സമസ്ത ജീവലോകത്തിന്റേയും പ്രാതിനിധ്യഭാവം വാല്മീകി രാമായണത്തിന്റെ ഐതിഹാസിക ശോഭയെ പ്രവൃദ്ധമാക്കുന്നു. പ്രകൃതിയും മനുഷ്യനും പുലര്‍ത്തുന്ന ആന്തരികലയമാണ് ഭൗമജീവിതത്തെ എക്കാലവും ഉദഗ്രരമണീയമാക്കുന്നത്.
ദക്ഷിണഭാരതത്തിലെ വാനരരാജ്യമാണ് കിഷ്്കിന്ധ. ഋതുശോഭ പീലിവിടര്‍ത്തിയ ഐശ്വര്യസമൃദ്ധമായ മലമ്പ്രദേശം. ‘കിം കിം ദധാതി കിഷ്കിന്ധാ’ എന്ന് മേല്പുത്തൂര് നാരായണ ഭട്ടതിരി പ്രക്രിയാ സര്‍വസ്വത്തില്‍ പദനിരുക്തി നല്കിയിരിക്കുന്നു. ഇവിടെ എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് ഇവിടെയെല്ലാമുണ്ട് എന്നുത്തരം. രാമായണേതിഹാസ പ്രസിദ്ധിപെറ്റ വാനരരാജധാനി കിഷ്കിന്ധയില്‍. ഇതിഹാസത്തിലെ ആരണ്യസംസ്കൃതിക്ക് മാറ്റേറ്റുന്നത് കിഷ്കിന്ധ എന്നസ്ഥലരാശി.
ഗുണവാനും വീര്യവാനും ഇക്ഷ്വാകുവംശപ്രഭവനുമായ നരനെ ജീവിതത്തിന്റെ സമാനതയില്ലാത്ത സന്ദിഗ്ധസന്ധിയില് വാനരപ്പടയ്ക്കു നടുവില്കൊണ്ടു വന്നിരുത്തുകയാണ് ഋഷികവി. ആരണ്യകാണ്ഡം സംവിധാനം ചെയതത് ഋഷിമാരെങ്കില് കിഷ്കിന്ധാകാണ്ഡം വാനരരും. വിചിത്രകഥകളാല് വിസ്മയഭരിതമാണ് ഈ കാണ്ഡം. അധികാരരാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തില്‍ ബാലിയും സുഗ്രീവനും ഇടയിലൊരു ഹനുമാനും. ഇതിഹാസകാവ്യത്തിന് ഇതു പരഭാഗശോഭനല്കുന്നു.
കിഷ്കിന്ധയിലെ ഒരു പര്‍വതമാണ് ഋശ്യമൂകം. ബാലികേറാമലയെന്ന് മലയാള ശൈലി. രാമായണത്തിലെ ചടുലവും നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവങ്ങള്‍ ഈ നഗസ്ഥലിയിലാണ് അരങ്ങാടുന്നത്. അധികാരഭ്രഷ്ടനാവുക മാത്രമല്ല ഭാര്യ അപഹരിക്കപ്പെടുകയും ചെയ്ത, എല്ലാ നിലയിലും അപമാനിതനായ സുഗ്രീവനെയാണ് കബന്ധസൂചനയനുസരിച്ച് രാമലക്ഷ്മണന്മാര് കാണാനെത്തുന്നത്. രാമനും സുഗ്രീവനും തുല്യദുഃ ഖിതരല്ലേ? നരനും വാനരനും എല്ലാം മറന്നു നടത്തുന്ന സഖ്യം. ‘ഏകം ദുഃ ഖം സുഖം ച നൗ:’ (നമ്മുടെ രണ്ടാളുടേയും സുഖദുഃഖങ്ങളൊന്ന്). ഈ പ്രഖ്യാപനത്തോടെയാണ് സുഗ്രീവ സഖ്യം. രാമന് സുഗ്രീവനോടു പറഞ്ഞു: ‘ബാലിനം തം വധിഷ്യാമി തവ ഭാര്യാ പഹാരിണം’. അങ്ങയുടെ ഭാര്യാപഹാരിയായ ബാലിയെ ഞാന്‍ വധിച്ചു തരാം. സുഗ്രീവന്റെ മറുമൊഴി ഇങ്ങനെയും: ‘പത്നീ വിയോഗത്തില്‍ നിന്ന് താങ്കള്‍ താമസിയാതെ വിമോചിതനാകും. രാക്ഷസനാല്‍ അപഹരിക്കപ്പെട്ട വേദസംഹിത എന്ന പോലെ താങ്കളുടെ പത്നിയെ ഞാന്‍ തിരിച്ചു കൊണ്ടു വരും. ഈ പശ്ചാത്തലത്തില്‍ വേണം നാം ബാലി വധത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തേണ്ടതും.
വാല്മീകി രാമായണത്തിലെ വിശ്വമോഹന കഥാപാത്രമാണ് ഹനുമാന്. വാക്യജ്ഞനും വാക്യകുശലനുമായ ഹനുമാന് വ്യാകരണം, വൃത്തി, വാര്‍ത്തികം, മഹാഭാഷ്യം, ന്യായം, ഛന്ദസ്സ്, ഒക്കെയുമറിയും. ജ്ഞാനസാഗര പാരംഗതന്‍ തന്നെ. നൈഷ്ഠിക ബ്രഹ്മചാരി, ചിരഞ്ജീവി, കദളീവനവാസി, തപസ്വി. കിഷ്കിന്ധാകാണ്ഡം മുതല്‍ രാമായണം ഹനുമത്ചരിതം തന്നെ.
‘യത്രയത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലീം’
‘ദാസോഹം ദാസോഹ’ മുണ്ടല്ലോ, ഭക്തിസാഗരത്തിലെ വീചീവിക്ഷോഭം തന്നെ. സുഗ്രീവന് സീതാന്വേഷണത്തിനായി ഋശ്യമൂകത്തിന്റെ സമീപത്തുള്ള പ്രസ്രവണവനത്തില്‍ സൈന്യസജ്ജീകരണം നടത്തിക്കൊണ്ട് ഒരു നീണ്ട പ്രസംഗം. സുഗ്രീവന്റെ ഭൂമിശാസ്ത്ര വിജ്ഞാനമോര്ത്ത് നാം അന്തം വിട്ടു പോകും. സപ്തസാഗരങ്ങളും പഞ്ചഭൂഖണ്ഡങ്ങളും ഷഡൃതക്കളും ഋശ്യമൂകാചലത്തിലിരുന്ന് സുഗ്രീവന് കാട്ടിരുന്നു. രാമന് ചോദിച്ചു:
‘കഥം ഭവാന് വിജാനീതേ
സര്‍വം വൈമണ്്ഡലം ഭൂവ?’ അങ്ങ് ഭൂഗോളം മുഴുവനും അറിയാനിടയായിതെങ്ങനെ? സുഗ്രീവന് മുകളിലക്ക് നോക്കി. എല്ലാം അറിയുന്ന എല്ലാമെല്ലാമറിയിക്കുന്ന അച്ഛന്, കര്‍മസാക്ഷിയാകുന്ന സൂര്യന്, അവിടെയാണല്ലോ, ഇന്നലെയും നാളെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: