നായകനില്ലാത്തവന് വിനായകന്. അതിനാല്‍ സര്‍വതന്ത്രസ്വതന്ത്രനായ ലോകനായകന്. സമസ്ത ജീവഗണങ്ങളുടേയും ഈശന്, പതി ഗണേശന്, ഗണപതി. ദുഷ്ടന്മാരെ ശിക്ഷിക്കുന്നവനും പ്രതിബന്ധങ്ങളെ തീര്‍ക്കുന്നവനും മാത്രമല്ല, സര്‍ഗധനനായ കവിയും ജ്ഞാനവിജ്ഞാന പാരംഗതനുമാണ് വിനായകന്. സദ്കര്‍മ്മങ്ങളുടെ സമാരംഭം എവിടെയും വിനായകസ്മൃതിയോടെ, കീര്‍ത്തനത്തോടെ, പൂജയോടെ മാത്രം. ബൃഹസ്പതിയായും ബ്രാഹ്മണസ്പതിയായും വിദ്യാപതിയായും വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുന്ന വിനായകന് പ്രപഞ്ചത്തിന്റെ ചലനപരിണാമങ്ങള് സുഗമമാക്കുന്നു, സുസ്ഥിരമാക്കുന്നു. ഭാരതീയാധ്യാത്മികശാസ്ത്രത്തിലെ അസാധാരണ സവിശേഷതകളേറെയുള്ള അവതാരം!
ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ ചതുര്‍ഥി ദിവസം ഗണപതിയുടെ ജന്മദിനം. വിനായക ചതുര്‍ഥി ഗണേശോത്സവമായി ഭക്തര്‍ കൊണ്ടാടുന്നു. ഈ ദിവസം നിര്‍മിച്ചെടുത്ത ഗണപതി വിഗ്രഹം പൂജകളോടെ പുണ്യനദികളില്‍ നിമജ്ജനം ചെയ്യുന്നു. വിനായക ചതുര്‍ഥിക്ക് അത്തച്ചതുര്ഥിയെന്നും പകരം പദം. ദേശീയോത്സവമായി ഇത് മാറിയിരിക്കുന്നു.
ഗണപതി നാമം നാം ആദ്യം പരിചയപ്പെടുന്നത് ഋഗ്വേദത്തിലാണ്. ‘ഗണാനാം ത്വാ ഗണപതിം ഹവാമഹേ’ എന്നാരംഭിക്കുന്ന ഋക്ക് ശ്രദ്ധിക്കുക. ഗണപതിയുടെ പൂര്‍ണകായചിത്രം വേദം വരച്ചു കാട്ടുന്നുണ്ട്.
‘ഏകദന്തം ചതുര്‍ഹസ്തം
പാശമങ്കുശ ധാരിണം
രദം ച വരദം ഹസ്തൈര്‍
ബിഭ്രാണം മൂഷകധ്വജം
രക്തം ലംബോദരം
ശൂര്പ്പകര്ണകം രക്തവാസസം
രക്തഗന്ധാനുലിപ്താംഗം
രക്തപുഷ്പൈസുപൂജിതം
ഭക്താനുകമ്പിനം ദേവം
ജഗത്കാരണമച്യുതം
ആവിര്‍ഭൂതം ച സൃഷ്ട്യാ
ദൗ പ്രകൃതേ പുരുഷാത്പരം’
ഗുണത്രയാതീതന്, അവസ്ഥാത്രയാതീതന്, ദേഹത്രയാതീതന്, കാലത്രയാതീതന് എന്നീ വിശേഷണങ്ങളും ഭക്തിപുരസ്സരം ഓര്‍മിക്കുക. ശരീരം മഞ്ഞനിറം. കുറിയ ദേഹപ്രകൃതി. വലിയ വയറ്. കൂടാതെ ആനത്തലയും ഒറ്റക്കൊമ്പും നാലുകൈയും. ഇവയ്ക്കൊക്കെയും വൈദികമായ പാഠവും പൊരുളുമാണുള്ളത്. വിനായക ചതുര്‍ഥിക്കു പിന്നില്‍ അനേകം അര്‍ഥവാദ കഥകള്‍, പുരാണങ്ങളില്‍ വായിക്കാം. ഒരു ശുക്ലപക്ഷ ചതുര്ഥിയില് ശ്രീപരമേശ്വരന് സുബ്രഹ്മണ്യന് ഒരു പഴം തിന്നാന്‍ കൊടുത്തു. ഗണപതിയ്ക്ക് കൊടുത്തില്ല. അതുകണ്ട് ഊറിച്ചിരിച്ച ചന്ദ്രനെ ശപിച്ചുവെന്ന് ഗണേശപുരാണ കഥ. ചതുര്ഥിയില് ചന്ദ്രനെ കാണരുതെന്ന വിലക്ക് അതിനു ശേഷം.
മറ്റൊരു ജന്മദിനത്തില് ഗണപതി മൂഷികവാഹനനായി ഭക്തരുടെ വീടുകള്‍ സന്ദര്‍ശിച്ച് ധാരാളം മോദകം ഭക്ഷിച്ച് മടങ്ങുകയായി. ഒരു പാമ്പിനെ കണ്ടു പേടിച്ച് വാഹനമായ എലി ഒന്നു വിറച്ചു. ഗണപതി തെറിച്ചു താഴെ വീണ് വയറുപൊട്ടി. ഭക്ഷിച്ചതൊക്കെയും മണ്ണില്‍. ഒക്കെയും വാരി വയറ്റിലിട്ടിട്ട് ആ പാമ്പിനെ പിടിച്ച് വയറിനു ചുറ്റും കെട്ടിവെച്ചു. ഇതെല്ലാം ആകാശത്തു നിന്നു കണ്ട ചന്ദ്രന് പരിഹാസപൂര്‍വം ചിരിച്ചുവത്രെ. ക്ഷുഭിതനായ ഗണപതി കൊമ്പു പറിച്ച് ചന്ദ്രനെ എറിഞ്ഞു. ശാപം നല്കിയതിങ്ങനെ: ‘ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ.’
ബ്രഹ്മവൈവര്‍ത്ത പുരാണകഥയാണിത്. വ്യാസന്റെ ഭാരതം മുഴുവനും ഗണപതി തന്റെ കൊമ്പൊടിച്ച് എഴുതിക്കൊടുത്തുവെന്ന് മറ്റൊരൈതിഹ്യം.
സത്യം, ധര്‍മം, ശാന്തി, പ്രേമം എന്നിവയാണ് ഗണപതിയുടെ നാലു കൈകള്‍. ബുദ്ധിയും ഓര്മശക്തിയുമേറിയ മൃഗമാണ് ആന. അതിനാല്‍ ആനത്തല നമ്മുടെ വിഘ്നങ്ങളാകവേ വിഴുങ്ങാനുള്ളതാണ് ആ വലിയ വയറ്. വലിയ ആകാരമുള്ള ഗണപതിക്ക് ചെറിയ ജീവിയായ എലിയത്രേ വാഹനം. ഗണപതി സര്‍വഭക്ഷകനായ അഗ്നിയാണ്. അഗ്നി പണ്ട് ദേവന്മാരുടെ അടുത്തു നിന്നും ഓടി ഭൂമിക്കടിയില്‍ എലിയുടെ രൂപത്തില്‍ ഒളിച്ചിരുന്നുവെന്ന് തൈത്തരീയോപനിഷത്ത്.
അഗ്നിതത്ത്വവും പൃഥ്വിതത്വവുമാണ് എലി. -ഗണപതി ബന്ധത്തിലുള്ളത്. വൈദികം വിട്ട് ലൗകികത്തിലേക്ക് വന്നാല്‍ ചെറിയ മനുഷ്യരായ നമ്മള് ശരണാഗതരായാല് നമ്മളെ വാഹനമാക്കി, വേണ്ട സമയത്ത്, വേണ്ട സ്ഥലത്ത് ഗണപതി ഭഗവാന് നയിച്ചു കൊണ്ടു പോകും.
‘ഗം സ്വാഹ ‘ എന്ന് മൂലമന്ത്രം. ‘ഓം ഏകദന്തായ വിദ്മഹേ്യു വക്രതുണ്ഡായ ധീമഹീ ്യു തന്നോദന്തി: പ്രചോദയാത് ( ‘ഓം തത്പുരുഷായ വിദ്മഹേ’ എന്നും മന്ത്രം) എന്ന് ഗണേശഗായത്രി.
ഗണപതി ഭഗവാനെ ആരാധിച്ചു പൂജിക്കുന്നതിനു വേണ്ടി ഏറെ പ്രചോദനം നല്‍കിയത് ലോകമാന്യതിലകനാണ്. സ്വാതന്ത്ര്യസമരകാലത്ത് പൂനയിലാണ് ഈ ആരാധനക്രമം ആരംഭിച്ചത്. മലയാള ഭാഷയുടെ ശൈലീ നിഘണ്ടുവിലേക്ക് എത്രയെത്ര പ്രയോഗങ്ങളാണ് ഗണപതി ഭഗവാന് നല്‍കിയിരിക്കുന്നത്. ഗണപതിക്കൈ, ഗണപതി പ്രാതല്‍, ഗണപതിക്കു കുറിക്കുക, ചതുര്‍ഥി കാണുക … ഗണപതി ഭഗവാന്റെ സഹധര്‍മിണിമാരായ ബുദ്ധിയും സിദ്ധിയും തുണയ്ക്കട്ടെ എന്ന പ്രാര്‍ഥനയോടെ .. ‘ത്വം ബ്രഹമാത്വം വിഷ്ണുസ്ത്വം, രുദ്രസ്ത്വം, ഇന്ദ്രസ്ത്വം, അഗ്നിസ്ത്വം വായുസ്ത്വം സൂര്യസ്ത്വം, ചന്ദ്രമാസ്ത്വം. ബോധനവീകരണത്തിനാവട്ടെ വിനായക ചതുര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: