ഏറ്റവുമധികം ചൂഷണങ്ങള്‍ നടക്കുന്ന ഇടമാണ് സിനിമ മേഖല. അവസരങ്ങള്‍ക്കായി കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ സജീവമായി തന്നെ ഉണ്ട്. സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭങ്ങളെ കുറിച്ച് ഒരു ടിവി ചാനലില്‍ തുറന്നു പറഞ്ഞ് വിദ്യ ബാലന്. ‘ഒരു ദിവസം ചെന്നൈയില്‍ വച്ച് ഒരു സംവിധായകന് എന്നെ കാണാന്‍ വന്നു. ഞാന്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല. അത്തരത്തില്‍ ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്’.വിദ്യ പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ നിര്‍മാതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നുമെല്ലാം നേരിട്ട ബോഡിഷെയ്മിങ് അടക്കമുള്ള അപമാനങ്ങളെക്കുറിച്ചും വിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.
ആദ്യകാലങ്ങളില്‍ തമിഴ് ചിത്രത്തിലും വാക്കാല്‍ കരാറായിരുന്നു. അന്നൊക്കെ ഫോണില്‍ വിളിച്ചാണ് ചിത്രത്തില്‍ കരാര്‍ ഒപ്പിടുന്നത്. അന്ന് നേരിട്ടുവന്നു കാണുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ഞാന്‍ ചെന്നൈയില്‍ എത്തി ഒരു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. എനിക്ക് അസ്വസ്ഥത ഉഉണ്ടാക്കുന്നതായിരുന്നു അതിലെ ഹാസ്യം. എല്ലാം ദ്വയാര്‍ഥമുള്ള ഡയലോഗുകള്‍. അതൊരു സെക്സ് കോമഡി ആയിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു. ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അത് ഉപേക്ഷിച്ച് തിരിച്ചുവന്നു. അയാള്‍ പിന്നീട് എനിക്ക് ഒരു വക്കീല്‍ നോട്ടീസ് അയച്ചു. തുടക്കകാലത്ത് ആളുകള്‍ നമ്മളോട് മാന്യമായി പെരുമാറി എന്നു വരില്ല. അതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയല്ല എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നത്. ബഹുമാനം നല്കിയാല് തിരിച്ചുകിട്ടും എന്നായിരുന്നു എന്റെ മനസ്സില്‍. അവര്‍ എന്നോട് മോശമായി പെരുമാറി എന്നല്ല, പക്ഷേ, ഞാന്‍ അവര്‍ക്കൊപ്പം അസ്വസ്ഥയായിരുന്നു. ആ വക്കീല്‍ നോട്ടീസില്‍ ഭയവും ഇല്ലായിരുന്നു. അങ്ങനെ ആ കേസ് ഒത്തുതീര്‍ന്നു. ഇതൊക്കെ വലിയ അനുഭവങ്ങളായിരുന്നുവെന്നും വിദ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: