ന്യൂദല്‍ഹി: സിനിമ ചിത്രീകരണത്തിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ മഞ്ജു വാര്യരും സംഘവും പ്രളയത്തില്‍ കുടുങ്ങി. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന പ്രദേശത്താണ് സിനിമ ഷൂട്ടിങ് സംഘം കുടുങ്ങിയത്. സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഇവര്‍ ഇവിടെ എത്തിയത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരന് മധുവാര്യരെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മഞ്ജു വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചിട്ട് ഇപ്പോള്‍ കിട്ടുന്നില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 200 പേര് ഇവരോടൊപ്പം ഇതേ സ്ഥലത്ത് കുടുങ്ങിയിരിക്കുകയാണെന്നും ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും മധു പറഞ്ഞു. മഞ്ജുവിന്റെയും കൂട്ടരുടെയും കൈയ്യിലുള്ളത് രണ്ടു ദിവസത്തെ ഭക്ഷണം മാത്രമാണെന്നും മധു വാര്യര്‍ വ്യക്തമാക്കി.
ഹിമാലയന്‍ താഴ്വരയിലെ ഒരു ക്യാംപിംഗ് സൈറ്റാണ് ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ്വര്‍ക്കോ ലഭ്യമല്ല. മഞ്ജുവാര്യര്‍ അടക്കമുള്ള ഷൂട്ടിംഗ് സംഘം ഇവിടെ ടെന്റുകളിലായാണ് താമസിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും മേഖലയില്‍ ആരംഭിച്ചത്.
ദിവസങ്ങളായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 25 പേരാണ് മരിച്ചത്. അഞ്ഞൂറോളം പേര് ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: