”ചാന്ദ്രപരിവേഷണ ദൗത്യമായ ചാന്ദ്രയാനിലൂടെ രാജ്യത്തുടനീളം, പ്രത്യേകിച്ച് കുട്ടികളിലും യുവശാസ്ത്രജ്ഞരിലും ഒരു വിദ്യുത്തരംഗംതന്നെ സൃഷ്ടിക്കാന്‍ സാധിക്കും”. 2003ല്‍ ഇന്ത്യന്‍ ബഹിരാകാശകേന്ദ്രം ചാന്ദ്രപര്യവേഷണത്തെക്കുറിച്ച് ആലോചന തുടങ്ങിയ അവസരത്തില്‍ ദിവംഗതനായ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാണിത്. അതെ, ചന്ദ്രയാന്‍ 2 ന്റെ വിജയക്കുതിപ്പിലൂടെ അവാച്യമായ ഒരു ശാസ്ത്രാവബോധം വിദ്യാര്‍ത്ഥികളിലും ശാസ്ത്രസമൂഹത്തിലും സൃഷ്ടിക്കാന്‍ സാധിച്ചു. ബുദ്ധികേന്ദ്രമെന്ന അര്‍ത്ഥം വരുന്ന പ്രജ്ഞാനെന്ന റോവര്‍ ചാന്ദ്രദൗത്യത്തിന്റെ പുത്തന്‍ വാതിലുകള്‍ തുറക്കും. നിര്‍ണായകമായ പല ഘട്ടങ്ങള്‍ താണ്ടിയ യാത്രക്കൊടുവില്‍ ആറുചക്രങ്ങളുള്ള റോബോട്ടിക് വാഹനം നാളെ പുലര്‍ച്ചെ ചന്ദ്രോപരിതലത്തിലിറങ്ങുകയാണ്. ആ മനോഹര ദൃശ്യത്തിനായി ലോകം കാത്തിരിക്കുകയാണ്.
ഭാരതത്തെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഒന്നാമനാക്കുന്ന ചരിത്രനിമിഷത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ സ്മരണാര്‍ഥം പേരിട്ട വിക്രമെന്ന ലാന്‍ഡര്‍, പ്രജ്ഞാനെന്ന റോവറും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിട്ട് ഇന്നേക്ക് 47 ദിവസം. ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്രോ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിയോ സിങ്ക്രണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ഉപയോഗിച്ച് 3.8 ടണ്‍ ഭാരമുള്ള ചാന്ദ്രയാന്‍ 2 എന്ന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു.
ലോകം ഉറ്റുനോക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള ഓരോ നിമിഷവും ഇസ്രോയ്ക്ക് നിര്‍ണായകമായിരുന്നു. ശ്രദ്ധപതറാതെ ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലുള്ള ടെലിമെട്രി മിഷന് ഓപ്പറേഷന് കോംപ്ലക്സും ട്രാക്കിങ്ങ് ആന്റ് കമാന്റ് നെറ്റ്വര്ക്കും പേടകത്തെ നിരീക്ഷിച്ചു, നിയന്ത്രിച്ചു. ഭ്രമണപഥത്തില്‍ എത്തിച്ച പേടകത്തെ തന്ത്രപ്രധാനമായ പ്രക്രിയകളിലൂടെ ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ എത്തിച്ചു. അവിടെനിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്.
3 മോഡ്യുളുകളാണ് ചാന്ദ്രയാന്‍ 2ല്‍ ഉള്ളത്. ചാന്ദ്രപഥത്തില്‍ ധ്രുവപരിക്രമണം നടത്തുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്യുന്ന ലാന്‍ഡറും ചാന്ദ്രപരിജ്ഞാനം പകര്ന്നുനല്കാന് ഉതകുന്ന റോവറുമാണവ. 2379 കിലോഗ്രാം ഭാരം വരുന്ന ഓര്‍ബിറ്റര്‍ ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍ ഒരുവര്‍ഷത്തേക്ക് പരിക്രമണം നടത്തും. ഓര്‍ബിറ്ററില്‍ 9 പേലോഡുകളാണുള്ളത്.
ഓര്‍ബിറ്ററില്‍നിന്ന് ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഡീപ്പ് സ്പെയ്സ് നെറ്റ്വര്‍ക്കിലേക്ക് ആശയവിനിമയം നടത്താന്‍ സാധിക്കും. ടെറെയ്ന്‍ മാപ്പിങ്ങ് ക്യാമറ (ടിഎംസി സ്പെയ്സ് 2) എന്ന പേലോഡില്‍നിന്ന് ലഭിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് കൂടുതലറിയാം. ഓര്‍ബിറ്റര്‍ ഹൈ റെസലൂഷന്‍ ക്യാമറ (ഒഎച്ച്ആര്‍സി) മറ്റൊരു പേലോഡാണ്. ഇതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സോഫ്റ്റ് ലാന്റ് സൈറ്റ് തീരുമാനിക്കുന്നത്. ക്ലാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചന്ദ്രയാന്‍ 2 ലാര്‍ജ് ഏരിയ എക്സ്റേ സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ചന്ദ്രനിലെ മഗ്നീഷ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ ധാതുക്കളുടെ ലഭ്യത അറിയാന്‍ കഴിയും. സോളാര്‍ എക്സ്റെ മോണിറ്റര്‍ എന്ന മറ്റൊരു പേലോഡുപയോഗിച്ച് സൗരവികിരണത്തിന്റെ തീവ്രത അളക്കുന്നു. ഇമേജിങ്ങ് ഐആര്‍ സ്പെക്ട്രോമീറ്റര്‍ ജലത്തിന്റെ സ്രോതസ്, ചന്ദ്രോപരിതലത്തില്‍നിന്ന് പ്രതിഫലിക്കുന്ന വികിരണത്തിന്റെ അളവ് എന്നിവ തിട്ടപ്പെടുത്തും. ഡ്യൂവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പെര്‍ച്ചര്‍ റഡാര്‍, ഡ്യൂവല്‍ ഫ്രീക്വന്‍സി റേഡിയോ സയന്‍സ് സിഎച്ച്എസിഇ-2 തുടങ്ങിയ പേലോഡുകളും ഓര്‍ബിറ്ററിലുണ്ട്. ചന്ദ്രന്റെ ഭൂപ്രകൃതി, ഭൂകമ്പ ലേഖനവിദ്യ, ധാതുക്കളുടെ അളവും വ്യത്യസ്ഥതയും തുടങ്ങിയവയെക്കുറിച്ചുള്ള കണ്ടെത്തലുകളും പരിണാമ വികസന പ്രക്രിയകളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടാനും ഉതകുന്ന പരീക്ഷണ, നിരീക്ഷണങ്ങള്‍ ഇക്കാലയളവില്‍ നടത്തും.
വിക്രമിന്റെ പ്രധാന കര്‍ത്തവ്യം റോവറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഇസ്രോയുടെ ബംഗളൂരു സെന്ററിലേക്ക് ആശയവിനിമയം നടത്തുക എന്നതാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ വന്‍ വിജയമാകും വിക്രമിന്റെ സോഫ്റ്റ്ലാന്ഡിങ്. ചന്ദ്രോപരിതലത്തില്‍ 2 മീറ്റര്‍ പെര് സെക്കന്റ് വെലോസിറ്റിയിലാണ് ലാന്‍ഡ് ചെയ്യുന്നത്. ഒരു പറക്കുംതളികയുടെ പ്രഹേളിക ഈ ഉദ്യമത്തില്‍ ഉണ്ട് എന്നതാണ് ഇതിന്റെ സാങ്കേതികമികവ്. ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളുടെ ഇടയിലുള്ള സമതലപ്രദേശം തിരിച്ചറിഞ്ഞ് വേഗത കുറച്ച് 2 മീറ്റര്‍ പെര് സെക്കന്റ് സ്പീഡില്‍ ലാന്റ് ചെയ്യിക്കുകയാണ് ഇതിന്റെ സങ്കീര്‍ണ്ണത. അതും ഇരുണ്ട പ്രദേശങ്ങളില്‍ പ്രാവര്‍ത്തികമാക്കുക എന്നത് സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. സോഫ്റ്റ് ലാന്‍ഡിങ്ങ് സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെതന്നെ നാലാമത്തെ രാജ്യമെന്ന നേട്ടം ചന്ദ്രയാന്‍ 2 ഭാരതത്തിന് നല്‍കും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് നടത്തുന്ന ആദ്യ ബഹിരാകാശ ദൗത്യം എന്ന നിലയിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സോഫ്റ്റ് ലാന്‍ഡിങ്ങ്’ പരീക്ഷണം എന്നതിലുമാണ് ഈ നേട്ടം. ജപ്പാന്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമാണ് സോഫ്റ്റ്ലാന്ഡിങ്ങ് നടത്തിയിട്ടുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവ പര്യവേഷണത്തിലൂടെ ശാസ്ത്രസമൂഹത്തിന് പുതിയ അറിവുകളുടെ വാതായനങ്ങള്‍ തുറക്കപ്പെടും. ചന്ദ്രന്റെ പ്രതലത്തിലുള്ള ധാതുഘടന, ജലത്തിന്റെ അംശവും അളവും, പാറകളുടെ വിശദവിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുക എന്നതും ചന്ദ്രയാന്‍ 2ന്റെ പര്യവേഷണ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഈ ബൃഹത്പദ്ധതിയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ബഹിരാകാശരംഗത്ത് ഉറപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.
(ഐഎസ്ആര്‍ഒയിലെ
മുന്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: