ഇനി കിളിപ്പാട്ടിലെ ഉത്തരരാമായണം മൂന്നാമദ്ധ്യായത്തിലേക്കുവരാം. ശ്രീരാമന് പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന് സംഭവിച്ച വിശേഷങ്ങള്‍ ഭരതനേയും ലക്ഷ്മണനേയും പറഞ്ഞുകേള്‍പ്പിച്ചു. അവരെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു. നിങ്ങളാണ് എന്റെ ആത്മാവ്. ഞാന്‍ രാജ്യം ഭരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്. എനിക്ക് അശ്വമേധയാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ അഭിപ്രായമെന്തെന്ന് പറയുക.
അപ്പോള്‍ അവര്‍ പറഞ്ഞു. ലോകോത്തമന്മാരായ മിത്രനും വരുണനും ചന്ദ്രനും കുബേരനും അശ്വമേധയാഗം ചെയ്തിട്ടുണ്ട്. പിന്നെ അവിടുന്നു വിചാരിച്ചാല്‍ ഒരു യാഗം ചെയ്യാനെന്തു പ്രയാസം? യാഗം ചെയ്യുന്നെങ്കില്‍ അശ്വമേധയാഗംതന്നെ ചെയ്യണം. എന്ന് സൗമിത്രി പറഞ്ഞു. അതിനുതെളിവായി ഒരു കഥയും പറഞ്ഞു.
പണ്ട് വൃത്രാസുരന് എന്നുപേരുള്ള ഒരസുരനുണ്ടായിരുന്നു. അവന് മുന്നൂറുയോജന പൊക്കമുള്ളതും അത്രയും വണ്ണമുള്ളതുമായ ശരീരം ഉണ്ടായിരുന്നു. ശത്രുക്കളെ ജയിക്കാന്‍ അവന് ഉഗ്രമായ തപസ്സുചെയ്തു.
ഇതറിഞ്ഞ് ഇവന് മൂന്നുലോകവും കീഴടക്കുമെന്നു ഭയന്ന ഇന്ദ്രന് പാലാഴിയിലെത്തി വിഷ്ണുഭഗവാനോടു സങ്കടമുണര്‍ത്തിച്ചു. വൃത്രാസുരനെ വധിച്ച് ദേവന്മാരെ രക്ഷിക്കണമെന്നപേക്ഷിച്ചു. അവന് തന്റെ ഭക്തനായതിനാല്‍ അവനെ താന്‍ വധിക്കുകയില്ലെന്നും ഇന്ദ്രന് ദധീചി മഹര്‍ഷിയെ സമീപിച്ച് അദ്ദേഹത്തിന്റെ അസ്ഥിവാങ്ങണമെന്നും അതുകൊണ്ട് വജ്രായുധം നിര്‍മ്മിച്ചാല്‍ വൃത്രാസുരനെ കൊല്ലാമെന്നും പറഞ്ഞു. ഇതുകേട്ട് രാഘവന് ഇങ്ങനെ പറഞ്ഞു. സൂര്യവംശത്തിനും ചന്ദ്രവംശത്തിനും തുടക്കക്കാരനായ ഇളന് എന്ന രാജാവ് സൈന്യവുമൊത്ത് മൃഗയാവിനോദത്തിനുപോയി. കാട്ടില്‍ പ്രവേശിച്ചപ്പോള്‍ രാജാവുള്‍പ്പടെ എല്ലാവരും സ്ത്രീകളായി മാറി. അങ്ങനെ ഇളന് ഇളയായി. പക്ഷേ സ്ത്രീയായി കഴിയുന്നത് ബുദ്ധിമുട്ടായിതോന്നിയ ഇള പാര്‍വ്വതിയെ പ്രീതിപ്പെടുത്തി ഒരു മാസം പുരുഷനായും ഒരു മാസം സ്ത്രീയായും കഴിഞ്ഞുകൊള്ളാന്‍ വരം നല്കി.
അങ്ങനെ സ്ത്രീയായിരിക്കുന്ന അവളെക്കണ്ട് ചന്ദ്രപുത്രനായ ബുധന്‍ അവളെ സ്വീകരിച്ചു. അതില്‍ നിന്നും പുരൂരവസ്സ് എന്ന പുത്രന് ജനിച്ചു. സോമവംശത്തിന്റെ സ്ഥാപകന്‍ പുരൂരവസ്സാണ്, പുരൂരവസ്സ് അശ്വമേധയാഗം നടത്തി ഇളയുടെ ശാപം മാറ്റി പുരുഷനായിത്തനെ കഴിയുവാന്‍ ഇടയാക്കി. ഇതാണ് അശ്വമേധമാഹാത്മ്യം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: