ദ്രന് ഔഷധകാരകത്വമുണ്ട്. ചൊവ്വയ്ക്ക് കെമിക്കല്‍സുമായി ബന്ധമുണ്ട്. ഇത് മൂന്നും ചേര്‍ന്നതല്ലേ മെഡിക്കല്‍ റെപ്പ് കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളും തൊഴിലും?
തന്നെ ജ്യോതിഷത്തിലേക്ക് നയിച്ച ഗ്രഹമേതായിരിക്കും? വ്യാഴം, ബുധന്‍, കേതു?
മനസ്സില്‍ പൊന്തി വന്ന ഒരു സംശയം രാമശേഷന് സ്വയംചോദിച്ചു. 26 കൊല്ലം മെഡിക്കല്‍ റെപ്പും 16 കൊല്ലം ജ്യോതിഷവുമായി ഒരാള്‍ ജീവിക്കുമ്പോള്‍ അയാളുടെ തൊഴിലില്‍ കാലം ഒരു പ്രധാന ഘടകമല്ലേ? കാലം തീരുമാനിക്കുന്നത് ദശാപഹാരങ്ങള്‍… 26 കൊല്ലം മരുന്നു വിറ്റു നടന്ന കാലത്തെ ദശ, 16 കൊല്ലം ജാതക പരിശോധന നടത്തിയ കാലത്തെ ദശ… അപ്പോള്‍ ദശാനാഥന്മാരും അവര്‍ നില്ക്കുന്ന ഭാവങ്ങളും ഇതില്‍ സുപ്രധാനമല്ലേ?
തഞ്ചാവൂര്‍ ഗുരുനാഥന് കൃത്യമായ ഉത്തരമുണ്ടായിരുന്നു.
”ജീവിതത്തില്‍ എന്തു നടക്കും എന്ന് ദശ നിശ്ചയിക്കും… എപ്പോള്‍ നടക്കുമെന്ന് അപഹാരങ്ങളും…”
പിന്നെ ഗുരുനാഥന് തുടര്‍ന്നു:-
ഒരാളുടെ ജാതകത്തില്‍ ഏറ്റവും ശക്തനായ ഗ്രഹമേതോ ആ ഗ്രഹത്തിന്റെ കാരകത്വം ഉള്‍ക്കൊള്ളുന്ന തൊഴിലായിരിക്കും ജാതകന് ചെയ്യുക. പത്താംഭാവത്തില്‍ നില്ക്കുന്ന ഗ്രഹങ്ങള്‍, പത്താം ഭാവാധിപന്, പത്തിന്റെ കാരകന്മാര്‍ ഇവരെല്ലാം നമ്മുടെ തൊഴിലിനെ സ്വാധീനിക്കും. എന്നാല്‍ തൊഴിലില്‍ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്നത് ദശാപഹാരങ്ങളായിരിക്കും.
അങ്ങനെ വരുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല ഗ്രഹങ്ങളും ചേര്‍ന്ന് അയാളുടെ തൊഴിലിനെ തീരുമാനിക്കും.
ചന്ദ്രനും ചൊവ്വയും ചേര്‍ന്നായിരിക്കും മെഡിക്കല്‍ റെപ്പിനെ തീരുമാനിച്ചത്. ബുധനും വ്യാഴവുമായിരിക്കും ജ്യോതിഷ വഴിയിലേക്ക് നടത്തിച്ചത്.
അന്ന് ക്ലാസ്സു കഴിഞ്ഞു മടങ്ങുമ്പോഴേക്കും രഘു പാര്‍ത്ഥന്റെ തല നിവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: