അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതേവരെ ഒരുസര്‍ക്കാരും ചെയ്യാത്ത നടപടികള്‍. കശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കി. അമര്‍നാഥ് തീര്‍ത്ഥാടകരെ മടക്കി അയച്ചു. സ്കൂളുകള്‍ക്ക് 10 ദിവസം അവധി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും കശ്മീരി പതാകക്കുപകരം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം. പട്ടാളത്തെ കല്ലെറിയുന്നവരെ വെടിവയ്കാന്‍ ഉത്തരവ്. രണ്ടും കല്പിച്ചുള്ള വന്‍ സൈനികനീക്കത്തിനാണ് ഒരുക്കം. കശ്മീര്‍ കത്തിക്കുമെന്ന് ഭീഷണിമുഴക്കിയ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കി. എല്ലാ വീടുകളിലും കര്‍ശന പരിശോധന നടത്തി തീവ്രവാദികളെ സൈന്യം ഉന്മൂലനം ചെയ്യുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ അടിയന്തര യോഗം വിളിക്കുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരിലേക്ക് പോകുന്നു. എന്തൊക്കെയോ നടക്കും എന്ന തോന്നല്‍ എല്ലായിടത്തും.
പാക്കധീന കശ്മീര്‍ പാക്കിസ്ഥാനില്‍നിന്നും പിടിച്ചെടുത്ത് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കല്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍. ജമ്മു -ലഡാക്ക് മേഖലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം. ലോകസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം. താഴ്വരയില്‍നിന്നും ആട്ടിയോടിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം. രാജ്യം പ്രതീക്ഷിക്കുന്ന ഏതൊക്കെ കാര്യങ്ങള്‍ രണ്ടാം മോദിസര്‍ക്കാര്‍ സഫലമാക്കും എന്ന ആകാംക്ഷയിലാണ് ജനം. ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുകയും സംസ്ഥാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു. പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെയും ഭീകരരുടെയും സംയുക്ത ഒളിപ്പോര് സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം അഥവാ ബാറ്റ്. വേഷംമാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം അക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കുന്നത്. ഇവര്‍ കേരാനിലെ ഒരു ഇന്ത്യന്‍ സൈനിക പോസ്റ്റ് അക്രമിക്കാനും ശ്രമിച്ചു. പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്നും, ഇത്തരത്തില്‍ നിയന്ത്രണ രേഖ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധവും തിരിച്ചടിയും നേരിടേണ്ടിവരുമെന്നും സൈന്യം മുന്നറിയിപ്പും നല്കി. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ വെളുത്ത പതാകയുമായി വന്നാല്‍ വേണമെങ്കില്‍ തിരികെകൊണ്ടു പോകാമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞതില്‍ എല്ലാമുണ്ട്.
ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെയും ലക്ഷ്യമിട്ടിരുന്നതിനാല്‍ സംസ്ഥാനത്തെ തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശം നല്‍കിയത് കഴിവുകേടായി ചിലര്‍ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ കഴിവുകേടിന് പകരം ശക്തമായ നടപടിക്കുള്ള മുന്നൊരുക്കം ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് നുഴഞ്ഞുകയറ്റക്കാരുടെ വധം. പാക് സൈനിക പരിശീലന കേന്ദ്രങ്ങളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി ഇന്ത്യ അന്താരാഷ്ട്ര വേദികളിലടക്കം പലതവണ ഉന്നയിച്ചിട്ടുള്ളതുമാണ്. അങ്ങനെ പരിശീലനം കിട്ടിയവരാണ് നുഴഞ്ഞുകയറിയത് എന്ന് ഇന്ത്യ പറഞ്ഞുകഴിഞ്ഞു. ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്ന പതിവ് ന്യായമാണ് പാക്കിസ്ഥാന് നടത്തിയത്. ജനീവ കരാറിന്റെ ലംഘനം ആണിതെന്നും പാക്കിസ്ഥാന് ആരോപിച്ചു. ഏതായാലും ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ വാക്കുകളായിരിക്കും ലോകം വിശ്വസിക്കുക. ഏതായാലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ക്കായി ലോകം കാത്തിരിക്കുകയാണ്. നടപടികള്‍ എന്തായാലും ഇനി കശ്മീരില്‍ സമാധാനത്തിന്റെ നാളുകള്‍ ആഗതമാവുകയാണ്. ഒപ്പം കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്. അതങ്ങനെതന്നെ ആയിരിക്കുമെന്ന് കരുത്തുള്ള ഒരു ഭരണകൂടം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളേയും ലോകത്തേയും മനസ്സിലാക്കികൊടുക്കാന്‍ പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: