ബ്രഹ്മര്‍ഷി വിശ്വാമിത്രനൊത്ത് രാമലക്ഷ്മണന്മാര് മിഥിലയിലെ യാഗശാലയിലെത്തി. കുമാരന്മാരെ കണ്ടിട്ട് ജനകമഹാരാജാവ്, ഇങ്ങനെ അത്ഭുതപ്പെട്ടു:
ഇമൗ കുമാരൗ ഭദ്രം
ദേവതുല്യ പരാക്രമൗ
അശ്വിനാവിവ രൂപേണ
സമുപസ്ഥിത യൗവനൗ
ഈ കുമാരന്മാരിരുവരും തുല്യപരാക്രമികള്‍ തന്നെ. സൗന്ദര്യത്തില്‍ അശ്വനീകുമാരന്മാര്. യൗവനം വന്നു ചേര്‍ന്നിരിക്കുന്ന ഇവര്‍, എന്തിന് കാല്‍നടയായി വന്നു.
വിശ്വാമിത്രന്: ‘പുത്രൗ ദശരഥസ്യേ തൗ’ ദശരഥ സുതന്മാര്‍. അങ്ങയുടെ സുപ്രസിദ്ധമായ ധനുസ്സു കാണാന്‍ ഇവര്‍ക്ക് ഇച്ഛയുണ്ട്.
ജനകസദസ്സ്. സീതാസ്വയംവരം. ബന്ധുമിത്രാദികളുടെ സാന്നിധ്യം. സീത, ഊര്‍മിള, മാണ്ഡവി, ശ്രുതകീര്‍ത്തി എന്നീ വധുക്കള്‍. വരന്മാരോ, രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്നനും. സീതയെ രാമനെ ഏല്‍പ്പിച്ചു കൊണ്ട് ജനകന് ഇങ്ങനെ പറഞ്ഞു: ‘രാമാ, ഇതാ എന്റെ മകള്‍ സീത. ഈ വിവാഹ നിമിഷം മുതല്‍ അവള് നിന്റെ ധാര്‍മിക പഥത്തില്‍ സഞ്ചരിക്കും. അവളെ സ്വീകരിക്കൂ. അവള് ക്ഷേമം, ശാന്തി, ആനന്ദം ഇവ കൊണ്ടു വരും. നിന്റെ കൈകൊണ്ട് അവളുടെ കൈപിടിക്കൂ. ഈ നിമിഷം മുതല്‍ അവള് എന്നും നിന്റെ നിഴലാണ്.’
വിശ്വാമിത്രന്റെ തിരോധാനം. വടക്കോട്ട് ഹിമാലയത്തിലേക്ക് മഹര്‍ഷിയുടെ യാത്ര. നാം പിന്നീട് രാമായണത്തില്‍ വിശ്വാമിത്രനെ കാണുന്നേയില്ല. തന്റെ വേഷം ഭംഗിയായി ആടിത്തിമിര്‍ത്ത് അരങ്ങൊഴിയുന്നു. ആരാണ് സീത? ഊര് , പേര്, കുലം, ജാതി, മാതാപിതാക്കള്‍, ജനനതീയതി ഒക്കെയും അജ്ഞാതം. ഉഴവു ചാലില്‍ കിടന്ന കുട്ടിയെ ജാതി നോക്കാതെ ജനകന് വളര്‍ത്തി. ജനകന് വിദേഹാധിപതിയാണ്. വിദേഹി എന്നാല്‍ ദേഹാഭിമാനമില്ലാത്തവന്‍ എന്നര്‍ഥം. അങ്ങനെയുള്ള ഒരു മഹാനുഭാവനു മാത്രവേ, ഇങ്ങനെയൊരു സദ്കര്‍മം ചെയ്യാനാന്കഴിയൂ. സീതാശബ്ദത്തിന് ഭൂമിയുമായാണ് ബന്ധം. ഭൂമിസുതയാണ് സീത. ഋഗ്വേദത്തില്‍ സീതാശബ്ദമുണ്ട്. കലപ്പ എന്ന അര്‍ഥത്തില്‍. ശതപഥബ്രാഹ്മണത്തിലും സീതാപദം കാണാം. സീത ബ്രഹ്മതത്വ ബോധമാണ്. പ്രകൃതിയാണ്. വിശ്വമാതൃത്വത്തിന്റെ ശാ്വശീകൃത സത്യമാണ്.
വൈദിക സംജ്ഞ പില്ക്കാലത്ത് സ്ത്രീനാമമായി മാറിയെന്നു പറയാം. സീതാരാമന്മാരുടെ ഗാര്‍ഹസ്ഥ്യം നാരദന്റെ വാക്കുകളിലിങ്ങനെ:
‘യാതൊന്നു യാതൊന്നു
പുല്ലിംഗ വാചകം
വേദാന്തവേദ്യതന്‍
സര്വവുമേവ നീ
ചേതോവിമോഹന
സ്ത്രീലിംഗ വാചകം
യാതൊന്നതൊക്കവേ
ജാനകീ ദേവിയും
സീതാദേവി ഒരിക്കല്‍ ശ്രീരാമചന്ദ്രനോടു പറഞ്ഞ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ന പിതാ, നാത്മജോ, ന മാതാ, ന സഖീജന.. നാരീണാം പതിരേ കോ ഗതിഃ സദാ’. ഇഹപരലോകങ്ങളില്‍ സ്ത്രീക്ക് എല്ലാം ഭര്‍ത്താവു മാത്രം. അച്ഛനല്ല, മക്കളല്ല, അമ്മയല്ല, തോഴികളുമല്ല. കണവനെ കണ്‍കണ്ട ദൈവമായി കാണുന്ന ഒരു ഭര്‍തൃമതിയുടെ ഹൃദയം നാം ഇവിടെ കാണുന്നു. ആര്‍ഷ സംസ്കൃതിയിലെ സ്ത്രീ സങ്കല്പത്തിന്റെ വിശ്വോത്തര മാതൃകതന്നെ സീതാദേവി.
കൗസല്യയും സീതയും തമ്മിലുള്ള ഈ സംഭാഷണം അമ്മായിഅമ്മയും മരുമകളും തമ്മിലാണെന്നോര്ത്ത് ശ്രദ്ധിക്കുക.
കൗസല്യ: ‘പൂര്‍വ ജന്മത്തിലെ ദുഷ്കൃതം ഹേതുവായിട്ടാണ് ഈ ജന്മത്തില് ഉത്തമ പ്രസൂതകളല്ലാത്ത സ്ത്രീകള്‍ ഭര്ത്താക്കന്മാരെ അനാദരിക്കുന്നത്. കാട്ടിലയക്കപ്പെട്ട എന്റെ പുത്രന് ഭവതിയാല് അവമതിക്കപ്പെടരുത്. അവന് രാജ്യമില്ല. ധനമില്ല. സഹായികളില്ല. എങ്കിലും അവന് ഭവതിക്ക് പ്രത്യക്ഷ ദൈവമായി വിളങ്ങട്ടെ.’
സീത: ‘പാതിവ്രത്യപാഠം പഠിക്കാത്തവരുടെ കൂട്ടത്തില്‍ അവിടുന്ന് എന്നെ ഉള്‍പ്പെടുത്തരുത്. ചന്ദ്രനെ വെടിഞ്ഞ് നിലാവിന് നിലനില്‍പ്പില്ല. കമ്പിയില്ലാതെ വീണ ശബ്ദിക്കുകയില്ല. എത്ര സന്താനങ്ങളുണ്ടായാലും ഭര്ത്താവില്ലാത്തവള് സുഖമനുഭവിക്കുകയില്ല.’ ഭാരതസ്ത്രീയുടെ ഭാവശുദ്ധി സീതയില്‍നിന്നും പഠിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: