തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് സുശീന്ദ്രന്. വെണ്ണിലാ കബഡി കുഴു, നാന് മഹാന് അല്ല, പാണ്ഡ്യ നാട്, പായും പുലി എന്നിവ ഉദാഹരണങ്ങളാണ്. ശശി കുമാറിനെ നായകനും ഭാരതിരാജയെ കേന്ദ്ര കഥാപാത്രവുമാക്കി അണിയിച്ചൊരുക്കിയ പുതിയ ചിത്രമായ ‘കെന്നഡി ക്ലബ്’ പ്രദര്‍ശന സജ്ജമായി. കബഡി മത്സരത്തെ പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം.
ഭാരതി രാജയും ശശികുമാറും കബഡി കോച്ചുകളായി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായകന് ശശികുമാറിന്റെ ഗുരുവായി വൈകാരികമായ ഒരു കഥാപാത്രത്തെയാണ് ഭാരതിരാജ അവതരിപ്പിക്കുന്നത്. അദ്ദേഹം അഭിനയിച്ചുവെന്ന് പറയുന്നതിനേക്കാള്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഗുരുവും ശിഷ്യനും ചേര്‍ന്ന് കബഡി ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതാണ് പ്രമേയം. നായിക മീനാക്ഷി രാജേന്ദ്രന് പുതുമുഖമായത് കൊണ്ട് അവര്‍ക്കു മാത്രം പ്രത്യേക പരിശീലനം നല്കി. അഭിനയിക്കുന്നത് യഥാര്‍ത്ഥ കബഡി താരങ്ങളാണ്. കളിയും ചിരിയും വൈകാരിക മുഹൂര്‍ത്തങ്ങളുമുള്ള ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ‘കെന്നഡി ക്ലബ്.’
ആര്.ബി. ഗുരുദേവ് ഛായാഗ്രഹണവും, ഡി.ഇമാന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തുപ്പറിവാളന്‍, സുട്ടു പുടിക്ക ഉത്തരവ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കബഡി മത്സരങ്ങള്‍ റിയലിസ്റ്റിക്കായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. സൂരി, നന്ദകുമാര്‍, മുരളി ശര്‍മ്മ, മാക് ബന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സില്‍വര്‍ സ്ക്രീന്‍ പിക്ചേഴ്സ് ആഗസ്റ്റ് 15 ന് കേരളത്തില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: