ദശരഥരാജകുമാരന്മാരുടെ അകക്കണ്ണു തുറപ്പിക്കാന്‍ ബാല്യകൗമാരങ്ങളിലെത്തിയ ആശാന്മാര് നിരവധി. അവരെയെല്ലാവരും തന്നെ ഋഷീശ്വരന്മാരും. കുലഗുരുവായ വസിഷ്ഠനാണ് ഒന്നാമത്. സുമന്ത്രരൊത്ത് പഠനയാത്ര നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ വലിയ മാറ്റങ്ങള്‍. മകന് ശാന്തനും നിശ്ശബ്ദനുമായതില് രക്ഷിതാക്കള്‍ കഠിനമായി വ്യസനിച്ചു. ഒരു കേവല ബാലനില്‍ ഒരിക്കലും ഉണ്ടാവാനിടയില്ലാത്ത അസംഖ്യം സന്ദേഹങ്ങള്‍ രാമനില്‍.
ആരാണ് അമ്മ? ആരാണ് മകന്? ശരീരം എന്താണ്? വസ്തുനിഷ്ഠമായ ലോകം സത്യമാണോ? സന്ദേഹനിവാരണത്തിന് കുലഗുരു തന്നെയെത്തി. ശ്രീരാമനും വസിഷ്ഠ മഹര്‍ഷിയും നടത്തിയ ആശയസംവാദം, യോഗവാസിഷ്ഠം എന്ന് അറിയപ്പെടുന്നു. രാമഗീതയെന്ന് വ്യവഹരിക്കുന്നതും ഇതു തന്നെ.
വിശ്വാമിത്ര മഹര്‍ഷി ഒരുനാള്‍ അയോധ്യയിലെത്തി യാഗരക്ഷാര്‍ഥം രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്ന് ദശരഥമഹാരാജാവിനോട് അഭ്യര്‍ഥിച്ചു. ദശരഥന് പറഞ്ഞു: ‘ഋഷേ എന്റെ രാമന് പതിനാറു വയസ്സു തികഞ്ഞിട്ടില്ല.’ധര്‍മസങ്കടത്തിലായ മഹാരാജാവിനോട് വസിഷ്ഠന് ഇങ്ങനെ പറഞ്ഞു: ‘വിശ്വാമിത്രന് ഭവാനോട് പുത്രനെ യാചിക്കുന്നത് പുത്രന്റെ നന്മയ്ക്കു വേണ്ടിയാണ്’. രാമലക്ഷ്മണന്മാര് വിശ്വാമിത്രനെ പിന്തുടര്ന്ന് സരയുവിന്റെ ദക്ഷിണ തടത്തിലെത്തി.
കഥകള്‍ പറഞ്ഞും കാര്യങ്ങളറിഞ്ഞും ചരിത്രപഥങ്ങള് കണ്ടും മുത്തച്ഛനും പേരക്കുട്ടികളും പോലെയുള്ള കാല്‍നടയാത്ര. ആദ്യദിനം തന്നെ സദ്ഗുരുനാഥന്, രണ്ടു വിദ്യകള്‍ കുമാരന്മാര്ക്ക് ഉരുവിട്ട് ഉറപ്പിച്ചു കൊടുത്തു. ബലയും അതിബലയും. വിശപ്പും ദാഹവും ഇല്ലാതാകുന്ന ഒറ്റമൂലികളെന്ന നിലയില്‍ മാത്രമാണ് പില്ക്കാല രാമായണ കഥാകാരന്മാര് ഈ മന്ത്രങ്ങളെ പരിഗണിച്ചത്. മന്ത്രഗുണങ്ങളെ വാല്മീകി മഹര്‍ഷി പരിമിതപ്പെടുത്തിയിട്ടില്ല. മന്ത്രഗുണങ്ങളിങ്ങനെ: ഉറക്കത്തില്‍ പോലും രാക്ഷസര്‍ അടുത്തെത്തില്ല. മൂന്നു ലോകങ്ങളിലും അതുല്യബലവാന്മാരാകും. എന്തിലും അന്തിമവിജയമുണ്ടാകും.
ദാക്ഷിണ്യം, സൗന്ദര്യം, ബുദ്ധി എന്നിവ പ്രവൃദ്ധമാകും., വിശപ്പും ദാഹവും ഇല്ലാതാകും. സരയൂ തീരത്തവര്‍ അന്തിയുറങ്ങി. ഹംസതൂലികാശയ്യ വെടിഞ്ഞ് വെറും പുല്‍പ്പരപ്പില്‍. രാവിലെ വിശ്വാമിത്രന് വിളിച്ചുണര്‍ത്തുന്നു.
കൗസല്യാ സുപ്രജാ രാമ
പൂര്‍വസന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം
‘കൗസല്യാ സുതനായ രാമാ, നേരം വെളുപ്പായി. എഴുന്നേല്ക്കൂ വീരാ, പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കൂ’.
ആര്‍ഷകുലങ്ങളിലെല്ലാം പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ഭഗവദ്വചനങ്ങള്‍ മുഴങ്ങിയിരുന്നു. കുട്ടികള്‍ അവ കണ്ടും കേട്ടും വളരുകയായി. അങ്ങനെ വളരുമ്പോള്‍, വിശാല മാനുഷ്യകത്തിന്റെ പ്രതീകങ്ങളുണ്ടാകും. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പ്രഥമപ്രരോഹങ്ങള്‍ മുളയ്ക്കും. ‘നരശാര്‍ദൂലാ’ എന്ന വിശ്വാമിത്രന്റെ വിളി യുദ്ധകാണ്ഡം വരെ മുഴങ്ങുകയായി. താടകാവധത്തിനു ശേഷം യാഗരക്ഷ. ജനകപുരിയിലേക്കുള്ള യാത്ര. ഇടയില്‍ മിഥിലയുടെ ഉപവനങ്ങളിലൊന്നില്‍ ഗൗതമാശ്രമം. അഹല്യ ശിലയായെന്നോ, രാമന് ചവിട്ടിയെന്നോ വാല്മീകി രാമായണം പറയുന്നില്ല. ഗൗതമമുനി അഹല്യയെ ശപിച്ചതിങ്ങനെ: ‘നീ, ഇതേസ്ഥലത്ത് വായു വിഴുങ്ങി, ഒന്നും കഴിക്കാതെ വെന്തു വെന്ത്, വെണ്ണീറില്‍ കിടന്ന് ആരും നോക്കാനില്ലാതെ, കഴിഞ്ഞു കൂടുക’.ചവിട്ടുകയല്ല, രാമന് നമസ്ക്കരിക്കുകയാണ് ചെയ്തത്.
‘രാഘവൗതു തതസ്തസ്യാ പാദൗ ജഗൃഹീതുര്മുദാ’
രാഘവന് ആയമ്മയുടെ കാല് തൊട്ട് സസന്തോഷം വണങ്ങി. അഹല്യാ, ഗൗതമ കഥ ഒരു വൈദിക രൂപകമാണ്. അഹല്യയെ ഹല്യയാക്കുക. ഊഷരതയെ ഉര്വരതയാക്കുക.സുജലയും സുഫലയുമാക്കുക.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: