നല്ല വിശപ്പുണ്ടായിരുന്നിരിക്കണം
വസ്ത്രംപോലും മാറ്റാന്‍ നില്‍ക്കാതെ അരി കഴുകി വെള്ളത്തിലിട്ടു. തൊടിയില്‍നിന്നും മാങ്ങ പൊട്ടിച്ച് ചമ്മന്തിക്കുവേണ്ട പണി തുടങ്ങി. ഇടയ്ക്കെപ്പോഴോ ‘അരുണ്‍ കൃഷ്ണനെവിടെ’ എന്ന് കണ്ണു കൊണ്ടന്വേഷണം.
അവന് മുകളിലെ മുറിയില്‍.
സ്മാര്‍ട്ഫോണ്‍ വാങ്ങിക്കൊടുത്ത ശേഷം വലിയ തൊന്തരവില്ല. വാട്സാപ്പ് കണക്ഷനും ഫേസ്ബുക്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ആ ലോകത്താണിപ്പോള്‍.
ഇത് നേരത്തേ ആകാമായിരുന്നല്ലോ എന്ന് വല്ലഭി ഒരാലോചന മുന്നോട്ടുവെച്ചെങ്കിലും ഓരോന്നിന് ഓരോ സമയമുണ്ട് എന്ന് രാമശേഷന് ആശ്വസിച്ചു.
തങ്ങളിലാര്‍ക്കും ഇപ്പോള്‍ ചന്ദ്രന്റെ ദശാപഹാരങ്ങളില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു അയാള്‍. പിന്നെയെങ്ങനെ ഈ പുനഃസമാഗമം? കലണ്ടറില്‍ നോക്കിയപ്പോള്‍ നക്ഷത്രം രോഹിണി. ചന്ദ്രന്റെ നക്ഷത്രം. ചന്ദ്രന്റെ ഉച്ചരാശി. ചന്ദ്രന് നല്ല പക്ഷബലം. അതായിരിക്കാം ഹേതു എന്ന എണ്ണത്തില്‍ വല്ലഭിയുടെ അരികില്‍ ചെന്നു.
വിയര്‍പ്പിന്റെ രൂക്ഷഗന്ധം.
”പോയി കുളിച്ചു വരൂ…”
”ചോറ് കാലാവട്ടെ…”
”ഞാന്‍ നോക്കാം… പോയി വരൂ…”
വല്ലഭി കുളിക്കാന്‍ കയറി. പെട്ടെന്ന് കുളിച്ചു വന്നു. അപ്പോള്‍ വല്ലാതെ വെളുത്തിരിക്കുന്നതായി രാമശേഷന് കണ്ടു. ചുമലില്‍ തൊട്ടപ്പോള്‍ ശരിക്കും തുവര്‍ത്താത്തതിന്റെ ഈറന്‍.
”വേണ്ട…”, വല്ലഭി ഒഴിഞ്ഞു മാറി.
ചോറ് വല്ലാതെ കുഴഞ്ഞിരുന്നു. തന്റെ അശ്രദ്ധ! ശമയല്‍ ആരൂഢം ഓര്‍മ്മ വന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ തമിഴ്നാട്ടില്‍ ചെയ്യുന്ന ചെറിയ ജ്യോത്സ്യപ്പണി. ഗര്‍ഭിണിയെക്കൊണ്ട് അടുപ്പിന് കോലമെഴുതി കലത്തില്‍ ചോറു വെപ്പിക്കും. ചോറ് വെന്തു വരുന്നതുവരെ കുടുംബത്തിലെ പാടാനറിയുന്ന സ്ത്രീകള്‍ കീര്‍ത്തനങ്ങളാലപിക്കും. ചോറ് വെന്തുവരുമ്പോള്‍ കുഴഞ്ഞിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടി. മറിച്ചെങ്കില്‍ ആണ്‍കുട്ടി. ശമയല്‍ ആരൂഢം.
വല്ലഭി ഗര്‍ഭിണിയല്ല. ഇത് തന്റെ അശ്രദ്ധ!
”അവനെ വിളിക്കണ്ടേ”, വല്ലഭി ചോദിച്ചു.
”വിളിച്ചാലും അവന് വരില്ല…”
ഊണു കഴിഞ്ഞപ്പോള്‍ ഇരുവരും തൊടിയിലേക്ക് നടന്നു. തൊടിയില്‍ മരസമൃദ്ധിയാല്‍ ആവൃതമായിരുന്നു ആകാശം. ഒരു നെല്ലിച്ചുവട്ടില്‍ എത്തിയപ്പോള്‍ രാമശേഷന് വല്ലഭിയെ കോര്‍ത്തുപിടിച്ചു. പാതി വിരിഞ്ഞ നെല്ലിപ്പൂക്കള്‍ ശിരസ്സില്‍ വര്‍ഷം നടത്തി.
”പെട്ടെന്ന് തിരിച്ചുവരാന്‍ കാരണം?”
”എന്നായാലും വരേണ്ടതല്ലേ?”
”ഇനി എന്നെ തനിച്ചാക്കി പോകുമോ?”
ഇല്ല എന്ന് വല്ലഭി തലയാട്ടി.
മധ്യമരജ്ജുവില്‍ വിവാഹിതരെങ്കിലും അതിന്റെ നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിലുണ്ടെങ്കിലും പൂര്‍വജന്മത്തിന്റെ കോര്‍ത്തിണക്കങ്ങളാല്‍ വേര്‍പെടാനാവാത്തവിധം ബന്ധിതരാണവര്‍ എന്ന് ആരാണ് പറഞ്ഞത്? അങ്ങനെയൊരു ബന്ധപാശം ഉള്ളതുകൊണ്ടായിരിക്കും പോയ അതേ വേഗത്തില്‍ വല്ലഭി തിരിച്ചുവരുന്നത്.
അരുണ്കൃഷ്ണന് ഇറങ്ങി വന്നു. അമ്മയെ കണ്ടതിന്റെ ആശ്ചര്യം നിമിഷനേരം മുഖത്ത് നിഴലിച്ചു. അവന് ഒരുപക്ഷേ, ഒന്നും ചോദിച്ചില്ല. ഉമ്മറത്ത് കാത്തുനില്ക്കുന്ന കളിക്കൂട്ടുകാരന്റെ കൂടെ, കളിക്കാനാവണം, പോയി. പോകുന്നതിനു മുന്‍പ് സ്മാര്‍ട്ഫോണ്‍ ചാര്‍ജ്ജിലിട്ടു.
രാമശേഷനും വല്ലഭിയും മുതല്‍രാത്രിയുടെ ആനന്ദം വീണ്ടെടുത്തു. ആ നേരം പെട്ടെന്ന് ശാരിയെ ഓര്‍മ്മ വന്നു. സിസിലിയെ ഓര്‍മ്മ വന്നു. പിന്നെ?
വല്ലഭി സന്ധ്യാദീപം കത്തിച്ചു. ചന്ദനത്തിരി കത്തിച്ചു. എത്ര നാളായി ഈ വീട്ടില്‍ വിളക്കു കത്തിയിട്ട്! ചന്ദനത്തിരി ഗന്ധം ആസ്വദിച്ചു കൊണ്ടിരിക്കവെ ഒപ്പം പഠിച്ച ഗുണശേഖരന്റെ ഫോണ്‍. അടുത്ത വെള്ളിയാഴ്ച കൊറ്റംകുളത്തിക്കാവില്‍ അഷ്ടമംഗല പ്രശ്നം. തൃക്കണാംപൊറ്റയിലെ ബ്രഹ്മദത്തന് നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞന്. മൂന്നു സഹായികള്‍ വേണം. ഒരാളായി കൂടുന്നോ? ഉടനെ പറയണം.
രാമശേഷന് ആത്മവിശ്വാസം നഷ്ടപ്പെട്ടവനെപ്പോലെ ഇരുന്നു. സ്വന്തം ആവശ്യത്തിന് പ്രശ്നം വെക്കാന്‍ കവിടിയെടുത്തപ്പോള്‍ കൈവിറച്ചതാണ്. ഇഷ്ടദേവസങ്കല്‍പങ്ങള്‍ പോലും മറന്നുപോയ കൊള്ളരുതാത്തവനാണ് താന്‍. മനസ്സിന് ഉറപ്പില്ലാത്തവന്‍, വല്ലഭിക്കും ശാരിക്കും സിസിലിക്കും പിന്നെയും ആര്‍ക്കെല്ലാമോ ഇടയില്‍ ഊഞ്ഞാല് കെട്ടിയാടുന്നവന്… തനിക്ക് ദേവപ്രശ്നത്തില്‍ പങ്കെടുക്കാന്‍ എന്താണര്‍ഹത? പ്രമാണങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതാണോ?
ആലോചിക്കാന്‍ നിന്നില്ല. നേരത്തേ ഏറ്റുപോയ ഒരു തിരക്ക് പറഞ്ഞ് ഒഴിഞ്ഞു. വലിയ ദക്ഷിണ കിട്ടുമായിരുന്നു. ആ വിഷമം ബാധിച്ചില്ല.
വല്ലഭിയെ വീണ്ടു കിട്ടിയ സന്തോഷമായിരുന്നു.
രാത്രി പാതിയുറക്കത്തില്‍ അടിമൈ സെന്തില്‍ ദിനകരന് സാര്‍ അടുത്തുവന്നിരുന്നു.
”ഏല്‍ക്കാത്തത് നന്നായി…”, സാര്‍ അഭിനന്ദിച്ചു. ”ദേവപ്രശ്നം കുട്ടിക്കളിയല്ല…”
ഏതെങ്കിലും ക്ഷേത്രങ്ങളില്‍ പ്രശ്നത്തിന് ഏറ്റിട്ടുള്ളപ്പോഴെല്ലാം ഗുരുനാഥന് ഇത്ര ദിവസം എന്ന കണക്കില്‍ വ്രതം നോല്ക്കുമായിരുന്നു. ആ വ്രതശുദ്ധി കര്‍മ്മത്തില്‍ പ്രതിഫലിച്ചു.
”നീ സത്യവും നേര്‍മ്മയുമുള്ളവനാണ്” അദ്ദേഹം സമാശ്വസിപ്പിച്ചു. ”പിന്നെന്തിന് മനസ്സിന്റെ ഈ ചാഞ്ചാട്ടം?”
എന്റെ ഗ്രഹസ്ഥിതി മനഃപാഠമായ ഗുരുനാഥനാണോ അതറിയാത്തത്? അമാവാസിയില്‍ ജനനം. മനസ്ഥാനത്ത് കേതു. സ്ഥാനാധിപന്‍ മറഞ്ഞിട്ടും.
ആകെ പന്ത്രണ്ടു രാശികളും ഒമ്പതു ഗ്രഹങ്ങളുമുണ്ട്. ഏതേതു ഗ്രഹങ്ങള്‍ ഏതേതു ഭാവങ്ങളില്‍ നില്‍ക്കണം എന്നു തീരുമാനിക്കുന്നതാരാണ്? ആരാണ്? സാര്‍ക്കറിയാത്തതാണോ അത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: