ചെന്നൈ: അനധികൃത ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കാന്‍ നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവര്‍ ആരാധകരോട് ആഹ്വാനം ചെയ്തു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലക്സ് പൊട്ടിവീണു സ്കൂട്ടര്‍ യാത്രക്കാരി ശുഭശ്രീ മരിച്ച സംഭവത്തിലാണ് തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്ലക്സുകളും ഒഴിവാക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടത്.
റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ബിഗിലിന്റെ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്ന് നടന് വിജയ് അഭ്യര്‍ഥിച്ചു. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് ഇക്കാര്യം പരാമര്‍ശിച്ചത്. ഫ്ളക്സ് സംസ്കാരം തമിഴ്നാട്ടില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നു നടന് സൂര്യ പറഞ്ഞു. ബാനറുകള്‍ക്കും മറ്റും ചെലവാക്കുന്ന പണം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും സൂര്യ വ്യക്തമാക്കി. ശുഭശ്രീയുടെ മരണം വേദനാജനകമാണെന്നും ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുമെന്നും മധുരയിലെ അജിത് ഫാന്‍സ് അസോസിയേഷന് ഇറക്കിയ നോട്ടിസില്‍ പറയുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ശുഭശ്രീയെയും കുടുംബത്തെയും പരാമര്‍ശിച്ച കമല്ഹാസന് ഇങ്ങനെയൊരു അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നു ആവശ്യപ്പെട്ടു. 2017ല്‍ കോയമ്പത്തൂരില്‍ രഘു എന്നയാള്‍ മരിച്ചതും ഇത്തരത്തില്‍ ഫ്ളക്സ് തലയില്‍ വീണായിരുന്നു. ബാനര്‍ വീണുള്ള അപകട മരണം തമിഴ്നാട്ടില്‍ ഇതാദ്യമല്ല. ഹൈക്കോടതി വിഷയത്തില്‍ ശക്തമായ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.
സമാനമായ നടപടിയുമായി മലയാള സിനിമാ താരങ്ങളും രംഗത്തുവന്നു. റിലീസിന് ഒരുങ്ങുന്ന ‘ഗാനഗന്ധര്വന്’ എന്ന ചിത്രത്തിന്റെ പരസ്യത്തിനായി ഫ്ലക്സ് ഉപയോഗിക്കില്ലെന്നു മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും ഇന്നലെ അറിയിച്ചു. ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നു രമേഷ് പിഷാരടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: