ആസ്സാമിലെ ദേശീയ പൗരത്വരജിസ്റ്റര്‍ (എന്‍ആര്‍സി) സജീവ ചര്‍ച്ചാവിഷയമായി കഴിഞ്ഞല്ലോ. അനധികൃതമായി ഇന്ത്യയിലെത്തിയ വിദേശപൗരന്മാരെ കണ്ടെത്തി നിയമാനുസൃത നടപടിയെടുക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. 1985ല്‍ തുടങ്ങിയ പദ്ധതി, 34 വര്‍ഷത്തിനുശേഷം, 2019-ലെത്തുമ്പോഴാണ് അതിന് ഒരു കരട് രൂപമായത്. എന്‍ആര്‍സി, ഇപ്പോഴത്തെ നിലയ്ക്ക് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് എന്ന പ്രസ്താവനകളാണ് ചിലയിടങ്ങളില്‍നിന്ന് പുറത്തുവരുന്നത്. ആ പ്രചാരണം വിവരക്കേടാണ്. എന്നാല്‍ പദ്ധതി പൂര്‍ണ്ണവിജയമാണ് എന്ന് പറയാനും വയ്യ. വിദേശികളെ കണ്ടെത്താന്‍ ഒരു ശുദ്ധീകരണ പ്രക്രിയ നടന്നിരിക്കുന്നു. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ആസ്സാമില്‍ മാത്രമാണ് ഇത്രയുമെങ്കിലും നടന്നത്. രാജ്യത്തിന്റെ ബാക്കി ഭാഗത്തും ഇതുപോലെ പരിശോധനയും നടപടിയും വേണ്ടിവരും. പ്രതിബദ്ധതയുള്ള ഭരണകൂടം ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നാളെകളില്‍ നേരാംവണ്ണം മുന്നോട്ട് പോകുമെന്നുതന്നെ കരുതാം.
ആസ്സാമില്‍ വിദേശ പൗരന്മാരുടെ കടന്നുകയറ്റം വിവാദമായത് 1980കളിലാണ്. അസം വിദ്യാര്‍ത്ഥി യൂണിയന് (ആസു) നടത്തിയ മാസങ്ങള്‍ നീണ്ട ബഹുജനപ്രക്ഷോഭം സമീപകാല ചരിത്രത്തിലുണ്ട്. ബംഗ്ലാദേശില്‍നിന്നും മ്യാന്മറില്നിന്നും മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെ ആളുകള്‍ കടന്നുവന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ താമസമാക്കി. പിന്നീട് അവര്‍ അവിടെ സ്ഥലം സംഘടിപ്പിച്ചു, വോട്ടര്‍പട്ടികയില്‍ കടന്നുകൂടി, റേഷന്‍കാര്‍ഡ് സംഘടിപ്പിച്ചു, സര്‍ക്കാര്‍ സര്‍വീസിലടക്കം ജോലിയും കരസ്ഥമാക്കി. ഇതു സ്വാഭാവികമായും, അവിടെ ജനിച്ചുവളര്‍ന്നവരെ വിഷമത്തിലാക്കി. അങ്ങനെയാണ് ആസ്സാമില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. 1985 ആഗസ്തില്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് അവരുമായി ധാരണയുണ്ടാക്കിയത്. ചിലതൊക്കെ ചെയ്യാമെന്ന് കരാറുണ്ടാക്കി. അത് പ്രകാരം, അനധികൃതമായി കടന്നുവന്നവരെ കണ്ടെത്തി പുറത്താക്കേണ്ടതുണ്ടായിരുന്നു. ആസ്സാം ജനതയ്ക്ക് രാജീവ് ഗാന്ധി ഉറപ്പ് നല്‍കിയെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടത്തിയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും സ്ഥിതി അതുതന്നെയായിരുന്നു. പ്രശ്നം സുപ്രീം കോടതിയിലെത്തിയപ്പോഴാണ് പരിശോധന നടത്താന്‍ നിശ്ചയിച്ചത്. അത് കോടതിയുടെ നിരീക്ഷണത്തില്‍ നടത്താനും ഉത്തരവായി. അതിന്റെ ഫലമായാണ് പൗരത്വരജിസ്റ്റര്‍ ഉണ്ടായത്.
ആരൊക്കെയാണ് പൗരത്വരജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ ? 1. 1951-ലെ എന്ആര്സിയിലുള്ളവര്. 2. 1971 മാര്‍ച്ച് 24 ന് അര്‍ദ്ധരാത്രിവരെ വോട്ടര്‍ പട്ടികയിലുള്ളവര്‍. 3. 1966 ജനുവരി ഒന്നിന് ശേഷവും അതേസമയം 1971 മാര്‍ച്ച് 25ന് മുന്‍പും ഇന്ത്യയിലെത്തിയവരും ഫോറിനേഴ്സ് രജിസ്ട്രേഷന് റീജണല്‍ ഓഫിസര്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്തവരും അനധികൃത കുടിയേറ്റക്കാരായി ഒരു അധികാരകേന്ദ്രവും പ്രഖ്യാപിച്ചിട്ടില്ലാത്തവരുമായവര്. ഇങ്ങനെയുള്ളവര്‍ക്ക് അവര്‍ ഇക്കാലത്ത് ഇന്ത്യയിലുള്ളവരാണ് എന്ന് കാണിക്കുന്ന രേഖകള്‍ കാണിച്ചു ബോധ്യപ്പെടുത്താം. അങ്ങിനെയാണ് ആളുകളെ യോഗ്യരാക്കിയതും അയോഗ്യരാക്കിയതും.
അനധികൃതമായി കടന്നുവന്നവരില്‍ ഏറെയും മുസ്ലിങ്ങള്‍ ആണ്. ഇതില്‍ രാഷ്ട്രീയം കടന്നുവന്നത് അതുകൊണ്ടാണ്. വിദേശ പൗരന്മാരെ പുറത്താക്കണം എന്ന് പറഞ്ഞിരുന്നവര്തന്നെ ഇടയ്ക്ക് പിന്മാറുന്നത് നാം കണ്ടു. ഒരു ഉദാഹരണം: 1991-2001ല്‍ ആസ്സാമിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ വര്‍ധന 14.95 ശതമാനമായിരുന്നു. മുസ്ലിങ്ങളുടേത് 29.3 ശതമാനവും. 2001-11 കാലഘട്ടത്തില്‍ അത് യഥാക്രമം 10.89 ശതമാനവും 29.5 ശതമാനവുമായിരുന്നു. ഇത് അനധികൃത നുഴഞ്ഞുകയറ്റം കൊണ്ടുകൂടിയതാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ ഗൗരവമായെടുത്തിരുന്നു. 1997ല്‍, ഇന്ദ്രജിത് ഗുപ്ത എന്ന സിപിഐക്കാരന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ പുവന്ന നാല്പത് ലക്ഷം പേരുണ്ട് എന്നാണ്. അതേമന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ശ്രീപ്രകാശ് ജയ്സ്വാളിന്റെ ദൃഷ്ടിയില് അത് അരക്കോടി ആയിരുന്നു. 2005ല്‍ ബംഗാളിലേക്ക് കടന്നുവന്ന ബംഗ്ലാദേശികളുടെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിച്ചുകൊണ്ട് ബഹളം വെച്ചത് മമത ബാനര്‍ജിയാണ്. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത്, ഇക്കണക്കിന് പോയാല്‍ നമുക്ക് ആസ്സാമില്‍ ഒരു ബംഗ്ലാദേശുകാരനെ മുഖ്യമന്ത്രിയാക്കേണ്ടിവരും എന്നാണ്. ബിജെപിക്കാരില്‍ മാത്രമല്ല, എല്ലാവരുടെയും മനസ്സില്‍ ഈ പ്രശ്നമുണ്ടായിരുന്നു. ഈ വലിയ പ്രശ്നമുണ്ടാക്കുന്ന അപകടം എല്ലാവര്‍ക്കുമറിയാമായിരുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം തലയ്ക്ക് പിടിച്ചപ്പോള്‍ ഒരു തീരുമാനവും അവര്‍ക്ക് എടുക്കാനായില്ല. ചിലരൊക്കെ നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അങ്ങനെയാണ് അത് കോടതിയിലെത്തിയതും ഇടപെടലുണ്ടായതും.
ഈ ‘തിരഞ്ഞുപിടിക്കല്‍ പദ്ധതി’ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചതും നിയന്ത്രിച്ചിരുന്നതും സുപ്രീം കോടതിയാണ്. പ്രക്രിയയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു റോളും ഇല്ലായിരുന്നു. പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചത് കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് ആണ്. അതുപ്രകാരം ഏതാണ്ട് 40 ലക്ഷം പേര് ഒഴിവാക്കപ്പെട്ടിരുന്നു. അന്തിമ പട്ടികയായപ്പോള്‍ പുറത്തുപോയവര്‍ 19.06 ലക്ഷമായി കുറഞ്ഞു. ഈ പട്ടികയും സമ്പൂര്‍ണ്ണമല്ല, ശരിയാംവണ്ണമുള്ളതല്ല എന്ന് കരുതുന്നവരാണ് പലരും. ആസാമിലെ ബിജെപി നേതാക്കള്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് തയ്യാറാക്കുന്നതില്‍ ചില പാകപ്പിഴകള്‍ ഉണ്ടെന്ന് അവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് അത് കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. പദ്ധതി നടത്തിപ്പ് നിശ്ചയിച്ചത് പോലെ പോകട്ടെ, പോരായ്മകള്‍ പിന്നീട് പരിശോധിക്കാം എന്നായിരിക്കാം സുപ്രീം കോടതി കരുതിയത്. മൂന്ന് തലമുറയായി സ്ഥലവും മറ്റുമുള്ളവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സൈനികോദ്യോഗസ്ഥര്‍ പുറത്തുപോയിട്ടുണ്ട്. ഭര്‍ത്താവുണ്ട്, ഭാര്യ പട്ടികയിലില്ല. മക്കളുണ്ട് അമ്മയും അച്ഛനുമൊന്നുമില്ല…. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലേറെ ശ്രദ്ധിക്കേണ്ട ഒന്ന്, ഒഴിവാക്കപ്പെട്ടവരില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നതാണ്, 13 ലക്ഷത്തോളം പേര്. മുസ്ലിങ്ങള്‍ ആറ് ലക്ഷത്തോളമേ വരുന്നുള്ളു. ഇതാണ് പലരെയും ഞെട്ടിച്ചത്.
അതിര്‍ത്തി ജില്ലകളിലാണ്, വന്നുകയറിയവര് അധികമായി താമസിക്കുന്നത്. എന്നാല്‍ ആ ജില്ലകളില്‍ എന്‍ആര്‍സിയില്‍നിന്ന് പുറത്തുപോയവരുടെ എണ്ണം കുറവാണ്. മറ്റ് ജില്ലകളില്‍, ഉള്‍പ്രദേശങ്ങളില്‍, ഒഴിവാക്കപ്പെട്ടവര്‍ കൂടുതലുമാണ്. ഇത് സാധാരണനിലയ്ക്ക് സംശയങ്ങള്‍ക്ക് വഴിവെക്കുമല്ലോ. കള്ളരേഖകള്‍ ഉണ്ടാക്കി പലരും കയറിക്കൂടി എന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ സംശയിക്കേണ്ടിവരുന്നത്. ബിജെപിയെ അലട്ടുന്ന പ്രശ്നവും അതാണ്. യഥാര്‍ഥത്തില്‍ എന്‍ആര്‍സിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കുകയും അനര്‍ഹര്‍ കയറിപ്പറ്റുകയും ചെയ്തു. ഇത്രയൊക്കെ ബുദ്ധിമുട്ടി, പണം ചിലവിട്ടു നടത്തിയ പ്രക്രിയ വേണ്ടവിധത്തിലായില്ലെങ്കില്… ഈ ആശങ്ക ദേശീയ പ്രസ്ഥാനങ്ങള്ക്കൊക്കെയുണ്ട്. ഇപ്പോള്‍ ഉള്‍പ്പെടാത്തവര്‍ക്ക് ട്രിബുണലില്‍ പോകാം. രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് പൗരത്വരജിസ്റ്ററില്‍ കയറിപ്പറ്റാം. ബിജെപി നേതാക്കള്‍ ആസാമില്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് ഈ നടപടികളിലാണ്. അതിനൊക്കെയൊപ്പം കള്ളത്തരത്തിലൂടെ പൗരത്വം കരസ്ഥമാക്കിയവരെ കണ്ടെത്താനും ശ്രമിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തീര്‍ച്ച. ഒരു സര്‍വേകൂടി അനിവാര്യമാണ്. അത് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ തെറ്റ് തിരുത്താനാവും. അതല്ലെങ്കില്‍, കള്ളത്തരം കാട്ടിയവരെ കണ്ടെത്താന്‍ പാര്‍ട്ടി തലത്തില്‍ നീക്കങ്ങള്‍ നടത്തേണ്ടിവരും. ഇപ്പോള്‍ എന്‍ആര്‍സിയില്‍ ഇല്ലെന്നത് കൊണ്ട് ആരെയും പുറത്താക്കുകയില്ലെന്ന് കേന്ദ്രവും സംസ്ഥാനവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് വേറെ എവിടെയും പോകാനില്ല. അവരെ സംരക്ഷിക്കുക എന്നത് ഒഴിവാക്കാനാവാത്തത് ആ സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: