തിരുവനന്തപുരം: മികച്ച നടിയായി പേരെടുത്ത മേനകയുടെയും പ്രശസ്ത നിര്‍മ്മാതാവും നടനുമായ സുരേഷ്കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തി. പുരസ്കാരം തെലുങ്ക് സിനിമയിലെ അഭിനയത്തിനാണെങ്കിലും മലയാളത്തിന്റെ അഭിമാനമായി കീര്‍ത്തി. സംസ്ഥാന പുരസ്കാരങ്ങള്‍ അമ്മ മേനകയ്ക്കു ലഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് ലഭിക്കാത്ത ദേശീയ പുരസ്കാരം തനിക്കു ലഭിച്ചതിലെ സന്തോഷത്തിലാണ് കീര്‍ത്തി. തിരുവനന്തപുരത്തെ തൈക്കാടുള്ള ഫഌറ്റില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് രാജ്യത്തെ മികച്ച നടി ജന്മഭൂമിയോട് മനസ്സുതുറക്കുന്നു.
ദേശീയ പുരസ്കാരത്തിന്റെ നിറവില്‍ നില്ക്കുമ്പോള് ആരെയാണ് ഓര്‍മ്മിക്കുന്നത്?
അമ്മയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ പുരസ്കാരം ലഭിക്കാത്തതിലുള്ള പ്രയാസം പലപ്പോഴും അമ്മയ്ക്ക് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അമ്മയ്ക്ക് വേണ്ടി ഈ പുരസ്കാരം വീട്ടില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രതീക്ഷിച്ചില്ലെങ്കിലും അത് സംഭവിച്ചു.
മഹാനടിയിലെ അഭിനയം വെല്ലുവിളി നിറഞ്ഞതായിരുന്നോ?
മഹാനടി എന്ന തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭാഷ പ്രശ്നമായിരുന്നു. ഇതിന്റെ ഡബ്ബിങ് പൂര്‍ത്തീകരിക്കാന്‍ തന്നെ 11 ദിവസമെടുത്തു. ചിത്രം പൂര്‍ത്തിയാക്കിയത് ഒന്നര വര്‍ഷം ഷൂട്ട് ചെയ്താണ്. ശരിക്കും സിനിമാ ചിത്രീകരണം ഒരു യാത്രയായിരുന്നു. യുവത്വം, കല്യാണം, അമ്മ തുടങ്ങിയ കാലഘട്ടങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോള്‍ അതിനനനുസരിച്ച് ശരീരത്തിനും മാറ്റം ഉണ്ടാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. വണ്ണം കൂട്ടിയും കുറച്ചും നിരവധി ട്രയലുകള്‍ ചെയ്യേണ്ടതായി വന്നു. പഴയ സാരികള്‍ ശേഖരിച്ചു. സിനിമയില്‍ ഉപയോഗിച്ച മിക്ക സാരികളും ഇതിന് വേണ്ടി നിര്‍മിച്ചവയാണ്.
ആഗ്രഹിച്ച കഥാപാത്രമാണോ മഹാനടിയില്‍ ലഭിച്ചത്?
മഹാനടിയിലേത് ആഗ്രഹിച്ചു ലഭിച്ച കഥാപാത്രമല്ല. ഇങ്ങനെ ഒരു കഥാപാത്രത്തെ പറ്റി ചിന്തിച്ചിട്ടുപോലുമില്ല. തേടി വരുന്ന കഥാപാത്രങ്ങള്‍ വിചാരിക്കുന്നതിലും മികച്ചതായിരിക്കും. ഇതുപോലെയാണ് ഈ സിനിമയിലും സംഭവിച്ചത്. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച സംവിധായകന് ഉള്‍പ്പടെയുള്ളവര്‍ക്ക് നന്ദി പറയുന്നു.
ദക്ഷിണേന്ത്യയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇനി താത്പര്യം?
മലയാളവും തമിഴും അടങ്ങുന്ന സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ കൂടെയും തമിഴില്‍ വിജയ് സേതു പതിക്കൊപ്പവും അഭിനയിക്കാനാണ് താത്പര്യം.
മലയാളത്തില്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
മലയാളത്തില്‍ നിന്നും പോയിട്ടില്ല. ആദ്യ ചിത്രം മലയാളത്തിലായിരുന്നു. നിലവില്‍ തമിഴ്, തെലുങ്കു തുടങ്ങിയ ചിത്രങ്ങളുടെ എണ്ണം കൂടിയതോടെ മലയാളത്തില്‍ സജീവമാകാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. മലയാളത്തില്‍ ഇറങ്ങാന്‍ പോകുന്ന കുഞ്ഞാലിമരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: