പത്തനംതിട്ട : സിനിമ കലാരംഗങ്ങളില്‍ ഒട്ടനവധി കലാകാരന്മാരെ സമ്മാനിച്ച അടൂരിന്റെ മണ്ണില്‍നിന്നും സിനിമയേയും കലയേയും സ്നേഹിക്കുന്ന ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. മ്യൂസിക്കല്‍ ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളുടെയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന അടൂരിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ആല്‍ബമായ മാതളപ്പൂവ് റിലീസിനൊരുങ്ങുന്നു.
അടൂര്‍ സ്വദേശി പ്രിയേഷ് ചന്ദ്രന് നേതൃത്വം നല്കുന്ന ഈ കൂട്ടായ്മയുടെ വാസന്തരാവ്, മോഹം എന്നീ ആല്‍ബങ്ങള്‍ ഇതിനകം ജനശ്രദ്ധ നേടിയിരുന്നു. ആയുര്‍വേദ ഡോക്ടറും കലാകാരനുമായ അങ്കുഷ്.ജി ആണ് മാതളപൂവിന് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. അങ്കുഷ് തന്നെയാണ് വാസന്തരാവിന്റെയും സംഗീതവും ആലാപനവും നടത്തിയത്. ആദ്യ രണ്ട് ആല്‍ബങ്ങള്‍ ഡിനു അടൂരും മാതളപ്പുവ് അമല്‍ ജി കൃഷ്ണയുമാണ് സംവിധാനം ചെയ്തത്.
മൂന്ന് ആല്‍ബങ്ങള്‍ക്കും ക്യാമറ കൈകാര്യം ചെയ്തത് സിദ്ധാര്‍ത്ഥ രാജാണ്. മൂന്ന് ആല്‍ബങ്ങളുടെ ഓഡിയോ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് അടൂരിലെ ശലഭം മീഡിയ സ്റ്റുഡിയോയിലാണ്. ഡോ.ഹരിത വരികളെഴുതി അങ്കുഷ്, ചാന്ദ്നി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച മാതളപ്പുവില് പ്രിയേഷ്, ഹര്‍ഷ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സഞ്ജു ചിത്തിരയാണ് എഡിറ്റിംഗ്.
ഓണത്തോടനുബന്ധിച്ച് പുതിയ ആല്‍ബം റിലീസ് ചെയ്യാനാണ് കൂട്ടായ്മയുടെ തീരുമാനം. ശരത്.എസ്, അശ്വിന്, വിഷ്ണു അടൂര്‍, അജിത് കൃഷ്ണന് തട്ടയില്‍, ആതിര, ആര്‍ച്ച തുടങ്ങി അടൂരിലും സമീപപ്രദേശങ്ങളിലും ഉള്ള നിരവധി യുവാക്കള്‍ ഈ കൂട്ടായ്മയുടെ വിവിധ ആല്‍ബങ്ങളുടെ ഭാഗമായിട്ടുണ്ട്. യുവകൂട്ടായ്മക്ക് എല്ലാ പിന്തുണയുമായി വിമുക്തഭടന് കെ. അനില്‍ ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: