പ്രകൃതൈതാവത്ത്വാധികരണം തുടരുന്നു.
സൂത്രം അപി ച സംരാധനേ പ്രത്യക്ഷാനു മാനാഭ്യാം
അങ്ങനെയാണെങ്കിലും ജപം , ധ്യാനം മുതലായവയാല്‍ ശുദ്ധമായ മനസ്സില്‍ ആത്മാവിനെ സാക്ഷാത്കരിക്കാമെന്ന് ശ്രുതി സ്മൃതികളെ കൊണ്ട് വ്യക്തമാകുന്നു.
സഗുണമായാലും നിര്‍ഗുണമായാലും അവ്യക്തമെങ്കിലും ആരാധനം കൊണ്ട് പ്രത്യക്ഷദര്ശനത്തെ ഉണ്ടാകുമെന്നാണ് ശ്രുതിയും സ്മൃതിയും പറയുന്നത്. ബ്രഹ്മം അവ്യക്തവും ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാന്‍ കഴിയാത്തതുമാണെങ്കിലും ഭക്തി, ധ്യാനം പ്രണിധാനം മുതലായവയാല്‍ സാക്ഷാത്കരിക്കാനാകുമെന്ന് ശ്രുതിയും സ്മൃതിയും പറയുന്നു. കഠോപനിഷത്തില്‍ ‘പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂഃ തസ്മാത് പരാങ് പശ്യതി നാന്തരാത്മന്‍, കശ്ചിദ്ധീരഃ പ്രത്യഗാത്മാനമൈക്ഷത് ആവൃത്തചക്ഷുരമൃതത്വമിച്ഛന്’ ഈശ്വരന് ഇന്ദ്രിയങ്ങളെ ബഹിര്മുഖങ്ങളായി സൃഷ്ടിച്ച് അന്തരാത്മാവിനെ കാണുവാന്‍ കഴിയാത്തവയാക്കിത്തീര്ത്തു. എന്നാല്‍ ബുദ്ധിമാനായ ഒരു ധീരന് അമൃതത്വം ആഗ്രഹിച്ച് ഇന്ദ്രിയങ്ങളെ അന്തര്‍മുഖങ്ങളാക്കി പ്രത്യഗാത്മാവിനെ സാക്ഷാത്കരിച്ചു എന്ന് പറയുന്നു. മുണ്ഡകത്തില്‍ ‘ജ്ഞാന പ്രസാദേന വിശുദ്ധസത്ത്വസ്തതസ്തുതം പശ്യതേ നിഷ്കലം ധ്യായമാന: ജ്ഞാനപ്രസാദനത്തില് വിശുദ്ധസത്ത്വന്മാരായ യോഗികള്‍ ധ്യാനത്തിലൂടെ നിഷ്കളമായ ആ പരമാത്മാവിനെ ദര്‍ശിക്കുന്നതായി പറയുന്നുണ്ട്.
മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ ‘യം വിനിദ്രാ ജിത ശ്വാസാ: സന്തുഷ്ടാ: സംയതേന്ദ്രിയാഃ ജ്യോതിഃ പശ്യന്തി യുഞ്ജാനാസ്തസ്മൈ യോഗാത്മനേ നമഃ’ നിദ്രയേയും ശ്വാസത്തേയും ജയിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സന്തുഷ്ടന്മാരായ യോഗികള്‍ ആരെ ദര്‍ശിക്കുന്നുവോ ആ യോഗാത്മാവായ ബ്രഹ്മത്തിന് നമസ്കാരം എന്ന് പറയുന്നു. ഇത് സ്മൃതിയുടെ പ്രഖ്യാപനമാണ്. ജപം, കീര്‍ത്തനം, പൂജ, ധ്യാനം തുടങ്ങിയ ഉപാസനങ്ങളാല് സഗുണ ഭാവത്തേയും ജ്ഞാനം കൊണ്ട് നിര്‍ഗുണ ഭാവത്തേയും സാക്ഷാത്കരിക്കാന്‍ കഴിയും.സാധാരണ വസ്തുക്കളെ കാണും പോലെയല്ല അത് പ്രയത്നത്താല്‍ നേടേണ്ടതാണ്. സൂത്രം പ്രകാശാദിവച്ചാവൈശേഷ്യം പ്രകാശശ്ച കര്മ്മണ്യഭ്യാസാത് അഗ്നിമുതലായവ യെപ്പോലെ ചിദാത്മാവും വ്യത്യാസമില്ലാത്തതാണ്. ധ്യാനം മുതലായ അഭ്യാസങ്ങളില്‍ ഉപാധികളില്‍ വ്യത്യാസമുള്ളതാണ്.
അഗ്നി, മിന്നല്‍ മുതലായ പ്രകടമാകുമ്പോള്‍ മാത്രമാണ് അറിയാനാവുക. അല്ലാത്തപ്പോള്‍ അവ ഇല്ല എന്നല്ല. അതുപോലെ തന്നെയാണ് ആത്മാവും. പ്രകടമാകുമ്പോള്‍ മാത്രം ഉള്ളതായി തോന്നും. വാസ് തവത്തില്‍ അത് എന്നും എപ്പോഴുമുണ്ട്.
അഗ്നി, ആകാശം, സൂര്യന് മുതലായവ ജലം മുതലായ ഉപാധികളില്‍ പ്രതിഫലിക്കുമ്പോള്‍ വ്യത്യാസമുള്ളതായി തോന്നും. അതുപോലെ ഏകമായ ആത്മാവും വിവിധ ഉപാധികളില്‍ പ്രവേശിക്കുമ്പോള്‍ ഭേദമുള്ളതായി തോന്നും. സ്വഭാവ സിദ്ധമായ വിശേഷമില്ലായ്മയെ വിടുന്നില്ല. അതുപോലെ ആത്മ ഭേദവും ഉപാധി മൂലം കാണുന്നതാണ്.അത് വാസ്തവത്തില്‍ ഒന്ന് മാത്രമാണ്.
സൂത്രം അതോളനന്തേന തഥാഹി ലിങ്ഗം
അതിനാല്‍ ജീവന് അനന്തനായ ബ്രഹ്മത്തിനോട് ഏകനായിത്തീരുന്നു. അതാണ് ശ്രുതിയില്‍ പറയുന്ന ലക്ഷണം.
അതിനാല്‍ അഭേദം സ്വാഭാവികവും ഭേദം അവിദ്യ മൂലവുമാണ്. വിദ്യകൊണ്ട് അവിദ്യയെ നശിപ്പിച്ച് ജീവന് പരമാത്മാവും അപരിച്ഛിന്നവുമായ ബ്രഹ്മവുമായി ഏകീഭവിക്കണം. മുണ്ഡകത്തില്‍ ‘സ യോഹ വൈ തത്പരമം ബ്രഹ്മ വേദ ബ്രഹ്മൈവ ഭവതി’ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നയാള്‍ ബ്രഹ്മം തന്നെയായിത്തീരുന്നു എന്നു പറയുന്നു. ബൃഹദാരണ്യകത്തില്‍ ‘ ബ്രഹ്മൈവ സന് ബ്രഹ്മാപ്യേ തി’ ബ്രഹ്മമായിതന്നെയിരുന്നു കൊണ്ട് ബ്രഹ്മത്തെ പ്രാപിക്കുന്നു എന്നുംകാണാം. സ്വയം നിര്ഗുണമെങ്കിലും എല്ലാ ഗുണങ്ങളും തികഞ്ഞതാണ് ബ്രഹ്മം. സര്‍വ്വജ്ഞത്വം, സര്‍വ്വശക്തി, സര്‍വ്വ അന്തര്യാമി, ആനന്ദം, വിജ്ഞാനം തുടങ്ങിയവയൊക്കെ എല്ലാം അതിന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: