പ്രദീപജ്വാലാഭിര്‍ ദിവകരനീരാജനവിധിഃ
സുധാസൂതേശ്ചന്ദ്രോപലജലലവൈരര്‍ഘ്യരചനാ
സ്വകീയൈരംഭോഭിഃ സലിലനിധിസൗഹിത്യകരണം
ത്വദീയാഭിര്‍വാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയം
വാചാം ജനനി – വാക്കുകളുടെ അമ്മയായ ദേവീ!
പ്രദീപ ജ്വാലാഭിഃ – സ്വന്തം കൈവിളക്കിന്റെ ജ്വാലകൊണ്ട്
ദിവസകര നീരാജനവിധിഃ – സൂര്യദേവന് നീരാജനം ചെയ്യുന്നതുപോലെയും
ചന്ദ്രോപലജലലവൈഃ – ചന്ദ്രകാന്തക്കല്ലില്നിന്നും ഊറുന്ന ജലത്താല്‍
സുധാസൂതേ – അമൃത കിരണനായ ചന്ദ്രന്
അര്ഘ്യരചനാ – അര്‍ഘ്യം അര്പ്പിക്കുന്നുപോലെയും
സ്വകീയൈഃ അംഭോഭി – തന്റേതായ ജലങ്ങളാല്‍
സലിലനിധി സൗഹിത്യകരണം – സമുദ്രത്തിന് തര്‍പ്പണം ചെയ്യുന്നതുപോലെയും.
ത്വദീയാഭി വാഗ്ഭി തവ ഇയം സ്തുതി – അവിടുത്തെത്തന്നെ വാക്കുകളെക്കൊണ്ട് ഈ സ്തുതി (രചിക്കപ്പെട്ടിരിക്കുന്നു.)
വാക്കുകള്‍ക്ക് അമ്മയായ അല്ലയോ ദേവീ! സ്വന്തം ദീപജ്വാലത്തെക്കൊണ്ട് സൂര്യന് നീരാജനം ചെയ്യുന്നതുപോലെയും, ചന്ദ്രകാന്തക്കല്ലില്നിന്നൂറുന്ന ജലംകൊണ്ട് ചന്ദ്രന് അര്‍ഘ്യം അര്പ്പിക്കുന്നതുപോലെയും, സമുദ്രജലംകൊണ്ട് സമുദ്രത്തിന് തര്‍പ്പണം ചെയ്യുന്നതുപോലെയും, നിന്തിരുവടിയുടെ തന്നെ വാക്കുകളെക്കൊണ്ട് ഈ സ്തുതിയും രചിക്കപ്പെട്ടിരിക്കുന്നു.
ലേഖകന്റെ സൗന്ദര്യലഹരീസപര്യ ഇവിടെ സമ്പന്നമാകുന്നു. സൗന്ദര്യലഹരിയോടും തത്കര്‍ത്താവായ ആചാര്യസ്വാമികളോടും എത്രകണ്ട് നീതിപുലര്ത്താനായിട്ടുണ്ട് എന്നെനിക്കറിയില്ല. പൂര്‍വ്വസൂരികളുടെ വ്യാഖ്യാനങ്ങളും മറ്റു വിദ്വാന്മാരുടെ ഉപദേശങ്ങളും എനിക്ക് സഹായം ചെയ്തിട്ടുണ്ട്.
മഹാകവി കാളിദാസന് പറഞ്ഞതുപോലെ
”പ്രാംശു ലഭ്യേ ഫലേ ലോഭാ-
ദുദ്ബാഹുരിവ വാമനഃ എന്നേയുള്ളൂ ഈ രചന കുറച്ചുപേര്‍ക്കെങ്കിലും പ്രയോജകീഭവിച്ചിട്ടുണ്ടെങ്കില്, ധന്യോഹം.
ദൂരീകരോതുദുരിതം
ഗൗരീചരണപങ്കജം.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: