കൊച്ചി: റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമായ ‘ഗാനഗന്ധര്വന്’ സിനിമയുടെ പരസ്യത്തിനായി ഫ്ളക്സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ല. ചെന്നൈയില്‍ ഫ്ളക്സ് ബോര്‍ഡ് വീണുണ്ടായ അപകടത്തില്‍ ശുഭശ്രീ എന്ന യുവതി മരിക്കാനിടയായ സംഭവം കാരണമാണ് പതിവു പരസ്യ രീതി വെടിയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നാട്ടില്‍ ശുഭശ്രീ എന്ന യുവതി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഫ്ളക്സ് ബോര്‍ഡ് പൊട്ടിവീണു മരണപ്പെട്ടത്. അപകടമരണ വാര്‍ത്ത കണ്ട മമ്മൂട്ടിയും സംവിധായകന് രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ പി. ജോസഫും ചേര്‍ന്നാണ് ഫ്ളക്സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂ എന്നു രമേഷ് പിഷാരടി പറഞ്ഞു.സിനിമയുടെ റിലീസിനു സാധാരണ നൂറ്റന്പതോളം പരസ്യ ബോര്‍ഡുകളാണ് സംസ്ഥാനത്തെമ്പാടും സ്ഥാപിക്കുക. ബിഗ് ബജറ്റ് ചിത്രങ്ങളാണെങ്കില്‍ ഇവയുടെ എണ്ണമേറും. എന്നാല്‍ ‘ഗാനഗന്ധര്‍വ’നു ഇത്തരം ഫ്ളക്സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ വേണ്ടെന്ന മാതൃകാപരമായ തീരുമാനമാണ് സിനിമ പ്രവര്‍ത്തകര്‍ എടുത്തിരിക്കുന്നത്.
എന്‍ജിനീയറായ ശുഭശ്രീ മരിച്ച സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി നേരിട്ട് ഇടപെട്ടതോടെ ഫ്ളക്സ് ബോര്‍ഡ് സംസ്കാരത്തിന് തടയിടാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങിയിരുന്നു. ജനരോക്ഷവും ശക്തമായതോടെ അനധികൃത ബാനറുകള്‍ ഇനി അനുവദിക്കില്ലെന്നു തമിഴ് നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: