കേരളത്തില്‍ 140 നിയോജകമണ്ഡലമുണ്ട്. അതിലൊന്ന് എന്നരീതിയില്‍ കാണേണ്ട മണ്ഡലമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം നടന്ന തെരഞ്ഞെടുപ്പ് മുതല്‍ പാലാ മണ്ഡലം കെ.എം. മാണിക്കൊപ്പമായിരുന്നു. എംഎല്‍എ, മന്ത്രി എന്നനിലയില്‍ ഇരുമുന്നണികളിലും മാറിമാറി അധികാരം കയ്യാളാന്‍ കെ.എം. മാണിക്ക് കഴിഞ്ഞു. ധനകാര്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന വിശേഷണവും മാണിക്കുണ്ടായിരുന്നു. ഇടതുമുന്നണിയിലും ഐക്യമുന്നണിയിലുംനിന്ന് ഭരിച്ചിട്ടും പാല ഇപ്പോഴും അഹല്യയെ പോലെ കല്ലായി കിടക്കുകയാണ്. പാലായ്ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ പുതിയൊരു അവതാരം ഉണ്ടാകണം. എന്‍ഡിഎയുടെ വിജയത്തോടെ മാത്രമേ അത് സംഭവിക്കൂ.
അരനൂറ്റാണ്ടോളം മാണി ജയിച്ച മണ്ഡലത്തില്‍ അഞ്ചുവര്‍ഷമായി എന്‍ഡിഎ കൊണ്ടുവന്ന പദ്ധതികള്‍ വിസ്മരിക്കാനാവില്ല. അമ്പതുവര്‍ഷം ചെലവിട്ടതിനേക്കാള്‍ ഇരട്ടിതുക അഞ്ചുവര്‍ഷംകൊണ്ട് മോദിസര്‍ക്കാര്‍ നല്കി. പാലായില്‍നിന്ന് പല പ്രദേശങ്ങളിലേക്കും പാലായനം ചെയ്തവര്‍ നിരവധിയാണ്. 1930കളില്‍ ഇവിടെനിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജനങ്ങള്‍ കുടിയേറ്റക്കാരായി പോയി. പ്രത്യേകിച്ച് മലയോരമേഖലകളിലേക്ക് നാടിന്റെ ജിഡിപി വര്‍ദ്ധനവിന് വലിയ സംഭാവനകളര്‍പ്പിച്ചവരാണ് പാലക്കാര്. പില്ക്കാലത്ത് കാര്‍ഷികമേഖലയെ ആശ്രയിച്ച് പ്രാദേശിക രാഷ്ട്രീയം രൂപപ്പെട്ടു. കേരള രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ചു. നാണ്യവിള സമ്പന്നമായിരുന്നപ്പോള്‍ ഈ പ്രദേശം സമ്പദ്സമൃദ്ധമായിരുന്നു. കോളേജുകള്‍-ആശുപത്രികള്‍-വ്യക്തികളുടെ വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ഉയര്‍ന്ന ജീവിതനിലവാരത്തിന് കാരണമായി. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം. പ്രാദേശിക രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിന് വഴിമാറി.
ഇന്ന് ചിത്രം മാറി. സാമ്പത്തികാടിത്തറ ദുര്‍ബലമായി, പ്രാദേശിക രാഷ്ട്രീയത്തിന് പ്രസക്തിയില്ലാതായെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. രാഷ്ട്രീയാതീതമായ വികസന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നില്ലെങ്കില്‍ ഭീകരമായ തകര്‍ച്ചയുണ്ടാകുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇത് എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും. ഇതോടെ കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ച ശക്തിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. മാണിയുടെ വിയോഗത്തോടെ നേരിയ പ്രതീക്ഷയും അസ്തമിച്ചു. കാര്‍ഷിക മേഖല തകര്‍ന്നു, കേരള മോഡല്‍ അപ്രസക്തമായി. 1960കളിലെ സാഹചര്യം മാറി. ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണിചേരാനുള്ള പ്രവണത കൂടുന്നു. ഒറ്റയ്ക്കുനിന്നാല്‍ വലിയ വിലകൊടുക്കേണ്ടി വരും എന്ന ചിന്ത പ്രബലമായി. കഴിവും കരുത്തും ഇച്ഛാശക്തിയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള കക്ഷി ബിജെപിയാണെന്നും അതിനെയും സര്‍ക്കാരിനെയും നയിക്കുന്ന നരേന്ദ്രമോദിയെ ലോകമാകെ അംഗീകരിക്കുന്നു. ജനങ്ങള്‍ പ്രതീക്ഷയോടെ അദ്ദേഹത്തെ നിരീക്ഷിക്കുന്നു. അഴിമതിമുക്ത ഭാരതം സൃഷ്ടിക്കുന്ന നരേന്ദ്രമോദി ഇന്ന് ലോകത്തിന് മാതൃകയാണ്. മറ്റൊരു പ്രത്യശാസ്ത്രത്തിനും പ്രസക്തി ഇല്ലാതായി.
വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗീയ രാഷ്ട്രീയം സജീവമാക്കിയത് ഗുണത്തേക്കാള്‍ അവര്‍ക്ക് ദോഷം ചെയ്തു. ഇന്ന് ചരിത്രം മാറി. പാലയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കെല്‍പ്പുപോലും ഇല്ലാതായി. പാലയിലെ ഗ്രാമങ്ങളുടെ നില ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുടിവെള്ളക്ഷാമം, ആശുപത്രി സൗകര്യമില്ലായ്മ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്.
മണ്ഡലത്തില്‍ വല്ല പുരോഗമനവും ഉണ്ടായെങ്കില്‍ കേന്ദ്രാവിഷ്കൃത ഫണ്ടുവഴി മാത്രം. 5 വര്‍ഷംകൊണ്ട് മോദി കൊടുത്തത് 607 കോടിയുടെ ഗ്രീന്‍ ടൂറിസം, 90 കോടി റോഡ് വികസനത്തിന്, 70 കോടി ആശുപത്രി, 20 കോടി വൈദ്യുതി. യുപിഎയുടെ ഭരണത്തില്‍ 8 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി കൊണ്ഗ്രസ് ഒന്നും ചെയ്തില്ല. ആസിയാന്‍ കരാറില്‍ ഒപ്പുവച്ച് കര്‍ഷകന്റെ നടുവൊടിച്ചു. ഇന്ന് മുപ്പതര ശതമാനം ഇറക്കുമതി ചുങ്കം മോദി ഏര്‍പ്പെടുത്തി. റബ്ബര്‍ കര്‍ഷകര്‍ക്ക് വിലകിട്ടുന്നത് അതുകൊണ്ടുമാത്രം.
ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നു. ഇടത്-വലത് മുന്നണികള്‍ പാലയെ, റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ചു. റബ്ബറിന് അനന്തസാദ്ധ്യത, എന്നാല്‍ റബ്ബര്‍ അടിസ്ഥാനമാക്കി 10 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരു വ്യവസായം പോലും തുടങ്ങിയില്ല. പാലാഴി ടയേര്‍സ് അഴിമതിയില്‍ മുങ്ങി. ഇരുമുന്നണികളിലും പടലപ്പിണക്കങ്ങളും ഗ്രൂപ്പുപോരും രൂക്ഷം. പുറമെ കാണുന്ന ഐക്യം അകത്തില്ല. അത് വോട്ടില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയവുമില്ല. എന്‍ഡിഎ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. മാറ്റത്തിനായി പാലയിലെ വോട്ടര്‍മാര്‍ തയ്യാറായിക്കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ തെളിവാണ്.
(ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: